ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
25. മാനസിക ഭദ്രതക്കുറവ് വരുന്നതിനെക്കുറിച്ച്
ഫ്യൂഡൽ ഭാഷകളിൽ ഓരോ വ്യക്തിക്കും എന്ത് ആസ്‌തി ഉള്ളതും വാക്ക് കോഡുകളെ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യും. ഇതു തന്നെ ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നവരുടെ മനസ്സിനെ കഠിനമായി ബാധിക്കുന്ന ഒരു കാര്യമാണ്.
ഒരു വ്യക്തിക്ക് സാമ്പത്തിക ആസ്തി, വിവരം, വിജ്ഞാനം, ഉന്നത ആളുകളുമായുള്ള ബന്ധം, അധികാരം, ശാരീരിക ഉയരം, കരുത്ത്, ധീരത, നൈപുണ്യം അങ്ങിനെ എന്തും ഉള്ളത് വാക്ക് കോഡുകളിൽ വൻ അക്കമൂല്യങ്ങൾ നിറക്കും. അവൻ എന്ന വാക്കിനെ അദ്ദേഹം, അവര് വാക്കുകളിലേക്ക് ഉന്തിനിർത്താനുള്ള കഴിവ് ഈ വിധ ആസ്തികൾക്കുണ്ട്.
ഈ വിധമായുള്ള യാതോരു ആസ്തികളും ഇങ്ഗ്ളിഷിലെ You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ വാക്കുകളേയും അവയുടെ അനുബന്ധ വാക്കുകളേയും യാതോരു രീതിയിലും ബാധിക്കില്ല. കാരണം, ഈ വാക്കുകൾക്ക് മറ്റ് നിലവാരങ്ങളിൽ ഉള്ള വാക്കുകൾ ഇങ്ഗ്ളിഷിൽ ഇല്ല.
ഈ വിധ ആസ്തികൾ ഇങ്ഗ്ളിഷിൽ ഇല്ലാത്ത പലതരം മാനസിക പെരുമാറ്റങ്ങളിലേക്കും ഫ്യൂഡൽ ഭാഷക്കാരെ നയിക്കാറുണ്ട്. അതിൽ ഏറ്റവും വ്യക്തിമായി കാണപ്പെടുക അസൂയ എന്ന ഭാവമാണ്. അസൂയ എന്നത് പലപ്പോഴും ഒരു വ്യക്തിയിൽ വളരുന്ന അരക്ഷിതത്വം (Insecurity) എന്ന മാനസിക ഭാവമാണ്. തന്‍റെ സ്ഥാനത്തിന് ഒരു ഭദ്രതക്കുറവുണ്ട് എന്ന തോന്നൽ. വേറെ രീതിയിൽ പറഞ്ഞാൽ, തന്‍റെ സ്ഥാനത്തിന് ഉറപ്പില്ല, അല്ലെങ്കിൽ അത് സുരക്ഷിതമല്ലാ എന്ന തോന്നൽ.
ഇതിൽ എന്ത് സ്ഥാനത്തിനാണ് ഉറപ്പുകറുയന്നത് എന്നത് ആലോചിക്കാവുന്ന കാര്യമാണ്. ഫ്യൂഡൽ ഭാഷകളിൽ കൂടിനോക്കിയാൽ, അവൻ, അയാൾ, അദ്ദേഹം, നീ, നിങ്ങൾ, സാർ എന്നീ സ്ഥാനങ്ങളിൽ ആണ് കുലുക്കം അനുഭവിക്കുക.
ഈ ഒരു വിഷയത്തെ കൂടൽ വിശകലനത്തിന് പോകുന്നില്ല. കാരണം, അത് പലവിധ സങ്കീർണതകളിലേക്ക് ഈ എഴുത്തിനെ നയിക്കും. അതിനുള്ള സൗകര്യം ഇപ്പോൾ ഈ എഴുത്തിന്‍റെ പാതയിൽ ഇല്ല.
മുകളിൽ കൂർത്തുനിൽക്കുന്ന കൂടരങ്ങൾ മാതിരിയാണ്, ഫ്യൂഡൽ ഭാഷകളിലെ പല വ്യക്തിബന്ധങ്ങളും. ഈ കാര്യം സ്ഥിരീകരിക്കാനായി ഒരു കാര്യം ഇവിടെ പറയാം.
ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് മുൻപ്, ഈ എഴുത്തു പരമ്പര സ്ഥിരമായി വായിക്കുന്ന ഒരു പരിചയമുള്ള വ്യക്തിയോട് ഒരു കാര്യം ചോദിച്ചു. ചോദിച്ചത് ഇങ്ഗ്ളിഷിൽ ആണ്.
ഈ എഴുത്തിനെ കുറിച്ച് വളരെ നല്ല അഭിപ്രായം പറഞ്ഞ വ്യക്തിയാണ്. അങ്ങിനെയാണെങ്കിൽ, ഈ എഴുത്ത് എന്തുകൊണ്ട് സ്വന്തം പരിചയക്കാർക്ക് പങ്കിടുന്നില്ലാ എന്നു ഞാൻ ചോദിച്ചു. അപ്പോൾ, ആദ്യം ആ വ്യക്തി പറഞ്ഞത്, തനിക്ക് അറിയാവുന്ന വ്യക്തികൾ എല്ലാം തന്നെ ബൗദ്ധിക (intelluctual) വിഷയങ്ങളിൽ വളരെ പിന്നിലാണ് എന്നും അവർക്കാർക്കും ഈ വിധ കാര്യങ്ങൾ വായിക്കാൻ താൽപ്പര്യം ഇല്ലായെന്നും പറഞ്ഞു.
എന്നാൽ ഈ എഴുത്ത് വായിക്കുന്നവരിൽ മിക്കവരും സാധാരണക്കാരാണ് എന്നു കാണിച്ചു കൊടുത്തപ്പോൾ, ആ ആൾ വളരെ വ്യക്തമായി പറഞ്ഞത് ഈ വിധമാണ്:
ഈ എഴുത്ത് എന്‍റെ പരിചയക്കാർക്ക് നൽകിയാൽ എന്‍റെ വ്യക്തി ബന്ധങ്ങൾക്ക് കാര്യമായ ക്ഷതം ഏൽക്കും. കാരണം, എനിക്ക് ഓരോ വ്യക്തിയുമായുള്ള ബന്ധങ്ങളിൽ ഒന്നുകിൽ ഒരു ഉയർച്ചയോ അല്ലെങ്കിൽ ഒരു താഴ്ചയോ ഉണ്ട്. ഇതു രണ്ടിനേയും മാച്ചുകളയാൻ സാധ്യമാക്കുന്നതോ, അല്ലെങ്കിൽ അവയിൽ ചോദ്യചിഹ്നങ്ങൾ കടത്തിവിടുന്നതോ ആയ വിവരങ്ങൾ ആണ് ഈ എഴുത്തിൽ ഉള്ളത്. അതിനാൽ തന്നെ ഈ എഴുത്ത് ഞാൻ ആർക്കും പങ്കിടാറില്ലാ എന്ന്.
മുകളിലോട്ട് കൂർത്തു നിൽക്കുന്ന കൂടാരങ്ങൾ പോലെയാണ് മിക്ക വ്യക്തി ബന്ധകൂട്ടായ്മകളും. ഈ വിധ കൂടരങ്ങളിൽ ചിലതിൽ ഒരു വ്യക്തി മുകളിലെ കൂർത്ത മുനമ്പിലും, മറ്റചിലതിൽ ആ വ്യക്തി കീഴിലെ ഏതെങ്കിലും പടിയിലും ആയിരിക്കും.
ഓരോ പടിയിലുള്ള ഓരോ വ്യക്തിയും, താൻ കൂർത്ത മുനമ്പിൽ നിൽക്കുന്ന കൂടാര കൂട്ടായ്മകൾ സൃഷ്ടിക്കാൻ വെമ്പൽ കൊള്ളും. ഈ വിധമായുള്ള യാതോരു മാനസിക പ്രചോദനവും ഇങ്ഗ്ളിഷ് ഭാഷ വ്യക്തികളുടെ മനസ്സിൽ കയറ്റിവിടില്ലതന്നെ.
ഈ ഓരോ കൂടാര കൂട്ടായ്മകളിലും മുകളിലെ കൂർത്ത മുനമ്പിൽ ഉള്ള വ്യക്തി ഒരു പ്രത്യേകതരം മേന്മ ഭാവം നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കും. ഈ മേധ ഭാവത്തിനെ കുത്തിക്കീറുന്ന കാര്യം ആണ്, കീഴിൽ നിൽക്കുന്നവരിൽ കാണപ്പെടുന്ന വിവിധ തരം ആസ്തികൾ.
