ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
29. വ്യക്തികളിൽ അല്ല തെറ്റ്
വീട്ടിൽ വച്ച് സഹോദരിയുടെ കൂടെ പ്രവർത്തിക്കുന്ന ചില ഡോക്ടർമാരെ നിങ്ങൾ എന്ന് 1982ൽ സംബോധന ചെയ്ത കാര്യം, കഴിഞ്ഞ എഴുത്തിൽ പറഞ്ഞിരുന്നു.
ഒരു ഡോക്ടറുടെ സഹോദരൻ എന്നതാണ് ആ ഡോക്ടർമാരോട് നിങ്ങൾ വാക്കുകളിൽ സമത്വം നിലനിർത്താനുള്ള സാഹചര്യം തന്നത് എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാക്കുന്നു.
കാരണം, തിരുവിതാംകൂറിൽ അന്നും ഉന്നതരോട് നിങ്ങൾ എന്ന പദം ഉപയോഗിക്കുന്നത് ഒരു വൻ പോർവിളിയും പിടിച്ചു താഴ്ത്തലും ആയി ജനം കണ്ടിരുന്നു. തിരുവിതാംകൂർ രാജ്യത്തിലെ മിക്ക ഉച്ചനീചത്വങ്ങളും യാതോരു രീതിയിലും അനക്കം വരാതെ അന്നും ഇന്നും അവിടെ നിലനിൽക്കുന്നു.
ഇതേ ഞാൻ Trivandrum Medical College hospitalൽ വച്ച് പരിചയമില്ലാത്ത ഒരു ഡോക്ടറെ നിങ്ങൾ എന്ന് സംബോധന ചെയ്തപ്പോൾ, അവിടെ വാക്കുകളിൽ പൊട്ടിത്തെറിയാണ് സംഭവിച്ചത്.
ഫ്യൂഡൽ ഭാഷകൾ നിർമ്മിക്കുന്ന ഭാഷാ അന്തരീക്ഷമാണ് ഈ രണ്ട് വിപരീത ഭാവമുള്ള സംഭവങ്ങളേയും രൂപകൽപ്പന ചെയ്തതും നിയന്ത്രിച്ചതും ചരടുവലിച്ചതും. അതിനുള്ളിൽ നിന്നുകൊണ്ട് സംസാരിച്ച വ്യക്തികൾ വെറും ചരടു പാവകൾ (string puppets) മാത്രമായിരുന്നു.
ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾക്ക് വ്യക്തികളേയും അവരിലെ വൈകാരിക പെരുമാറ്റങ്ങളേയും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു വലിക്കാനും, നിന്നിടത്ത് കല്ലുമാതിരി നിർത്താനും, കുനിപ്പിക്കാനും വിറപ്പിക്കാനും കോമാളിയാക്കാനും ദുഷ്ടനാക്കാനും പച്ചപ്പാവമാക്കുനും മറ്റും ആവും.
എന്നാൽ ഇങ്ഗ്ളിഷ് ഭാഷാ വാക്കുകൾക്ക് ഈ വിധ കഴിവുകൾ ഇല്ലതന്നെ. ഇങ്ഗ്ളിഷിൽ ഈ വിധ പെരുമാറ്റങ്ങൾ വ്യക്തികളിൽ നടത്തിച്ചു കിട്ടണമെങ്കിൽ അതിനായുള്ള വ്യക്തമായ തിരക്കഥ എഴുതിച്ചേർക്കേണ്ടതായി വരും.
എന്നുവച്ചാൽ, കുനിയാനായി, You bend എന്നുതന്നെ വ്യക്തമായി പറയേണ്ടിവരും.
ഫ്യൂഡൽ ഭാഷകളിൽ ആളെ തരംതാഴ്ത്തി നീ, അവൻ, എടാ, എന്താടാ? വാക്കുകളിൽ നിർവ്വചിച്ചു നിർത്താനായാൽ, ആരും പ്രത്യേകമായി നിർദ്ദേശിക്കാതെ തന്നെ അയാൾ തലകുനിക്കും, തലകുനിച്ചിരിക്കും.
ഈ വാക്കുകളിൽ അയാളെ നിർവ്വചിച്ചു നിർത്താനായില്ലായെങ്കിൽ അയാളുടെ പെരുമാറ്റം മറ്റൊന്നായിരിക്കും.
