ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 14. മലബാറിലെ മാപ്പിളമാരെക്കുറിച്ച്
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക് ഉൾക്കൊള്ളാനാവില്ലെങ്കിൽ
1800കളിൽ ദക്ഷിണ മലബാറിൽ നടമാടിയ മാപ്പിള ആക്രമങ്ങളെക്കുറിച്ച് ഈ എഴുത്തുകാരൻ ആഴത്തിൽ ഉള്ള പഠനത്തിന് പോയിട്ടില്ല. എന്നാൽ വല്ലപ്പോഴുമെല്ലാം മറ്റ് പലതും വായിക്കുന്നതിന് ഇടയിൽ ഈ വക കാര്യങ്ങളും കണ്ണിൽ വന്നുപെടാറുണ്ട്.
ഈ വിധ എഴുത്തുകളിൽ പ്രാദേശികരായ വ്യക്തികൾ എഴുതുന്നവയിൽ ചിലത് ഹൈന്ദവ പക്ഷക്കാരും മറ്റുചിലത് മുഹമ്മദീയ പക്ഷക്കാരും എഴുതിയത് ആവാം. ഇവയിൽ മിക്കതും കേരളീയർ എന്ന് ഇന്ന് നിർവ്വചിക്കാവുന്നവർ ആയതിനാൽ, ഈ സംഭവ വികാസം കേരളത്തിലാണ് നടന്നത് എന്ന മട്ടിലുള്ള ഒരു പൊതുവായുള്ള ധാരണ പരത്തുന്നതുമാതിരിയുള്ള ഒരു സ്വരവും കണ്ടിട്ടുണ്ട്.
എന്നാൽ വാസ്തവം കൃത്യമായി പറയുകയാണ് എങ്കിൽ ഈ സംഭവം കേരളം പിറക്കുന്നതിന് മുൻപ് നടന്ന സംഭവവും, ദക്ഷിണ മലബറിന്റെ ചരിത്രത്തിൽ ഉള്ള കാര്യവും ആണ്. തിരുവിതാംകൂറുമായി കാര്യമായ ബന്ധം യാതൊന്നും ഈ സംഭവത്തിന് ഇല്ലതന്നെ.
ഇന്ന് ഹൈന്ദവം പക്ഷത്ത് നിൽക്കുന്നവർ യഥാർത്ഥത്തിൽ യഥാർത്ഥ ഹിന്ദുകൾ ആവണമെന്നില്ല. എന്നാൽ എഴുത്തിന്റെ സ്വരത്തിലും ഭാവത്തിലും മാപ്പിള തെമ്മാടികൾ എന്നും ബൃട്ടിഷ് ദുഷ്ടരെന്നും മാറിമാറി പറഞ്ഞുകൊണ്ട് നീങ്ങുന്ന എഴുത്തിൽ തെമ്മാടികളായ മാപ്പിളമാരെ ദുഷ്ടരായ ബൃട്ടിഷുകാർ അടിച്ചുതമർത്തി ചമ്മന്തിയാക്കിയെന്ന ഭാവം കാണുന്നില്ലേ എന്ന ഒരു സന്ദേഹം വരാറുണ്ട്.
അതേ സമയം മുഹമ്മദീയ പക്ഷത്തുള്ളവർ എഴുതുന്നത് ഏതാണ്ട് ഒരു യുദ്ധരംഗത്തിന്റെ ലൈവ് കമന്ററി പറയുന്നത് പോലെയാണ്. സമൂഹത്തിൽ ഹിന്ദുക്കളായ ദുഷ്ടന്മാരായ ഭൂജന്മികളും മറ്റും. അവരോട് മാപ്പിളമാർ നിരന്തരം പോരാടുന്നു. ദുഷ്ടരായ ബൃട്ടിഷുകാർക്ക് മാപ്പിളമാരോട് കഠിനമായ വെറുപ്പാണ്. മാപ്പിളമാർ ബൃട്ടിഷ് കൊളോണിയൽ വാഴ്ചക്കെതിരായി പോരാടുന്നു. പോരാട്ടത്തെ നേരിട്ടു കൊണ്ട് ബൃട്ടിഷുകാർ മാപ്പിളമാരെ അടിച്ചമർത്തുന്നു.
