ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
20. പരമദരിദ്രവാസി എന്ന പ്രതിഭാസം
ഇന്ത്യയിൽ ഇന്നുള്ള ദാരിദ്യത്തിന്‍റെ യഥാർത്ഥ മുഖച്ഛായ കേരളത്തിൽ ഇന്ന് അതിന്‍റെ കൃത്യമായ ഭാവത്തിൽ കാണുന്നത് കുറവായിരിക്കാം.
ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ് ഒരു ഉത്തരേന്ത്യൻ പ്രദേശത്തുവച്ച് ഒരു മധ്യവർഗ്ഗ (middle-class) വ്യക്തി ആശ്ചര്യത്തോടുകൂടി പറയുന്ന ഒരു കാര്യം കേട്ടിരുന്നു
കേരളത്തിൽ എല്ലാ വീടുകളിലും ഒരാളെങ്കിലും വിദേശത്ത് തൊഴിൽ ചെയ്യുന്നുണ്ട് എന്ന്. ഇതുകൊണ്ടെന്താ കാര്യം എന്നത് പറഞ്ഞില്ലായെങ്കിലും, പറയാതെ പോയകാര്യത്തിൽ ഒരു വൻ രാഷ്ട്ര രഹസ്യം (national secret) നിലനിൽക്കുന്നുണ്ട്.
അതായത്, 1947ൽ തുടക്കം കുറിച്ച ഇന്ത്യാ രാജ്യം, രാജ്യത്തിലെ ഒരു ചെറിയ ശതമാനം ആളുകൾക്ക് വൻ സമ്പത്ത് വാരിക്കൂട്ടാൻ സൗകര്യം നൽകുന്ന ഒരു വൻ സാമ്പത്തിക ശാസ്ത്ര തട്ടിപ്പിന് തുടക്കം കുറിച്ചു. അതായത്, ഇന്ത്യൻ നാണയ വിനിമയമൂല്യം ഇടിച്ചുതാഴ്ത്തുക എന്നതായിരുന്നു ഇത്.
ഇന്ന് ഇന്ത്യയിൽ വൻ സമ്പത്തുള്ളവരിൽ ഒരു വൻ ശതമാനം പേരും ഈ ദേശീയ തട്ടിപ്പിലൂടെ വൻ സാമ്പത്തിക നിലവാരത്തിൽ എത്തിനിൽക്കുന്നവരാണ്.
ഈ എഴുതുന്ന ഞാനും, ഈ എഴുത്ത് വായിക്കുന്ന വായനക്കാരും മറ്റുമായ മലബാറിലേയും തിരുവിതാംകൂറിലേയും ആളുകളിൽ മിക്ക ആളുകളും ഈ ദേശീയ കൃത്രിമ പദ്ധതിയുടെ പലവിധ പ്രയോജനങ്ങൾ നേരിട്ടോ അല്ലാതേയോ നേടി ജീവിക്കുന്നവർ തന്നെയാവാം.
ഇക്കാര്യത്തെക്കുറിച്ചല്ല ഇവിടെ എഴുതാൻ ഉദ്ദേശിക്കുന്നത്.
പറയാൻ വന്നത്, ദാരിദ്യം എന്നത് ഫ്യൂഡൽ ഭാഷകളുടെ ഒരു നൈസർഗികമായ സ്വഭാവ വിശേഷം ആണ്, എന്നതാണ്. ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഇന്ന് ദാരിദ്ര്യം ഉണ്ട്. കാരണം, ഇന്ന് അവിടങ്ങളിൽ ഫ്യൂഡൽ ഭാഷക്കാർ നിറഞ്ഞിരിക്കുന്നു.
ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പണ്ടുകാലത്തും സാമ്പത്തികമായി പിന്നിലുള്ളവർ ഉണ്ടായിരുന്നു. ഇവരെ Poor people എന്നുവേണമെങ്കിൽ ഇങ്ഗ്ളിഷിൽ നിർവ്വചിക്കാം.