ഉദാഹരണത്തിന്, തന്‍റെ കീഴിൽ ഉള്ളവ്യക്തിക്ക് എന്തെങ്കിലും കാര്യത്തിൽ കുറച്ച് വിവരമോ, വിജ്ഞാനമോ, നൈപുണ്യമോ ഉണ്ട് എന്നു കാണപ്പെട്ടാൽ, അത് ഒരു ആപത്താണ്. കാരണം, അത് കീഴ്സ്ഥാനക്കാരനുമായി ബന്ധപ്പെട്ട വാക്ക് കോഡുകളിൽ മേധ ശക്തി നിറയ്ക്കും.
അവൻ ആയിരുന്ന വ്യക്തി ചെറുതായെങ്കിലും അയാളോ, അദ്ദേഹമോ അവരോ മറ്റോ ആയാൽ, ആ കൂടാര കൂട്ടായ്മയുടെ ആകൃതിയിൽ മാറ്റും വരും. മുകളിൽ നിൽക്കുന്ന വ്യക്തിക്ക് ചെറുതായൊരു കുലുക്കവും സ്ഥാനചലനവും അനുഭവപ്പെടും.
ഇതെല്ലാം വെറും തോന്നലാണ് എന്ന് മാനഃശസ്ത്രം പറഞ്ഞേക്കാം. പോരാത്തതിന്, അതിന് ഒരു വിഡ്ഢി സാങ്കേതിക പദപ്രയോഗവും നൽകിയേക്കാം. എന്നാൽ വാസ്തവം ഇതേനേക്കാളെല്ലാം ഗഹനം തന്നെയായിരിക്കും.
പണ്ടു മുതലെ ദക്ഷിണേഷ്യയിൽ നിലനിന്നിരുന്ന ഒരു സാമൂഹിക സത്യം ആണ്, വ്യക്തികളുടെ ശത്രു എന്നു നിർവ്വചിക്കപ്പെടുന്നവർ അവരോട് നേരിട്ട് ഏറ്റുമുട്ടുന്ന ആളുകൾ മാത്രമല്ല എന്നത്.
മറിച്ച്, അവർക്ക് കീഴിൽ പെട്ടുകിടക്കുന്നവരും ഒരു പരിധിവരെ അപകടകാരികൾ ആണ്. കീഴിൽ പെട്ടുകിടക്കുന്നവർക്ക് മുകളിലേക്ക് വളരാനുള്ള യാതോരു വിധ രക്ഷാമാർഗ്ഗങ്ങളും നൽകരുത് എന്നത് എല്ലാരിലും ഉള്ള ഒരു മനോഭാവം തന്നെയായിരുന്നു.
ഇങ്ഗ്ളിഷ് കമ്പനി Tellicherryൽ സ്ഥാപിച്ചപ്പോഴാണ് ഈ ഉപഭൂഖണ്ഡത്തിൽ ആദ്യമായി കീഴ്സ്ഥാനക്കാർക്ക് ഒരു വ്യക്തമായ രക്ഷപ്പെടാനുള്ള പാത തെളിഞ്ഞുവന്നത്.
കീഴ്സ്ഥാനക്കാരനിൽ എന്തെങ്കിലും ഉന്നത നൈപുണ്യങ്ങൾ ഉള്ളതായി കണ്ടാൽ, അതിനെ മുളയിലെ നുള്ളിക്കളുയന്നതാണ് ബുദ്ധി എന്ന് എല്ലാ ഫ്യൂഡൽ ഭാഷക്കാർക്കും അറിവുള്ളകാര്യമാണ്. ഈ വിവേകബുദ്ധി ഇല്ലാത്തവരെ വിഡ്ഢികൾ എന്നാണ്, പൊതുവായി അറിയപ്പെടുന്നത്.
ഈ വിക്ഷണ കോണിൽ നിന്നും നോക്കിയാൽ, ഇങ്ഗ്ളിഷ് കമ്പനീ ഉദ്യോഗസ്ഥർ പമ്പരവിഡ്ഢികൾ തന്നെയായിരുന്നു.