ഈ വിധങ്ങളായ ചരിത്രമെഴുത്തിനേക്കാൽ കൃത്യതയും സൂക്ഷ്മമായുള്ള കാര്യബോധവും ഉള്ള എഴുത്തുകൾ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല. ഉണ്ടാവാം. ഈ എഴുത്തുകാരൻ ഈ വക കാര്യങ്ങളെ ആഴത്തിൽ പഠിക്കാൻ പോയിട്ടില്ലാത്തതിനാൽ ആ വിധ എഴുത്തുകൾ കണ്ടെത്തിയിട്ടില്ല എന്നുമാത്രം.
എന്നാൽ ഈ എഴുത്തുകാരൻ എപ്പോഴും എടുത്തു പറയാറുള്ള ഫ്യൂഡൽ ഭാഷയുടെ സാന്നിദ്ധ്യത്തെക്കുറിച്ചും, ഇങ്ഗ്ളിഷ് ഭരണത്തിന്റെ ആത്മാർത്ഥതയെക്കുറിച്ചും അവരുടെ ഉന്നതങ്ങളായ സാമൂഹിക സങ്കൽപ്പങ്ങളെക്കുറിച്ചും, ഭരണചക്രം നടത്തിപ്പുചെയ്യുന്ന ഇങ്ഗ്ളിഷ് ഭരണം പ്രാദേശിക അധികാരി കുടുംബങ്ങളെ ആശ്രയിക്കേണ്ടിവന്നതിനെക്കുറിച്ചും, അടിയാളത്തം അഥവാ നിർബന്ധ ബഹുമാനം നൽകൽ എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു മറ്റും എവിടേയും എഴുതിയതായി കണ്ടിട്ടില്ല.
എന്നാൽ ഈ വിധ കാര്യങ്ങൾ സാമൂഹികവും വ്യക്തിപരവും ആയ പ്രകോപനങ്ങളിൽ വ്യക്തമായി പ്രവർത്തിച്ചിട്ടുണ്ട് എന്നതിന്റെ സൂചനകൾ ആ വിധ എഴുത്തുകളിൽ കാണുന്നുണ്ട് തന്നെ.
സമൂഹത്തിനെ ഇങ്ഗ്ളിഷ് ഭാഷാ പരമായുള്ള നീതിന്യായ വ്യവസ്ഥിയിലേക്ക് വലിച്ചു നീട്ടാൻ ഇങ്ഗ്ളിഷ് ഭരണം പാടുപെടുമ്പോൾ, സാമൂഹികമായി തമ്മിൽ പിണഞ്ഞുകിടക്കുന്ന പലവിധ വ്യക്തി ബന്ധങ്ങളിലും വലിവും തിരിവും മറിച്ചിടലും മറ്റും സംഭവിക്കും. ഈ ഒരു കാര്യം ഇങ്ഗ്ളിഷ് ഭരണ പക്ഷത്തിന് മനസ്സിലാക്കാൻ പറ്റില്ല.
അതേ സമയം ഈ വിധ പ്രശ്നങ്ങളെ ഒതുക്കാനായി പ്രാദേശിക ഉന്നതരും ഭൂജന്മികളും മറ്റും പലവിധ കുരുട്ടുവിദ്യകൾ നടത്തും. ഈ വിധ കാര്യങ്ങളും ഇങ്ഗ്ളിഷ് ഭരണത്തിന് അറിവു ലഭിക്കില്ല. കാരണം, അവരുടെ കീഴിലുള്ള മിക്ക ഉന്നത ഉദ്യോഗസ്ഥരും പ്രാദേശിക ഉന്നത കുടുംബക്കാർ ആയിരുന്നിരിക്കാം. ഇവരിൽ ചിലരെല്ലാം മുഹമ്മദീയരും ആയിരിക്കാമെങ്കിലും അവരും കീഴ്ജന മാപ്പിളമാരിൽ നിന്നും അകന്നുനിൽക്കുന്നവർ തന്നെയാവാം.
ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ കീഴിൽ പണിയെടുക്കുകയോ അയാളിൽ നിന്നും സ്ഥലം പാട്ടത്തിന് എടുക്കുകയോ മറ്റെന്തെങ്കിലും വിധേനെ അയാളോട് കടപ്പെട്ടുപോകുകയോ ചെയ്യുകയാണ് എങ്കിൽ അവർ രണ്ടുകൂട്ടരും തമ്മിലും, പോരാത്തതിന് അവർ രണ്ടുകൂട്ടരുടേയും പക്ഷത്തുള്ള ബന്ധജനങ്ങളും മറ്റും തമ്മിലും ഉള്ള You, He, She എന്നവാക്കുകളുടെ രൂപങ്ങളിൽ അമാനുഷികമായ ഭാവ വ്യത്യാസം വന്നുചേരും എന്ന കാര്യം ഇങ്ഗ്ളിഷ് ഭരണത്തിന് ഒട്ടും തന്നെ മനസ്സിലായില്ല.
മനസ്സിലായിട്ടുണ്ട് എങ്കിൽ, ആ വിധ വാക്കുകളുടെ ഭാവ വ്യത്യാസങ്ങളുടെ അവിശ്വസിനീയമായ ഭാരവും ഊക്കും ആഴവും ഉയരവും മറ്റും അവർക്ക് അറിവ് ലഭിച്ചിട്ടുണ്ടാവില്ല.
ഇനി ഈ എഴുത്തിൽ ദക്ഷിണ മലബാറിൽ അന്ന് സംഭവിച്ച മാപ്പിള ആക്രമണങ്ങളുടെ പിന്നണിയിൽ സാമൂഹിക വ്യവസ്ഥയിൽ ഉള്ള ചില അതീവ സങ്കീർണ്ണമായ കാര്യങ്ങളെ വിവരിക്കാൻ തയ്യാറാവുകയാണ്. ഈ വിവരണം എത്രമാത്രം വിജയകരമാകും എന്ന് ഇപ്പോൾ തീർത്തുപറയാൻ ആവില്ല.
ഈ എഴുത്ത് ഇപ്പോൾ Mr. Strangeന്റെ റിപ്പോട്ടിനെ വിശകലനം ചെയ്യുന്ന ഇടത്താണ് വന്നുനിൽക്കുന്നത്. Mr. Henry Conollyയെ ചില മാപ്പിള വ്യക്തികൾ ജയിൽലിനിന്നും ചാടിവന്ന് വെട്ടിക്കൊന്ന ഇടത്ത് ഈ എഴുത്ത് എത്തിയിട്ടില്ല. എന്നാൽ ആ സംഭവം നടന്ന കാലത്തിനപ്പുറത്തേക്ക് ഈ എഴുത്ത് ചെറുതായി ഒന്ന് എടുത്തുചാടിയേക്കാം.
QUOTE from the words of Mr. Strange:
The natural result was that “the Hindus, in the parts where outbreaks have been most frequent, stand in such fear of the Mappillas as mostly not to dare to press for their rights against them, and there is many a Mappilla tenant who does not pay his rent, and cannot, so imminent are the risks, be evicted. Other injuries are also put up with uncomplained of.