ഇവിടേയും കാണാമറയത്ത് നിൽക്കുന്നത് ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിതന്നെയാണ്.
ആശുപത്രിയിൽ നിലനിന്നത്, ഈ ഏണിപ്പടിയുടെ കീഴ് പടികളിൽ നിൽക്കുന്ന ജനവും, വൻ ഉയരങ്ങളിൽ നിൽക്കുന്ന ഡോക്ടറും. കീഴ് പടിയിൽ കയറിനിന്നു, ആ പടിയിലുള്ള ആളുകളോട് സമനായി നിന്നു കൊണ്ട് ഡോക്ടറെ നിങ്ങൾ എന്ന് സംബോധന ചെയ്തത് യഥാർത്ഥത്തിൽ വൻ അപരാധം തന്നെയാണ്.
വീട്ടിൽ വന്ന പരിചയക്കാരായ ഡോക്ടർമാരും ഇതേ ഭാഷാ സാഹചര്യത്തിൽ ഇതോ പോലൊക്കെത്തന്നെയേ പെരുമാറുള്ളു.
എന്നുവച്ചാൽ ഒരു ഭാഷാ സാഹചര്യത്തിൽ വളരെ നല്ലവരായി പെരുമാറിയ ആൾ അതേ ഭാഷയിലെ മറ്റൊരു സാഹചര്യത്തിൽ വളരെ ദുഷ്ടനായി പെരുമാറിയേക്കാം. ഈ വിധമായുള്ള വിചിത്രങ്ങളായ പല സാഹചര്യങ്ങളും ഫ്യൂഡൽ ഭാഷകളിൽ കാണാൻ പറ്റുന്നതാണ്.
ഈ വക കാര്യങ്ങൾ ഇങ്ഗ്ളിഷിൽ വിഭവാനം ചെയ്യാനാവാത്ത കാര്യങ്ങൾ ആണ്.
ഈ കാര്യത്തിൽ നിന്നും കുറച്ചുകൂടി മുന്നോട്ട് നീങ്ങിക്കൊണ്ട് കുറച്ചു കാര്യങ്ങൾ കൂടി പറയാം.
പൊതുവേ പറഞ്ഞാൽ ഫ്യൂഡൽ ഭാഷകളിൽ വ്യത്യസ്ത തൊഴിൽ സ്ഥാനങ്ങളിൽ ഉള്ളവർ തമ്മിലും വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള തൊഴിലുകൾ ചെയ്യുന്നവർ തമ്മിലും ഇങ്ഗ്ളിഷിൽ ചെയ്യാവുന്നതുപോലെ സംസാരിക്കാനും കാര്യങ്ങൾ ചർച്ചചെയ്യാനും ആവില്ല.
ഇന്ത്യയിൽ നിന്നുകൊണ്ട് ഒരു പ്രാദേശിക ഡോക്ടർ ഒരു സാധാരണ വ്യക്തിയായ ഒരു കമ്പൂട്ടർ തൊഴിലുകാരനോട് ചില സാങ്കേതിക വിവരങ്ങൾ ചോദിച്ചുകൊണ്ട് സംസാരിക്കുമ്പോൾ, ഭാഷാ വാക്കുകൾ പല രീതിയിലുള്ള വരമ്പുകൾ വെക്കും. എന്നാൽ ഇതേ വ്യക്തികൾ നല്ലനിലവാരമുള്ള ഇങ്ഗ്ളിഷിലാണ് തമ്മിൽ സംസാരിക്കുന്നത് എങ്കിൽ ഈ വിധമായുള്ള വരമ്പുകൾ മനസ്സിലും വാക്കിലും അന്തരീക്ഷത്തിലും കയറിവരില്ല.
ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ് ശ്രദ്ധിച്ച ഒരു സംഭവമായിരുന്നു.
ഞാൻ എന്ന വ്യക്തിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിൽ വൻ ഇങ്ഗ്ളിഷ് സംസാര നിലവാരങ്ങളിലേക്ക് കുതിച്ചുയർന്ന ഒരു ചെറപ്പക്കാരൻ ഉണ്ട്. ഈ ആൾ കമ്പ്യൂട്ടർ ഉപയോഗത്തിൽ ഏതാണ്ട് അതേ കാലഘട്ടത്തിൽ തന്നെ നല്ല നൈപുണ്യം നേടിയിരുന്നു.