എന്നാൽ ദാരിദ്ര്യം എന്ന പ്രതിഭാസം തികച്ചും വ്യത്യസ്തമായ ഒരു മാനസികവും സാമൂഹികവും ആയ പ്രതിഭാസം ആണ്. ഇതിന് ഇങ്ഗ്ളിഷിൽ തന്നെയുള്ള ഒരു വാക്ക് ഉപയോഗിക്കാം എന്ന് തോന്നുന്നു:
Destitution. ഈ വാക്കിന് അർത്ഥമായി നൽകപ്പെട്ട ഒരു വാക്ക് കാണുന്നു: പരമദാരിദ്ര്യം. ഇത് ഒരു പൊറുതിമുട്ടിയ അവസ്ഥയാണ്.
ഈ പരമദാരിദ്യം എന്ന പ്രതിഭാസം ഇങ്ഗ്ളണ്ടിന് പുറത്ത് യാത്ര ചെയ്തിട്ടില്ലാത്ത ഇങ്ഗ്ളിഷുകാർക്ക് വാസ്തവത്തിൽ പണ്ട് കാലങ്ങളിൽ അറിവുള്ള കാര്യം ആവില്ല. പോരാത്തതിന്, അവർ അതിനെ നേരിട്ടു കണ്ടാൽ പോലും അവർക്ക് അതിനെ മനസ്സിലാക്കാൻ ആവില്ല.
കേരളത്തിലും പരമദാരിദ്യം അനുഭവിക്കുന്നവർ ഉണ്ട്. അതു പോലെതന്നെ, സാമ്പത്തികമായി പരമദരിദ്രരല്ലാത്തവരും എന്നാൽ പരമദാരിദ്ര്യത്തിന്‍റെ മനോഭാവം അനുഭവിക്കുന്നവരും ഉണ്ട്.
അതേ സമയം, കേരളത്തിന് പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ പലതിലും ഒരു വൻ ശതമാനം പേർ പരമദാരിദ്ര്യത്തിൽ ജീവിക്കുന്നുണ്ട്.
ഇന്ത്യാ രാജ്യം 1947ൽ ആരംഭിച്ച സാമ്പത്തിക തട്ടിപ്പ് നയം ഇവരെ സാമ്പത്തികമായ തളർത്തിയെന്നത് ഒരു വശത്ത്. അതോടൊപ്പം തന്നെ ഫ്യൂഡൽ ഭാഷയുടെ തരംതാഴ്ത്തലും ഇവരെ ഒരു തരം എരപ്പാളികളായി മാറ്റിയിട്ടുണ്ട്. ഇവരിൽ വൻ വ്യക്തിത്വം ഉള്ളവരേയും, അതിന് കടക വിരുദ്ധമായ പാപ്പരായതും അരോചകമായതുമായ വ്യക്തിത്വം ഉള്ളവരേയും നേരിട്ടു അവിടങ്ങളിൽ കണ്ടിട്ടുണ്ട്.
ഇവർ അവരുടെ പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ ഏറ്റവും കീഴ് പടികളിൽ ജീവിക്കുന്നവരാണ്. ഇവർക്കിടയിലും അവരുടേതായ ബഹുമായ - തരംതാഴ്ത്തൽ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി വേറേയും നിലനിൽക്കുന്നുണ്ട്.
ഇവരോട് അടുത്ത് ഇടപഴകുമ്പോൾ പലതരത്തിലുമുള്ള വാക്ക് കോഡ് കവചങ്ങൾ കരുതിവച്ചിരിക്കേണം. അല്ലെങ്കിൽ അപകടമാണ്.
ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ് ഒരു സാമൂഹിക വികസന (Social development) പ്രസ്ഥാനത്തിൽ (NGOയിൽ) പ്രവർത്തിക്കുന്ന MSW ബിരുദ്ധദാരിയായ ഒരു ചെറുപ്പക്കാരി പറഞ്ഞ ഒരു കാര്യം ഓർമ്മവരുന്നു.
ഇവർക്ക് അവരുടെ മേധാവിയിൽ നിന്നും വ്യക്തമായി ലഭിച്ച നിർദ്ദേശം, ഇവർ സംഘമായി ചെന്ന് ഉൾനാടൻ ഗ്രാമങ്ങളിൽ പോയി ആളുകളെ നന്നാക്കിക്കൊണ്ടിരിക്കുമ്പോൾ, ആ നാട്ടിലെ ഏതു പരമദാരിദ്ര്യ വ്യക്തിയേയും തൂ (ഇഞ്ഞി, നീ) എന്നു സംബോധന ചെയ്യേണം. ഉസ്സ് (അവൻ, അവൾ) എന്നു പരാമർശിക്കേണം.
