ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
13. ആശയ വിനിമയത്തിലെ കൂടാരങ്ങൾ
ഇങ്ഗ്ളിഷുകാർക്കിടയിൽ പണ്ട് കാലങ്ങളിലും, ഒരു പരുധിവരെ ഇപ്പോഴും, വളരെ പരിമിതമായി കണ്ടിരുന്ന ഒരു ഭാവമാണ് സംരംഭകത്വം (entrepruenership) എന്നത് എന്നാണ് തോന്നുന്നത്.
എന്നാൽ ഇന്ത്യയിലെ കാര്യം നേരെ വിപരീതമാണ്. സ്വകാര്യ സ്ഥാപനത്തിലെ ഏതു തൊഴിലുകാരനും ആവുമെങ്കിൽ ഏത് പഴുതുപയോഗിച്ചും വ്യാപാരിയോ വ്യവസായിയോ മറ്റോ ആയിമാറണം എന്നത് ഒരു നിത്യഭിലാക്ഷമാണ്.
ആളാവണം അതായത് വലിയ ആളാവണം എന്നത് ഫ്യൂഡൽ ഭാഷാകോഡുകളിൽ ഒരു അത്യാവശ്യ കോഡിങ്ങ് തന്നെയാണ്. ഇങ്ഗ്ളിഷിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിൽ You- You, Your - Your, Yours - Yours, He - He, His - His, Him - Him എന്ന തമ്മിൽ നേരെ നോക്കാനാവുന്നതും, ഒരേ സ്വര ഭാവത്തിൽ തമ്മിൽ സംസാരിക്കാനാവുന്നതുമായ വാക്ക് കോഡിങ്ങാണ് ഉള്ളത്.
അതേ സമയം പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ, ഉയരവും താഴ്ച്ചയും നിലനിർത്തിയും മറ്റുള്ളവരെ അക്കാര്യം അറിയിച്ചും തന്നെ വേണം നിത്യവും സാമൂഹത്തിലും തൊഴിൽ സ്ഥാനത്തും ജീവിക്കേണ്ടത്. ഇത്, ഒരു വ്യക്തിയെ മാത്രമല്ല, മറിച്ച് അയാളുടെ ബന്ധുജനത്തെപ്പോലും ബാധിക്കും.
തൊഴിലാളി നീയും, അവനും, അവളും മറ്റുമാണെങ്കിൽ, ആ വ്യക്തിയുടെ ഭാര്യയും / ഭർത്താവും, സഹോദരനും സഹോദരിയും, ചിലപ്പോൾ മാതാപിതാക്കളും ഇതേ നിലവാരക്കാർ തന്നെയാവാൻ നിർബന്ധിതരാകും.
IASസുകാരൻ സാറാണ്. അപ്പോൾ ആ ആളുടെ ഭാര്യയും അമ്മയും അമ്മാവിയും മാഡം ആണ്. അതുപോലെ.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ എഴുത്തിന്‍റെ ഒന്നാം വോള്യത്തിലെ 15ആം അദ്ധ്യായത്തിൽ (ആത്മാഭിമാനവും മറിച്ചിടാനുള്ള വെപ്രാളവും) എഴുതിയിട്ടുണ്ട്.
ഈ വിവരവുമായി ബന്ധപ്പെട്ടുകൊണ്ട് 1985ൽ Bangaloreൽ വച്ച് ഒരു വ്യാപാരി പറഞ്ഞകാര്യം ഓർക്കുന്നു. അയാൾ പറഞ്ഞത് ഈ വിധമാണ്:
വിദ്യാഭ്യാസപരമായി യാതോരു യോഗ്യതയും ഇല്ലാത്ത ഒരു ചെറുപ്പക്കാരനെ തന്‍റെ വ്യാപാരത്തിൽ ഓഫിസ് തൊഴിലിൽ ചേർത്താൽ 'അവനെ' വളരെ ശ്രദ്ധിക്കേണ്ടിവരും. കാരണം, ആ ചെറുപ്പക്കാരൻ തന്‍റെ വ്യാപാര രഹസ്യങ്ങൾ ഏതുവിധത്തിലെങ്കിലും ചോർത്തിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും.
കിട്ടുന്നു വ്യാപാര രഹസ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് മറ്റൊരു വ്യാപാര പ്രസ്ഥാനം തുടങ്ങാനും, പോരാത്തതിന്, ആ ആവശ്യത്തിനായി ആരുടെ മുന്നിലും കുനിയാനും ദാസ്യഭാവം നടിക്കാനും 'അവൻ' മടിക്കില്ല. കാരണം, 'അവൻ' തന്‍റെ കീഴിൽ തന്നെ ഒരു പകുതി അടിമയും, അടിയാളിയും തന്നെയാണ്.