ഈ ആൾ കേരളത്തിലെ മറ്റൊരു ജില്ലയിൽ പോയി ഒരു Travel Agencyൽ ഇരിക്കുന്ന അവസരത്തിൽ തൊട്ടടുത്ത ഇരിപ്പിടത്തിൽ ഇരിക്കുകായായിരുന്ന ഒരു ഡോക്ടർക്ക് കുറച്ച് ഓൺലൈൻ പ്രവർത്തം വിശദ്ധീകരിക്കേണ്ടിവന്നു. ആ ഡോക്ടർ USലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ, ആ ആൾക്ക് കമ്പ്യൂട്ടർ ഉപയോഗം അത്രകണ്ട് പരിചയമില്ല.
വ്യക്തമായി മനസ്സിലാക്കേണ്ടത്, ഈ ചെറുപ്പക്കാരന് അന്ന് മലയാളത്തിളൂടെ നോക്കിയാൽ, അന്നത്തെ ഒരു ഡോക്ടറോട് താരതമ്യം ചെയ്യാനാവുന്ന യാതോരു തൊഴിൽ സ്ഥാനവും ഇല്ലയിരുന്നു. അന്ന് ഡോക്ടർമാരുടെ നിലവാരം ഇന്നത്തേതിലും ഉയരത്തിലായിരുന്നു എന്നാണ് തോന്നുന്നത്. വർഷ് 2010ത്തോ മറ്റോ ആണ്.
ഈ രണ്ട് പേരും തമ്മിൽ സംസാരിച്ചത് ഇങ്ഗ്ളിഷിൽ ആണ്. മാത്രവുമല്ല, എന്നെ പേരിന് മുൻപിൽ Mr. ചേർത്ത് സംബോധന ചെയ്തുള്ള പരിചയവും ഈ വ്യക്തിക്ക് ഉണ്ട്. ഇതും ഈ നാട്ടിൽ ഒട്ടുമിക്ക ആളുകൾക്കും ലഭിക്കാത്ത ഒരു മാനസിക ഔന്നിത്യ അനുഭവം തന്നെയാണ്.
ഈ വ്യക്തിയുടെ കമ്പ്യൂട്ടർ ഉപയോഗത്തിലെ വിജ്ഞാനം മാത്രമേ ആ ഡോക്ടറുമായുള്ള സംഭാഷണത്തിൽ ഒരു മൂല്യനിർവ്വഹണമായി വരികയുള്ളു. മറ്റ് യാതോരു വിധ ഉയർച്ചത്താഴ്ചയും വാക്കുകളിൽ കയറിവരില്ല.
ഈ ചെറുപ്പക്കാരൻ അടുത്ത ദിവസം എന്‍റെ കൂടെയിരുന്ന് സംസാരിക്കുന്ന അവസരത്തിൽ, ഫോൺ വന്നു. ആ ഡോക്ടർ സ്വന്തം വീട്ടിൽ കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നു കൊണ്ട് കാര്യങ്ങൾ ചോദിക്കുന്നു. ഈ ചെറുപ്പക്കാരൻ ഇങ്ഗ്ളിഷിൽ തന്നെ കാര്യങ്ങൾ വിശദ്ധീകരിക്കുന്നു.
ഈ സംഭാഷണം കഴിഞ്ഞപ്പോൾ, ഈ ചെറുപ്പക്കാരൻ കാര്യം എന്നോട് പറഞ്ഞു. പറയുന്ന അവസരത്തിൽ വൻ വ്യക്തിത്വ ഉന്മാദാവസ്ഥ ആ ആളിൽ കണ്ടിരുന്നു. ഇതിന്‍റെ വ്യക്തമായ കാരണം, ഈ ആൾ യഥാർത്ഥത്തിൽ പ്രാദേശിക ഭാഷാ അന്തരീക്ഷത്തിൽ ജീവിക്കുന്ന വ്യക്തിയാണ് എന്നതാവാം.
ഇതേ സംഭാഷണം, ഇതേ വ്യക്തിത്വ ഔന്നിത്യത്തിലൂടെ മലയാളത്തിൽ നടത്തിയിരുന്നുവെങ്കിൽ ഡോക്ടർക്ക് ചെറിയ ഒരു മാനസിക പരിങ്ങൽ വന്നേക്കാം എന്നാണ് തോന്നുന്നത്.