അവരോട് വൻ വിധേയത്വം കാണിച്ചിരുന്ന ആളുകൾക്ക് ഇങ്ഗ്ളിഷ് ഭാഷ പഠിക്കാനുള്ള വൻ പാതകൾ ആണ് അവർ നൽകിയത്. അവരോടുള്ള വൻ വിധേയത്വവും ആദരവും അടിയാളത്തവും മാച്ചുകളയാനുള്ള പാതകൾ ആണ് അവർ തന്നെ പഠിപ്പിച്ചുവിട്ടത്.
ഇന്നും ഇന്ത്യയിൽ കീഴ്ജനം ഇങ്ഗ്ളിഷ് പഠിക്കുന്നതിൽ നിന്നും അവരെ മനംമടുപ്പിച്ച് വിടാനാണ് അധികാര സ്ഥാനങ്ങളിൽ ഉള്ള ഏവരും നിശബ്ദമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന മാനസിക ഭാവങ്ങൾ വളരെ സങ്കീർണങ്ങൾ ആയേക്കാം. ഒരു കാര്യം ഒരിടത്തുമാത്രമല്ല ചെന്നു തട്ടുക. മറിച്ച് അത് പലരീതികളിൽ തിരിഞ്ഞും മറിഞ്ഞു കയറിച്ചെന്ന് മറ്റൊരിടത്ത് കയറിതട്ടും.
മുകളിൽ പ്രതിപാദിച്ച മനുഷ്യകൂട്ടായ്മാ കൂടരങ്ങളിലെ പല കീഴ്സ്ഥാനങ്ങളിൽ നിൽക്കുന്ന പലവ്യക്തികളും ഒരു പ്രത്യേക കാര്യത്തിൽ സമസ്ഥാനത്ത് നിൽക്കുന്ന വ്യക്തികൾ ആയിരിക്കും. എന്നാൽ അതിലെ ഓരോരുത്തരും മറ്റ് പല കാര്യങ്ങളിലും വ്യത്യസ്ത മാനസികവും ശാരീരികവും ആയുള്ള നിലവാരക്കാർ ആയിരിക്കും.
ഇതും ഒരു പ്രശ്നമായി ഭവിക്കാം. ഒരേ നിലവരക്കാരായി അറിയപ്പെടുന്ന വ്യക്തികളിൽ ഒരാൾക്ക് ചില കാര്യങ്ങളിൽ വ്യക്തമായിത്തന്നെ വൻ ഗഹനമായ നിലവാരം ഉണ്ട് എന്ന ഹേതുക്കൾ കരുതിക്കൂട്ടിയല്ലാതെ തന്നെ പുറത്തുവന്നുകൊണ്ടിരുന്നാൽ, അയാളുടെ അതേ സ്ഥാനത്തുള്ള മറ്റ് വ്യക്തികളിൽ കഠിനമായ വിധ്വേഷം വരും.
ഇതും ഇങ്ഗിളിഷിൽ ഇല്ലാത്ത ഒരു മാനസിക ഭാവം ആണ്.
ഈ ഒരു സംഗതിയെ നേരിടാനായി അതേ സ്ഥാനത്തുള്ള മറ്റു ചലർ ഈ ആളെ പരസ്യമായി കൊച്ചാക്കാനും, അയാൾക്ക് വിവരം ഇല്ലായെന്ന് മറ്റുള്ളവർക്ക് പ്രദർശിപ്പിച്ചു കൊടുക്കാനും, പിന്നിൽ നിന്ന് കുത്താനും, ഈ ആളെക്കുറിച്ചുള്ള അപവാദ കഥകളെ പറഞ്ഞു പ്രചരിപ്പിക്കാനും, അയാൾ പൊട്ടനാണ് എന്ന് പറയാനും, കായികമായി യാതോരു കഴിവും ഇല്ലായെന്ന് കാണിച്ചുകൊടുക്കാനും മറ്റും ഒരുമ്പെടും.
ഇത് എല്ലാരിലും വൻ ആഹ്ളാദം വരുത്തുന്ന ഒരു നിത്യവിനോദം തന്നെയായിരിക്കും. മറ്റ് കാര്യമായ വിനോദങ്ങൾ ഇല്ലായെങ്കിൽ.