മാത്രവുമല്ല, ഇവരുടെ സംഘത്തിലെ ആരെ പരാമർശിച്ചു സംസാരിക്കുമ്പോഴും, തമ്മിൽത്തമ്മിൽ ഉന്നതവാക്കുകൾ ആയ ഉൻ (അദ്ദേഹം, അവര്), സാർ, മാഡം, സാബ്, മേംസാബ് തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച്, വളരെ വ്യക്തമായ ആ പരമദരിദ്രരെ പറഞ്ഞ് ബോധിപ്പിക്കേണം.
ഈ വിധമയുള്ള ഒരു സാമൂഹിക വികസന ആശയത്തെക്കുറിച്ച് ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് അറിവുണ്ടാവില്ലതന്നെ.
ഇവിടെ വ്യക്തികൾ നല്ലവരെന്നോ ചീത്തയായവർ എന്നോ പറയുന്നതിൽ അർത്ഥമില്ല. ഭാഷാ കോഡുകൾ ആവിധമാണ്. ആ കോഡുകൾക്ക് വിധേയമായേ ആളുകൾക്ക് തമ്മിൽ പെരുമാറാൻ പറ്റുള്ളു. അല്ലാതെ പെരുമാറിയാൽ തടിക്കും മനസ്സിനും കേടുപാടും വേദനയും ലഭിക്കും.
ഇവിടെ പറയാൻ വന്നത് ഇതൊന്നുമായിരുന്നില്ല. പറയാൻ വന്നതു പറയാം.
പണമുള്ള ആൾ, വാക്കുകളിൽ ആരും വ്യക്തമായി പറഞ്ഞില്ലായെങ്കിലും, അദ്ദേഹം ആണ്. അവര് ആണ്.
പണമില്ലാത്ത ആൾ, വാക്കുകളിൽ വ്യക്തമായി ആരും പറഞ്ഞില്ലായെങ്കിലും, നീ ആണ്, ഇഞ്ഞി ആണ്, അവൻ / അവൾ ആണ്.
ഇതിൽ വയസ്സ് എന്ന ഘടകം, കൂടുതൽ ഉള്ളത്, താഴ്ത്തലിനെ ചെറുതായി കുറക്കും. വയസ്സ് കുറവാണ് എങ്കിൽ താഴ്ത്തലിന് ഊക്ക് കൂട്ടും. എന്നാൽ ഈ ഘടകത്തെ ഇവിടെ എടുക്കാതെയാണ് പറയാനുള്ളത് പറയാൻ പോകുന്നത്.
പണമില്ലാത്ത ആൾക്ക് വാക്കുകളിൽ തരംതാഴ്ന്ന ഭാവം മനസ്സിലും മുഖത്തും, ശരീരഘടനയിലും, വാക്കുകളിലും കണ്ണുകളിലും ചലനങ്ങളിലും പോരാത്തതിന് വസ്ത്രങ്ങളിലും പ്രതിഫലിച്ചു കാണും. ഇതിനുമപ്പുറം വ്യക്തി ബന്ധങ്ങളിലും മറ്റുള്ളവരെ പരാമർശിക്കുന്ന വാക്കുകളിലും കാണപ്പെടും.
ഇങ്ങിനെ മാനസികവും വ്യക്തിത്വപരവും സാമൂഹികവും ആയി ദ്രവിച്ചു നിൽക്കുന്ന വ്യക്തി സാമൂഹികമായി ഉയർന്ന ആളെ ചെന്നുകാണുമ്പോൾ, കാണുന്നത് ഇങ്ഗ്ളിഷ് ഭാഷയിൽ വെറും He, She എന്ന വാക്കുകളിൽ സർവ്വസാധാരണക്കാരൻ ഭാവത്തിൽ നിൽക്കുന്ന വ്യക്തിയെയല്ല.