ഇവിടെ വ്യക്തിയുടെ വ്യക്തിത്വമോ, കമ്പ്യൂട്ടർ നൈപുണ്യമോ അല്ല സംഭാഷണത്തിൽ മിനുസ്സം നിലനിർത്തിയത്. മലയാളത്തിൽ നിങ്ങൾ എന്ന വാക്ക് തന്നെ വൻ പൊല്ലാപ്പ് വരുത്തും. വേറേയും വാക്കുകൾ അതിന് തൊട്ടടുത്തുതന്നെ നിരന്നു നിൽക്കുന്നുണ്ട്, വൻ പൊട്ടിത്തെറി തയ്യാറെടുപ്പോടുകൂടി.
ഞാൻ എന്ന വ്യക്തിക്ക് തികച്ചും 180° എതിൽ കോണുകളിൽ ഉള്ള അനുഭവങ്ങൾ ഈ വിധമായുള്ള കാര്യങ്ങളിൽ ലഭിച്ച അനുഭവം ഉണ്ട്.
പ്രശ്നം മനസ്സിൽ ഇങ്ഗ്ളിഷും, പോരാത്തതിന്, പ്രാദേശിക ഭാഷാ കോഡുകളിൽ വൻ ഔന്നിത്യം ചൂണ്ടിക്കാണിക്കാനാവുന്ന കുടുംബ ബന്ധങ്ങളും മറ്റും. എന്നാൽ യാതോരു രീതിയിലും പ്രാദേശിക ഭാഷാ കോഡുകളുടെ ഔന്നിത്യം നിലനിർത്തിക്കൊണ്ട് ജീവിക്കാൻ ഇഷ്ടപ്പെടാതിരുന്ന മനോഭാവം.
ചെറിയ ആളോട് മേലാളത്ത ഭാവവും ഉന്നതനോട് അടിയാളത്ത ഭാവവും എന്ന ambivalent മാനസികാവസ്ഥ വളരെ പ്രയാസപ്പെട്ടാണ് എനിക്ക് ശരീര ഭാഷയിലും വാക്കുകളിലും ഉപയോഗിക്കാൻ പറ്റുള്ളു. (എന്നാൽ ഈ രീതിയിൽ പെരുമാറിയ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ട് താനും).
ഇത് മലയാളത്തിൽ ഒരു വൻ പോരായ്മയായാണ് അനുഭവിച്ചത്.
കീഴിൽ ഉള്ളവരിൽ നിന്നും വിലകിട്ടില്ല. അതേ സമയം മുകളിൽ ഉള്ളവർ തനി തെമ്മാടിയായി കാണുകയും ചെയ്യും.
ഉദ്യോഗസ്ഥരെ സാർ എന്ന് സംബോധന ചെയ്യേണ്ടിവന്നത് ഒരു വാണിജ്യ പ്രസ്ഥാനം നടത്തുന്ന അവസരത്തിൽ ആണ്. എന്നിരുന്നാലും, ഈ വാക്ക് പറയുമ്പോഴും, ഈ വാക്ക് ശരീര ഭാഷയിൽ പ്രതിഫലിക്കില്ല എന്ന പോരായ്മ നിലനിന്നു.
ഒരിക്കൽ ഒരു വകുപ്പിലെ 'officer' ഈ വിധം പറഞ്ഞു: നിങ്ങൾക്ക് officerമാരോട് പെരുമാറാൻ അറിയില്ല. നിങ്ങൾ തിരിച്ച് സംസാരിക്കുന്നു.
അപ്പോൾ എന്നിൽ നിന്നും വന്ന പ്രതികരണം അതിനേക്കാൾ വിവരക്കേടായിരുന്നു:
ഞാൻ എന്‍റെ തൊഴിലാളികളോട് പോലും വളരെ മാന്യമായാണ് സംസാരിക്കാറ്.
അപ്പോൾ ആ 'officer' വൻ വ്യക്തി വിരോധത്തിൽ കാര്യം വ്യക്തമാക്കി.
'officer'മാരോട് നിങ്ങൾ പെരുമാറേണ്ടത് നിങ്ങളുടെ തൊഴിലാളികളോട് നിങ്ങൾ പെരുമാറുന്നത് പോലെയാണോ?