ആശയം : അക്രമങ്ങൾ നടന്ന പ്രദേശങ്ങളിലെ ഹിന്ദുക്കൾ മാപ്പിളമാരെ കഠിനമായി ഭയപ്പെട്ടാണ് ജീവിച്ചിരുന്നത്. അവരോട് മാപ്പിളമാർ എന്തെങ്കിലും മുന്നോട്ട് വച്ചാൽ അവര് തിരിച്ച് യാതോരു പ്രതികരണത്തിനും മുതിരില്ല. പല മാപ്പിള കുടിയാന്മാർ അവർ നൽകേണ്ടുന്ന പാട്ട സംഖ്യ നൽകില്ല. എന്നാൽ ഹിന്ദു ജന്മികൾ അവർക്ക് പാട്ടം നൽകിയ കൃഷിസ്ഥലത്തിൽ നിന്നും അവരെ പുറത്താക്കില്ല. കാരണം, അങ്ങിനെ ചെയ്താൽ ഉണ്ടായേക്കാവുന്ന അപകടം ഭയാനകമായിരിക്കാം. അവർ നേരിടുന്ന മറ്റ് വേദനകളും മറ്റും അവർ സഹിക്കും എന്നല്ലാതെ അവർ പരാതിപ്പെടില്ല.
END
ഈ മുകളിൽ നൽകിയ ഉദ്ദരണിയിൽ പറയുന്ന കാര്യങ്ങളിൽ വാസ്തവം ഉണ്ട്. എന്നാൽ ഇതിനേക്കാൾ ആഴത്തിൽ മറ്റൊരു വാസ്തവം കൂടിയുണ്ട്. ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ് ഈ പ്രദേശങ്ങളിൽ അനവധി രാജ്യങ്ങൾ ആണ് ഉണ്ടായിരുന്നത്. അവ ഓരോന്നിലും ഒറ്റപ്പെട്ടു നിൽക്കുന്ന വൻ വീടുകളും, ആ വീടുകളുടെ കീഴിൽ, പല തട്ടുകളായി അനവധി ജനങ്ങളും.
കീഴിൽ ഓരോ തട്ടിലും ഉള്ള വ്യക്തികൾക്ക് വ്യക്തമായ അധികാരങ്ങളോ, അടിമത്തമോ ഉണ്ടാവും. ആരിലും യാതോരു പ്രശ്നവും ഇല്ല. തമ്മിലടിയും യുദ്ധങ്ങളും മറ്റും, മറ്റ് രാജ്യക്കാരോടും, രാജാക്കളോടും, രാജകുടുംബക്കാരോടും, വാഴുന്നോരോടും വൻകിട ഭൂജന്മികളോടും മറ്റും മാത്രം.
ഈ അനവധി രാജ്യങ്ങളേയും രാജാക്കളേയും രാജകുടുംബക്കാരേയും, വാഴുന്നോർമാരേയും ഭൂജന്മികുടുംബങ്ങളേയും മറ്റും നിർവ്വീര്യമാക്കി, അവർക്കെല്ലാം സ്വൈര്യമായി ജീവിക്കാനുള്ള പെൻഷനും നൽകി, അവരുടെ കീഴിൽ പെട്ടവരിൽ പലർക്കും സാമൂഹികമായി വളരാനും ആത്മാഭിമാനത്തോടെ ജീവിക്കാനും ഉള്ള സാമൂഹികാന്തരീക്ഷം ഇങ്ഗ്ളിഷ് ഭരണം സൃഷ്ടിച്ചെടുത്തു തുടങ്ങിയപ്പോൾ പുതിയ പ്രശ്നങ്ങൾ ആണ് വളർന്നുവന്നത്.
ഈ വിധമായുള്ള ഒരു കെട്ടഴിച്ചുവിടൽ പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റുന്ന ഒരു ഭാഷാ അന്തരീക്ഷം അല്ല ഫ്യൂഡൽ ഭാഷകൾ സൌകര്യപ്പെടുത്തുന്നത്.
ഇങ്ഗ്ളിഷ് ഭരണത്തിന് മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ വ്യത്യസ്തമായിരുന്നു സാമൂഹിക വാസ്തവം. ഇന്നും ഇത് സത്യമാണ്.
ഈ വിഷയത്തിനെ ഇപ്പോൾ പിന്തുടരാൻ ഉദ്ദേശിക്കുന്നില്ല.