മറിച്ച്, ആപ്പ് (അങ്ങ്), ഉൻ (അദ്ദേഹം, അവര്), സാബ്, മേംസാബ് തുടങ്ങിയ വാക്കുകളിൽ ഉന്നതങ്ങളിൽ ജ്വലിച്ചു നിൽക്കുന്ന ആളെയാണ്.
എന്നുവച്ചാൽ, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ കൊടുംകീഴിൽ നിൽക്കുന്ന പരമദരിദ്രവാസി ചെന്നുനിൽക്കുന്നത് അതേ ഏണിപ്പടിയുടെ പർവ്വത കൊടുമുടിയിൽ വെൺമേഘങ്ങളിൽ വസിക്കുന്ന വ്യക്തിയെയാണ്. ഈ ദരിദ്രവാസിയെ കാണുന്നതുതന്നെ ഒരു വൻ നെഗറ്റിവ് രോമാഞ്ചം തന്നെ ഉന്നത വ്യക്തിയിൽ വരുത്തും. എന്നുവച്ചാൽ അറപ്പുകൊണ്ട് രോമം ഉണർന്നെഴുന്നേറ്റ് നിൽക്കുന്ന അവസ്ഥ.
പരമദരിദ്രവാസിക്ക് ഉന്നതന്‍റെ സാമീപ്യത്തിൽ വൻ വിദേയത്വം മനസ്സിൽ കയറിവരാം, മറ്റ് വിരോധങ്ങളോ മത്സരബുദ്ധിയോ ഇല്ലെങ്കിൽ.
ഇങ്ങിനെയുള്ള പരമദരിദ്രവാസി ചെയ്യുന്ന യാതോരു തൊഴിലിലും നീതിയുക്തമായ ഒരു വേതനം നൽകാൻ ഉന്നത വ്യക്തിയിൽ മാനസിക പ്രചോദനം വരില്ല. മറിച്ച്, എന്തെങ്കിലും നിസ്സാര വേതനം മാത്രം നൽകാനാണ് തോന്നൽ വരിക. കൂടുതൽ വേതനം നൽകിയാൽ ഈ അരോചക വ്യക്തി ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ പടികളിലൂടെ ഉയർന്നുവരും. അതൊന്നും ആരും താൽപ്പര്യപ്പെടുന്ന കാര്യം അല്ലതന്നെ.
ഫ്യൂഡൽ ഭാഷക്കാർ ഇന്ന് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കയറിച്ചെന്ന് ഇതേ ഭാവം പരത്തുന്നുണ്ട്. അവർ സംഘടിതമായി നിന്നുകൊണ്ട് അവരുടെ കീഴിൽ പെട്ടുപോകുന്നവരെ അവരുടെ ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ അടിയിൽ പെടുത്താനുള്ള പ്രയത്നം മറ്റാരും അറിയാതെ നടത്തുന്നുണ്ട്.
ഇങ്ഗ്ളിഷ് ഭാഷയിൽ പണം ഉണ്ട് എന്നതും പണം ഇല്ലായെന്നതും, ഭാഷാ വാക്കുകളെ സ്വാധീനിക്കില്ല. അതിനാൽ തന്നെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയെന്ന പ്രതിഭാസം അവരിൽ ഇല്ല. അങ്ങിനെ വരുമ്പോൾ കുറേ വ്യക്തികൾ അരോചകമായ നാറുന്ന കുണ്ടിലും, കുറച്ചു പേർ കസ്തൂരി മലയിലും എന്ന പ്രതിഭാസം അവരിൽ ഇല്ലതന്നെ.
പണം ഇല്ലാത്തവർ വേതനം ലഭിക്കാനായി തൊഴിൽ ചെയ്യും എന്നേ ഉള്ളു. തൊഴിൽ ചെയ്യുന്നത് ഭാഷാ വാക്കുകളെ അമുക്കിപ്പിടിക്കില്ല.
ഇനി മറ്റൊരു കാര്യം പറയാം.