ഈ ഓഫിസറോട് ഇങ്ഗ്ളിഷിൽ സംസാരിക്കാനുള്ള ഒരു സാഹചര്യം അയാളിലും ആ ഓഫിസിലും കണ്ടില്ല.
എന്നാൽ, ഒരു വിദ്യാഭ്യാസ പ്രസ്ഥാനത്തിൽ ഒരു ഉന്നതനോട് മലയാളത്തിൽ സംസാരിച്ചപ്പോൾ, അയാൾ പൊട്ടിത്തെറിച്ചു. അയാൾക്കു ചുറ്റും വൻ അടിയാളത്ത ഭാവത്തിൽ ആളുകൾ സന്നിഹിതരായിരുന്നു.
അപ്പോൾ, ഇങ്ഗ്ളിഷിലേക്ക് സംസാരം ഞാൻ മാറ്റി. തുടർന്നങ്ങോട്ട്, സംസാരം വൻ സൗഹൃദത്തിലേക്ക് നീങ്ങി.
ഈ ഒരു അന്തരീക്ഷം പണ്ട് ഏതാണ്ട് 1980കൾ വരെ കേരളത്തിൽ ഉണ്ടായിരുന്നു. ഇങ്ഗ്ളിഷ് അറിയുന്നവർ ഇങ്ഗ്ളിഷ് അറിയുന്ന ഉദ്യോഗസ്ഥരോട് സംസാരിച്ച് കാര്യങ്ങൾ വൻ വ്യക്തിത്വം നിലനിർത്തിക്കൊണ്ട് ചെയ്തെടുക്കും. ഇത് മലയാളത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ വൻ വിരോദം വരുത്തും.
ഇങ്ഗ്ളിഷ് അറിയുന്നവർക്ക് എന്താ കൊമ്പുണ്ടോ എന്നെല്ലാമുള്ള വിഡ്ഢി ചോദ്യങ്ങൾ അന്നുള്ള മലയാളം വാർത്താ പത്രങ്ങളിൽ പലരും എഴുതുമായിരുന്നു.
പിന്നങ്ങോട്ട് ഇങ്ഗ്ളിഷ് പരിജ്ഞാനം യാതൊന്നും ഇല്ലാത്തവരെ സർക്കാർ തൊഴിലിലേക്ക് കയറ്റിവിടാനായിരുന്നു ശ്രമം. അതോടെ, എല്ലാരും മലയാളത്തിൽ കുടുങ്ങി.
ഇന്ന് ഇങ്ഗ്ളിഷ് അറിയുന്ന ഉദ്യോഗസ്ഥരും, പൊതു ജനത്തൊട് ഇങ്ഗ്ളിഷിൽ സംസാരിക്കാൻ ആഗ്രഹിക്കില്ല. കാരണം, സാധാരണക്കാരൻ അവരുടെ നിലവാരത്തിലേക്കങ്ങ് ഉയരും. അത് സമ്മതിച്ചുകൊടുക്കാൻ അവർ തയ്യാറല്ല.
സാർ വിളി ലഭിക്കുന്നതിന്‍റെ സുഖം മനസ്സിൽ കയറിയാൽ പിന്നെ അത് തൊട്ടുകളിക്കാൻ ആരേയും ആരും സമ്മതിക്കില്ല.
പണ്ടൊരിക്കൽ ഒരു ദൂരത്തുള്ള സ്ഥലത്ത് വച്ച് ഒരു സംഭവത്തിൽ കുടുങ്ങിപ്പോയ കാര്യം ഓർക്കുന്നു.
ഒരു വ്യക്തി മരണവക്കിൽ കിടക്കുന്നു. ആ ആളുടെ മുറി തുറന്നത് പോലീസാണ്. കൂടെ ഞാനും കയറേണ്ടിവന്നു.
ഈ വ്യക്തിയെ സർക്കാർ ഹോസ്പിറ്റലിൽ കൊണ്ടുവന്നു. രണ്ട് മധ്യ വയസ്കരായ ഡോക്ടർമാർ പരിശോധിക്കുന്നു. അവർ വൻ മേലാള ഭാവം നിലനിർത്തിയാണ് നിൽക്കുന്നത്. അടുത്ത് നിൽക്കുന്ന ഞാൻ എന്ന വ്യക്തി യാതോരു വിവരവും ഇല്ലാത്ത ആളാണ് എന്ന് അവർക്ക് ധാരണ ലഭിച്ചിട്ടുണ്ടായിരുന്നു എന്ന് വ്യക്തം.