സാമൂഹിക യാഥാർത്ഥ്യങ്ങൾ കീഴ്ജനത്തിന് ഇങ്ഗ്ളിഷ് ഭരണത്തിന് മനസ്സിലാക്കിക്കൊടുക്കാൻ വളരെ പ്രയാസം തന്നെയായിരുന്നു.
കീഴ്ജന മാപ്പിളമാർ നിത്യവും നേരിടുന്നതും കാണുന്നതും അനുഭവിക്കുന്നതുമായ വാസ്തവം സാമൂഹിക കുഴിയിൽ മനുഷ്യൻ പെട്ടുപോയാലുള്ളവയാണ്.
എന്നാൽ അതേ സമയം അവരുടെ മുകളിൽ നിൽക്കുന്ന അവരുടെ മേൽനോട്ടക്കാരായ നായർമാരും അമ്പലവാസികളും, ഹിന്ദുക്കളും (നമ്പൂതിരിമാരും) അനുഭവിക്കുന്ന വെപ്രാളം മറ്റൊന്നാണ്. അത് സാമൂഹിക കുഴിയൽ പെട്ടുകിടക്കുന്നവൻ മുകളിൽ ഉള്ളവരെ വാക്ക് കോഡുകളാൽ കുഴിയിലേക്ക് പിടിച്ചിടും എന്ന ഭയവും വെപ്രാളവും ആണ്.
Saiyid Fazl തങ്ങളെക്കുറിച്ച് ഇവിടെ ചെറുതായി ഒന്ന് പ്രതിപാദിക്കേണ്ടിയിരിക്കുന്നു.
ഒരു ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥൻ ഇദ്ദേഹത്തെക്കുറിച്ച് റിപ്പോട്ട് ചെയ്തതിൽ ഈ വിധം ഒരു വാചകം കാണുന്നുണ്ട് പോലും:
QUOTE:
............. refusing to recognize any dignity .................Just like his father he criticised practices like kissing the hand, prostrating before the sheikh etc. ........................
ആശയം: ഇദ്ദേഹം വലിയ ആൾ എന്ന സങ്കൽപ്പത്തെ അംഗീകരിക്കില്ല. .......... കൈകൾ ചുമ്പിക്കുക, ഷെയ്ക്കിന് മുന്നിൽ കുമ്പിടുക തുടങ്ങിയ പെരുമാറ്റങ്ങളെ ഇദ്ദേഹം എതിർത്തിരുന്നു. END.
ഈ സ്വഭാവ വൈശിഷ്ഠ്യം മൌലിക ഇസ്ലാം ആശയവും മുഹമ്മദിന്റെ മാനസിക ആശയത്തെ അംഗീകരിക്കലും ആയേക്കാം. എന്നാൽ ഇതേ കാര്യം മലബാറിൽ നടപ്പിൽ ആക്കാൻ ശ്രമിച്ചാൽ വൻ വിപത്തുതന്നെ സമൂഹത്തിൽ പടർന്നേക്കാം.
ഇദ്ദേഹം കീഴ്ജനവംശങ്ങളിൽ നിന്നും ഇസ്ലാമിലേക്ക് കയറി മാപ്പിളയായവർക്ക് ചില നിർദ്ദേശങ്ങൾ നൽകിപോലും.
You എന്ന വാക്കിന്റെ ബുഹുവചന രൂപത്തിലുള്ള, ദാസ്യഭാവം സൂചിപ്പിക്കുന്ന, ബഹുമാന വാക്കായ 'ഇങ്ങൾ' എന്ന വാക്ക് നായർമാരോട് കീഴ്ജന മാപ്പിളമാർ ഉപയോഗിക്കേണ്ടതില്ലാ എന്ന് ഇദ്ദേഹം നിർദ്ദേശിച്ചു പോലും.