ഇന്ത്യൻ സിനിമകളിൽ കാണുന്ന കാര്യമാണ്. ദരിദ്രനായ നായകൻ. നല്ലമനുഷ്യനാണ്. കാണാൻ വൻ മൊഞ്ചുണ്ട്. കവിളിൽ തുടിപ്പുണ്ട്. കണ്ണുകളിൽ ആഢ്യത്വം തുളുമ്പുന്നുണ്ട്. വാക്കുകളിൽ ദിവ്യചേതസ്സിന്‍റെ ബ്രഹ്മതാളം തുടികൊട്ടുന്നുണ്ട്.
അയാളെ ദുഷ്ടന്മാർ ചതിക്കുന്നു. വേദനിപ്പിക്കുന്നു. അയാൾ നീതിക്കായി പൊരുതുന്നു.
ഇത്രയും ദിവ്യചേതസ്സുള്ള പാവപ്പെട്ടവനെ ദുഷ്ടന്മാർ വിഷമിപ്പിക്കുന്നത് സിനിമ കാണുന്ന ആളുകൾക്ക് സഹിക്കാൻ ആവുന്ന കാര്യമല്ല. അവരും മനസ്സിൽ അയാൾക്കുവേണ്ടി പൊരുതുന്നു.
ഈ നായകനായ പാവപ്പെട്ട കഥാപാത്രം ഒറ്റനോട്ടത്തിൽ തന്നെ ഒരു മഹാനാണ്. വാക്ക് കോഡുകളിൽ അയാൾ അദ്ദേഹം / ഓര് ആണ്. അയാളെ അങ്ങ് എന്നാണ് സത്യത്തിൽ സംബോധന ചെയ്യേണ്ടത്. ചേട്ടൻ, ഏട്ടൻ വാക്കുകൾ പ്രേക്ഷകരുടെ മനസ്സിൽ താളം കൊട്ടും.
കാരണം, അവർക്ക് അറിവുള്ള കാര്യമാണ് ഈ കഥാപാത്രം അവർക്ക് അറിവുള്ള സുപ്പർ സ്റ്റാർ ആണ് എന്ന്. അവർക്ക് അയാളെ പല സിനിമകളിൽ കണ്ടു പരിചയം ഉണ്ട്. അവർ അയാളുടെ പേരിന് പിന്നിൽ ഏട്ടൻ വാക്ക് ചേർത്താണ് പരാമർശിക്കാറ്. അയാൾക്ക് സ്വന്തമായി വൻ വിലയുള്ള കാറും കാരവാനും ഉണ്ട്.
ഇനി ആലോചിക്കുക, ഈ മഹാ നടന് പകരം, ശരിക്കും പരമ ദരിദ്രവാസിയായ ഒരു വ്യക്തി അയാളുടെ അവൻ / ഓൻ, ഇഞ്ഞി നീ, തനിരൂപത്തിൽ ഇതേ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചാൽ ഏത് സിനിമാ പ്രേക്ഷകനാണ് സിനിമ കാണാൻ വരിക.
Slumdog millionaire എന്ന ഹിന്ദി - ഇങ്ഗ്ളിഷ് മിക്സ് സിനിമയിൽ ചേരിപ്രദേശത്ത് ജീവിക്കുന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്, ബൃട്ടണിൽ ജനിച്ചു വളർന്ന ഇന്ത്യൻ വംശജനായ വ്യക്തിയാണ്.
ഇങ്ഗ്ളിഷ് ഭാഷ നൽകുന്ന മുഖഭാവം ഉള്ള വ്യക്തിയെ, ഹിന്ദിയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ അടിയിൽ പെട്ടുകിടക്കുന്ന ചേരനിവാസിയുടെ മകനായി അവതരിപ്പിച്ചാണ്, ഈ സിനിമ ഇന്ത്യാക്കാരേയും ലോകജനതയേയും പറ്റിച്ചത്.
Gandhi എന്ന സിനിമ എടുത്ത് Richard Attenborough ലോക ജനതയെ വിഡ്ഢികൾ ആക്കിയതും ഇതേ പോലെതന്നെ. ഈ സിനിമ ഇന്ത്യയിൽ വൻ രാഷ്ട്രീയ ലാഭം തന്നെ കോൺഗ്രസ് പാർട്ടിക്ക് നൽകി. കള്ളകഥയാണ് കാണിച്ചതെങ്കിലും.