അതേ സമയം കുറച്ച് പഠിപ്പും ഇങ്ഗ്ളിഷ് പരിജ്ഞാനും ഉള്ള വ്യക്തിയെ ഇതേ തൊഴിലിൽ വച്ചാൽ, ആ വ്യക്തി പെട്ടെന്നൊന്നും മറ്റൊരു പ്രസ്ഥാനം തുടങ്ങാനുള്ള വെപ്രാളം കാണിക്കില്ല. കാരണം, ആ ആൾക്ക് കാണുന്നവരോടെല്ലാം അടിയാളത്തവും ദാസ്യഭാവവും നടിക്കാൻ പ്രയാസം തന്നെയായിരിക്കും. ഇവിടെനിന്നും കിട്ടുന്ന ചെറുകിട ബഹുമാനങ്ങൾ നഷ്ടപ്പെടുത്താൻ അയാൾ ധൈര്യപ്പെടില്ല.
ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു കാര്യം പറയാം.
ഫ്യൂഡൽ ഭാഷാ സമൂഹം ഇങ്ഗ്ളിഷ് സമൂഹത്തിൽ നിന്നും വളരെ വ്യത്യസ്തമാകുന്ന മറ്റൊരു ചിത്രം ഉണ്ട്.
ഇങ്ഗ്ളിഷ് സമൂഹത്തിൽ വ്യക്തികൾ ഒരു തരം പരന്ന പീഠഭൂമി പ്രകൃതത്തിൽ ആണ് നിൽക്കുന്നത്.
അതേ സമയം, ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ കാണുന്ന ദൃശ്യം മറ്റൊന്നാണ്. കുറെ പിരമിഡുകൾ പോലെയോ മുകളിലോട്ട് കൂർത്തുനിൽക്കുന്ന കൂടാരങ്ങൾ മാതിരിയോ ഉള്ള കുറെ വ്യക്തകളുടെ കൂട്ടായ്മയാണ് ഇവിടെ. എന്നുവച്ചാൽ, ഒരു വലിയ അദ്ദേഹവും, അയാളുടെ കീഴിൽ പടിപടിയായി താഴേക്ക് നീങ്ങുന്തോറും വികസിക്കുന്ന ഒരു തരം ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി.
അതായത്, താഴെക്ക് നീങ്ങുന്തോറും ആളുകളുടെ എണ്ണം ഓരോ പടിയിലും കൂടിക്കൂടി വരും.
ഇങ്ങിനെയുള്ള കുറേ പിരമിഡുകളോ കൂടാരങ്ങളോ ആണ് ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷം.
ഇങ്ങിനെയുള്ള കൂടാരങ്ങളിലെ വ്യക്തികൾ തമ്മിൽ സംസാരിക്കുമ്പോൾ, രണ്ട് കാര്യങ്ങൾ ഓട്ടാമാറ്റിക്കായി ശ്രദ്ധിക്കും. ഒന്ന് കൂടാരങ്ങളുടെ ആപേക്ഷിക ഉയരങ്ങൾ.
ഉദാഹരണത്തിന്, ഒരു ഉന്നത വക്കിലും ആ ആളുടെ കീഴിലുള്ള വ്യക്തികളും നിൽക്കുന്ന കൂടാരവും, ഒരു സ്വകാര്യ ഡോക്ടറും ആ ആളുടെ കീഴിൽ ഉള്ള വ്യക്തികളും നിൽക്കുന്ന കൂടാരവും ഏതാണ്ട് ഒരേ സാമൂഹിക ഉയരത്തിൽ ഉള്ളതാവും.
അതേ സമയം ഇതേ വക്കീൽ നിൽക്കുന്ന കൂടാരവും, തൊട്ടടുത്തുള്ള ചെറുകിട ചായപ്പീടികയുടെ മുതലാളി നിൽക്കുന്ന കൂടാരവും തമ്മിൽ ഉയര വ്യത്യാസം നിലനിൽക്കാം.
ആദ്യത്തെ കൂടാരങ്ങളിലെ രണ്ടാം നിലവാരക്കാർക്ക് ഭാഷാ വാക്കുകളിൽ പലപ്പോഴും സമത്വത്തോടുകൂടി തമ്മിൽ സംസാരിക്കാൻ പറ്റിയേക്കാം.