(ഇവിടെ 'ഇങ്ങൾ' എന്ന വാക്കാണ് ഇദ്ദേഹം തടഞ്ഞുവച്ചത് എന്ന് ഈ എഴുത്തുകാരൻ അനുമാനിച്ചെടുക്കുകയാണ്. കാരണം, ഈ വിഷയവുമായി ബന്ധപ്പെട്ട വിവരം ഇങ്ഗ്ളിഷ് എഴുത്തുകളിൽ നിന്നുമാണ് കണ്ടെത്തിയത്. ആ എഴുത്തുകളിൽ honorific 'you' (in the plural-achara vakku) എന്നാണ് എഴുതിക്കാണുന്നത്.)
പോരേ പൂരം? ഇന്ന് പോലീസ് ശിപായിയെ സാർ എന്ന് വിളിക്കരുത് എന്ന് ആളുകളോട് പറഞ്ഞതുടങ്ങിയാൽ തന്നെ പോലീസ് ശിപായിമാരിൽ വൻ വിരോധവും അന്ധാളിപ്പും വരുത്തും. എന്നാൽ അവരെ 'നിങ്ങൾ' എന്ന് പോലും സംബോധന ചെയ്യേണ്ടുന്ന ആവശ്യം ഇല്ലാ എന്നും, മറിച്ച് അവരെ 'നീ' എന്ന് സംബോധന ചെയ്താൽ മതിയെന്നും പറഞ്ഞാലത്തെ കാര്യം ഒന്ന് ആലോചിക്കുക.
മനസ്സിലാക്കേണ്ടത്, ഈ വിധമായുള്ള ഒരു നിർദ്ദേശവും പരിശീലനവും ഇസ്ലാമിൽ ചേർന്ന കീഴ്ജന വംശങ്ങളിൽ പെട്ടവർക്കാണ് Saiyid Fazl നൽകിയത് എന്ന് ഓർക്കുക. അതേ സമയം സ്വന്തം നാട്ടിലെ ഷെയ്ക്കുമാരോടും ആരും അടിയാളത്തം കാണിക്കേണ്ടുന്ന ആവശ്യം ഇല്ലാ എന്ന് സിദ്ധാന്ധീകരിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം എന്നതും വാസ്തവം തന്നെ.
ദക്ഷിണ മലബാറിലെ നായർമാർ ശരിക്കും വെപ്രാളപ്പെട്ടിരിക്കും. അവർക്ക് പിന്നെയുള്ള മാർഗ്ഗം ഇങ്ഗ്ളിഷ് ഭരണത്തിനെക്കൊണ്ട് ഇദ്ദേഹത്തെ ഓടിച്ചുവിടുക എന്നത് മാത്രമാണ്. അവരെ കുറ്റം പറയാനും ആവില്ല.
എന്നാൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപാണ് Saiyid Fazl തങ്ങൾ ഈ വിധമായുള്ള ഒരു പൊട്ടിത്തെറി നിർദ്ദേശം കീഴ്ജനവംശങ്ങൾക്ക് നൽകിയത് എങ്കിൽ ഇദ്ദേഹത്തെ നായർമാർ എന്തു ചെയ്യുമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളു.
ഇന്നത്തെ പോലീസ് ശിപായിമാരുടെ അതേ സാമൂഹിക നിലവാരത്തിൽ ഉള്ളവർ ആണ് അന്ന് നായർമാർ എങ്കിലും, അവർക്ക് കീഴ്ജനങ്ങളെ വെട്ടിമുറിക്കാനുള്ള അവകാശം അന്ന് ഉണ്ടായിരുന്നു എന്നും ഓർക്കുക.
അവരാണ് അന്നത്തെ Law and Order machineryയിലെ പോലീസ് ശിപായി നിലവാരക്കാരും ഒരു പരിധിവരെ ന്യായാധിപന്മാരും മേൽനോട്ടക്കാരും മറ്റും.