മരണ വക്കിൽ കിടക്കുന്ന വ്യക്തി എന്താണ് കഴിച്ചിട്ടുണ്ടാവുക എന്നത് മുറിയിൽ പോയി നോക്കട്ടെ എന്ന് ഞാൻ ചോദിക്കുന്നു. മര്യാദാ കേടായി യാതോരു വാക്കും ഞാൻ പറയുന്നില്ല.
എന്നാൽ എല്ലാരും കുനിഞ്ഞു നിൽക്കുന്ന ദൃശ്യവേദിയിൽ കുനിയാതെ നിൽക്കുന്ന യാതോരു മേൽവിലാസവും ഇല്ലാത്ത ആളെ അവർക്ക് അരോചകമായി തോന്നിയിരിക്കും എന്നത് വ്യക്തമാണ്.
ഒരു കാറെടുത്ത് മുറിയിൽ പോയി അവിടെ ഉണ്ടായിരുന്ന ചില കാര്യങ്ങൾ എടുത്തുകൊണ്ട് ഡോക്ടർമാർക്ക് കൊടുത്തപ്പോഴും അവരിൽ വൻ ഭാവമാണ് കണ്ടത്.
എന്നാൽ അവരിൽ ആയിരുന്നില്ല തെറ്റ്.
കാരണം മലയാളം പരിസാരന്തരീക്ഷത്തിൽ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ കീഴ് പടിയിൽ നിൽക്കുന്നവരിൽ നിന്നും വളരെ വ്യക്തമായി മാറിനിന്നു വേണം, ഉന്നത പടിക്കാരന്‍റെ സ്വാതന്ത്ര്യവും ശരീര ഭാഷയും എടുക്കാൻ. അല്ലാതെ വെറുതയങ്ങ് ഉന്നത ശരീര ഭാഷ കാണിച്ചാൽ, കീഴ് പടിയിൽ നിൽക്കുന്നവർക്കും സഹിക്കാൻ ആവില്ല.
എന്നാൽ ഞാൻ പ്രകടിപ്പിച്ചത് ഉന്നത വ്യക്തിയുടെ ഭാവം ആവില്ല. മറിച്ച് നിസ്സാരമായ ഇങ്ഗ്ളിഷ് പരിജ്ഞനത്തിന്‍റെ ഭാവം മാത്രമായിരുന്നിരിക്കാം. എന്നാൽ ഇങ്ഗ്ളിഷ് പരിജ്ഞാനം എന്നത് പ്രകടിപ്പിക്കണമെങ്കിലും മറ്റ് ചില കാര്യങ്ങൾ കൈവശം ഉണ്ടായിരിക്കേണ്ടതാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.
സ്വന്തം കൂട്ടരിലെ വ്യക്തി ആളാവാനുള്ള ഭാവം നടിച്ചാൽ പണ്ട് കാലങ്ങളിൽ കീഴ് ജാതിക്കാർ പോലും പൊറുക്കില്ല.
ഇന്നത്തെ എഴുത്ത് ഉപസംഹരിക്കുന്നതിന് മുൻപായി ഇതും കൂടി ഒന്ന് ഓർമ്മപ്പെടുത്തുകയാണ്.
ഇങ്ഗ്ളിഷ് ഭരണ കാലത്ത് സാധരണക്കാരൻ സർക്കാർ ഓഫിസറെയാണ്, ഗുമസ്തനേയും ശിപയിയേയും അല്ല, നേരിട്ട് കാണേണ്ടത് എന്ന കീഴ് വഴക്കം ബൃട്ടിഷ്-മലബറിൽ നടപ്പിലാക്കിയ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ചങ്കുറപ്പ് സമ്മതിച്ചു കൊടുക്കേണ്ടുന്ന ഒന്നു തന്നെ.
എന്നാൽ അന്ന് ഭരണ യന്ത്രം ഇങ്ഗ്ളിഷിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് എന്നതും ഓർക്കേണ്ടുന്ന കാര്യം ആണ്.