രണ്ടാമത്തെ കൂടാരങ്ങളിലെ രാണ്ടാം നിലവാരക്കാർക്ക് തമ്മിൽ ഇതേ സമത്വം സാധിക്കാൻ പ്രയാസം ആയേക്കാം.
എന്നുവച്ചാൽ, വ്യത്യസ്ത കൂടാരങ്ങളിലെ വ്യക്തികൾ തമ്മിൽ സംസാരിക്കുമ്പോൾ, തങ്ങളുടെ കൂടാരങ്ങളുടെ ആപേക്ഷിക ഉയരവ്യത്യാസം നോക്കും. നോക്കുന്ന മറ്റൊന്ന്, ഓരോ വ്യക്തിയും ഏത് പടിയിലാണ് എന്നത്.
ഇതെല്ലാം ചെറിയ തോതിൽ സങ്കീർണ്ണമായ കാര്യങ്ങൾ ആണെങ്കിലും, ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന മനുഷ്യ മനസ്സിന് നിമിഷനേരം കൊണ്ട് അളന്നെടുക്കാൻ ആവുന്ന കാര്യങ്ങൾ തന്നെ.
സാമൂഹിക ആശയവിനിമയത്തിൽ, ഈ വിധമായുള്ള സാങ്കൽപ്പിക കൂടരങ്ങൾ ഒരു പ്രധാന ഘടകം തന്നെയാണ്. ഒരേ ഉയരത്തിലുള്ള കൂടാരങ്ങളിലെ മുകൾ വ്യക്തികൾ തമ്മിൽ വാക്കുകളിൽ സമത്വം കണ്ടെത്താൻ പ്രയാസം ഉണ്ടാവില്ല.
ഈ വിധമായുള്ള സമത്വം ആ കൂടാരങ്ങളിലെ ഓരേ നിലവാര പടിയിലെ വ്യക്തികൾ തമ്മിൽ നിലനിർത്താൻ ആവും.
നിങ്ങൾ ആരാണ്?, എന്നത് വളരെ വ്യക്തമായി ചോദിച്ചറിയേണ്ടിവരും പലപ്പോഴും. ഈ വിവരം തുടർന്നങ്ങോട്ടുള്ള വാക്കുകളെ എല്ലാവിധത്തിലും സ്വാധീനിക്കും. വാക്കുകൾ പെരുമാറ്റത്തേയും ഭാവത്തേയും അടുപ്പത്തേയും അകൽച്ചേയും മറ്റും യാതോരു വിട്ടുവീഴ്ചയും ഇല്ലാതെ നിർവ്വചിക്കും.
ഈ ഒരു സംഗതി നിലവിൽ ഉള്ളത് ഏവർക്കും അറിവുള്ള കാര്യം തന്നെയാണ്. അതിനാൽ തന്നെ ഒരു വ്യക്തിയെ മറ്റൊരു ആളുടെ അടുത്തേക്ക് അയക്കുമ്പോൾ, ഈ വിവരം അടങ്ങിയ കോഡുകൾ വാക്കുകളിൽ ചേർത്തുതന്നെയാണ് ആ വിവരം അറിയിക്കുക.
ഇവനെ ഞാൻ നിങ്ങളുടെ അടുത്തേക്ക് അയക്കുന്നുണ്ട്.
അയാൾ നിങ്ങളെ വന്നുകാണും.
അദ്ദേഹം നിങ്ങളെ കാണാൻ വരുന്നതാണ്.
ഈ വിധമായുള്ള കോഡിങ്ങ് വളരെ ശക്തമായ കോഡിങ്ങുതന്നെയാണ്. വ്യക്തിയുടെ പലവിധ മാനസിക ഭാവങ്ങളേയും മുഖഭാവങ്ങളേയും ശരീരഘടനയേയും മറ്റും ഇവ ബാധിക്കാം. എന്നാൽ പലപ്പോഴും, ഈ വിധമായുള്ള കാര്യങ്ങൾ ഓരോ നിലവാരത്തിലുള്ള വ്യക്തിയിലും നേരത്തേതന്നെ എഴുതിച്ചേർത്തിരിക്കാം.
പലപ്പോഴും ആളെകാണുമ്പോൾ തന്നെ മറ്റുള്ളവരുടെ മനസ്സിന് ആളെ അളക്കാൻ ആവും.
ഈ വിധമായുള്ള കാര്യങ്ങൾ എല്ലാംതന്നെ ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ മനസ്സിലാക്കിയെടുക്കാൻ വളരെ പ്രയാസം തന്നെയാണ്.