2. പട്ടാളത്തിന്‍റെ തലപ്പത്ത് പ്രാദേശികർ
3. കാട്ടുമൃഗത്തിന്‍റെ കടിയേറ്റതു പോലുള്ള
4. വടക്കൻ രാഷ്ട്രീയക്കാരെ മഹാത്മാക്കളാക്കി
6. കോമാളി സത്യഗ്രഹത്തെക്കുറിച്ചും
8. ബൃട്ടിഷ്-ഇന്ത്യയിൽ പുതുതായി
9. മലബാറിലെ മാപ്പിള സംഘടനകളുടെ
10. ബൃട്ടിഷ്-മലബാറിനെ വടക്കനിന്ത്യൻ
11. ഇങ്ഗ്ളിഷ് ഭരണത്തിനോട് കൂറുള്ള
12. വടക്കൻ പ്രദേശങ്ങളിലെ വിഭാഗീകത
13. ഉപദ്വീപിന്‍റെ വടക്കുള്ളവരുടെ കീഴിലേക്ക്
14. സ്വപക്ഷത്യാഗികളുടെ വിളനിലമായി മാറിയ
16. ബ്രാഹ്മണർക്ക് നിയന്ത്രിക്കാനോ
17. ഇന്ത്യൻ പൊതുവിദ്യാഭ്യാസത്തിൽ
18. കാര്യവിവരം ഇല്ലാതെയുള്ള ഒരു
19. മനസിൽ ഏതോ ബ്രഹ്മതാളത്തിന്‍റെ താളം
20. മുഹമ്മദീയ മതത്തിലേക്ക് ചേർന്നവരെ
21. ബൃട്ടിഷ്-ഇന്ത്യയെ ജനാധിപത്യം എത്തിച്ചത്
22. മുസ്ലിം ലീഗിന് എതിരായുള്ള ഒരു മുഹമ്മദീയ
23. രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റുമുട്ടിയവർ
24. മലബാറിൽ മാപ്പിളസ്ഥാൻ എന്ന ചിന്താഗതി
25. വടക്കൻ കുട്ടിനേതാക്കൾ മലബാറുകാരെ
26. ദക്ഷിണേഷ്യയെ ജിന്നപക്ഷത്തിനും നെഹ്റു
27. മാപ്പിള ലഹളയെ വിശാലമായി ഒന്ന് നോക്കാം
28. പ്രാദേശിക സമൂഹത്തിൽ ഇസ്ലാം വൻ
29. മാപ്പളിമരോട് Malabar Manualലിൽ ഒരു
31. കീഴ്വ്യക്തി ധിക്കാരിയാകും എന്ന ഭയം
32. സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞവർ
33. അടിമത്തത്തിൽനിന്നും രക്ഷനേടിയവർക്ക്
34. Saiyid Fazl തങ്ങളെക്കുറിച്ച് പറയാനായുള്ള
35. ദിവ്യവ്യക്തിയെ സാമൂഹിക നേതാവായി
36. 180° എതിർ കൊണുകളിൽ നിൽക്കുന്ന
37. പരസ്പരവിരുദ്ധവും ആശയക്കുഴപ്പം
39. സാമൂഹിക താൽപ്പര്യങ്ങളിൽ ഉണ്ടായിരുന്ന
40. ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ, ദ്രുവങ്ങൾ
41. മലബാറുകളിലെ സമൂഹങ്ങളിൽ നിലനിന്നിരുന്നു
42. കാഴ്ചപ്പാടുകളിലെ വ്യത്യാസം
43. Mr. Strangeന് യാതൊന്നും മനസ്സിലായില്ലാ
44. മുഹമ്മദിന്‍റെ പ്രതിരൂപങ്ങൾ ആല്ലാത്തവർ
45. കയറൂരിവിടുന്നതിനെ ഭാഷാകോഡുകൾക്ക്
46. വാക്കുകളുടെ ഒരു ഒഴുക്കിൽ പെട്ട്
47. സാമൂഹിക യാഥാർത്ഥ്യങ്ങളെ ശ്രദ്ധിക്കാതെയുള്ള
48. ഉന്നത വിവരമുള്ളവർ നടത്തുന്ന