top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

31. ഇന്ത്യൻ മാനേജ്മെൻ്റ്

1990കളിൽ ഇന്ത്യയിലേക്ക് BPO (Business Process Offshore) എന്ന പ്രതിഭാസം കടന്നുവന്നു.  ഇതിനെ സൗകര്യപ്പെടുത്തിയത് ഇൻ്റർനെറ്റ് എന്ന മായജാലം ആണ്. അതിന് മുൻപ് ഇങ്ഗ്ളണ്ടും യൂഎസ്സും മറ്റും ഒട്ടുമിക്ക ഇന്ത്യാക്കാർക്കും ഇന്ന് ചൊവ്വാ ഗ്രഹം എന്നു പറയുന്നതു പോലുള്ള വൻ വിദൂരങ്ങളിൽ ആയിരുന്നു.


തുടർന്ന് സോഫ്ട്വേർ വിദ്യകൾ ഇന്ത്യയിലെ ആളുകളെ പഠിപ്പിക്കാൻ ഇങ്ഗ്ളണ്ടിലേയും യൂഎസ്സിലേയും സോഫ്ട്വേർ കമ്പനികൾ ശക്തമായി പ്രവർത്തിച്ചു. അതോടുകൂടി, ഈ വിധ അഭൗമ സാങ്കേതിക വിദ്യകളും ഇന്ത്യാക്കാരിലെ കൈനൈപുണ്യത്തിലേക്ക് കടന്നുവന്നു.


ഇതിനെ തുടർന്ന് പല ഇന്ത്യൻ സംരംഭകരും ഈ വിധ കാര്യങ്ങളുമായി ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങുകയും അവ ഇങ്ഗ്ളണ്ടിലും യൂഎസ്സിലും സ്ഥാപിക്കുകയും ചെയ്തു തുടങ്ങി. ഇനിയങ്ങോട്ട് ഇന്ത്യൻ തൊഴിലുടമകൾക്ക് കീഴിൽ ഇങ്ഗ്ളിഷ് ജനത തൊഴിൽ ചെയ്യേണ്ടുന്ന കാലം ആണ് എന്ന് ഇങ്ഗ്ളണ്ടിലുണ്ടായിരുന്ന ഇന്ത്യൻ കൾചറൽ സൊസൈറ്റി (ഈ സംഘടനയുടെ പേര് ഓർമ്മയില്ല) പ്രഖ്യാപിച്ചു.


ഇന്ത്യൻ തൊഴിലുടമകളുടെ കീഴിൽ എന്തു രീതിയിൽ ആണ് ഇങ്ഗ്ളിഷ് തൊഴിലാളികൾ പെരുമാറേണ്ടത് എന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു മാർഗ്ഗ നിർദ്ദേശം തന്നെ ആ സംഘടന പ്രസിദ്ധീകിരിച്ചു എന്നാണ് ഓർമ്മ.


തൊഴിലുടമയുടെ മുന്നിൽ കുനിയണം, കൈകൂപ്പി വണങ്ങണം എന്നെല്ലാമുള്ള നിർദ്ദേശങ്ങൾ അതിൽ ഉണ്ടായിരുന്നു.  ഈ സംഗതി പ്രസിദ്ധികരിച്ചത് 2000ന് ശേഷം ആണ് എന്നാണ് ഓർമ്മ.


അക്കാലങ്ങളിൽ ഇന്ത്യൻ മാനേജ്മെൻ്റിനെക്കുറിച്ച് (Indian management) വാചാലമായി സംസാരിക്കുന്ന ലേഖന പ്രവാഹം തന്നെ കണ്ടിരുന്നു. എന്നാൽ എന്താണ് ഇന്ത്യൻ മാനേജ്മെൻ്റിന്‍റെ കാതൽ എന്ന കാര്യം മാത്രം ആരും കൃത്യമായി എടുത്തുപറഞ്ഞതായി കണ്ടില്ല.


കൃത്യമായ ഇങ്ഗ്ളിഷ് സംസാരിക്കുന്ന തൊഴിലുടമയും തൊഴിലാളിയും. ഇതിൽ തൊഴിലാളി കൈകൂപ്പി വണങ്ങണമെന്നും മറ്റും എഴുതി കൊടുത്താലും അത് ഒരു തരം കോമാളിത്തരമായി അഭിനയിച്ചു കാണിക്കാനെ ആവുള്ളു. 


ഇന്ത്യൻ മാനേജ്മെൻ്റ് എന്നു പറയുന്നത്, ഇന്ത്യൻ ഭാഷകളിൽ ഉള്ള കോഡിങ്ങാണ്. 


ഈ വിധ ഭാഷകളിൽ ചിന്തിക്കുകയും  സംസാരിക്കുകയും ചെയ്താൽ,  കുനിയണം, എഴുനേൽക്കണം, മുണ്ടിന്‍റെ കുത്തഴിക്കണം എന്നെല്ലാം തുടങ്ങി പലവിധ കാര്യങ്ങളും പ്രത്യേകമായുള്ള പരിശീലനമില്ലതെ വൻ ഗൗവരത്തോടുകൂടി വ്യക്തി നടത്തും. അതിൽ കോമാളിത്തരം ആരും കാണില്ല.


കൃത്യമായ ഇന്ത്യൻ മാനേജ്മെൻ്റ് പ്രകാരം:


1. മുകൾ സ്ഥാനക്കാരനെ സാർ, മാഡം, ആപ്പ്, അങ്ങ്, അങ്ങുന്ന്, ഇങ്ങൾ, സാബ്, മേംസാബ് തുടങ്ങിയ വാക്കുകളിൽ സംബോധന ചെയ്യണം.


2. മുകൾസ്ഥാനക്കാരനെ പരാമർശിക്കുമ്പോഴും സംബോധന ചെയ്യുമ്പോഴും, അയാളുടെ പേരിന് പിന്നിൽ മഹത്വം സൂചിപ്പിക്കുന്ന ഒരു വാക്ക് ചേർക്കണം. ചേട്ടൻ, ചേച്ചി, ഏട്ടൻ, ഏച്ചി, ചേട്ടായി, സാബ്, മേംസാബ്, ജീ, ബായ്,സ്വാമി, തങ്ങൾ, മാഷ്, സാർ, മൌലവി, അച്ഛൻ, അമ്മ, പിതാവ്, അണ്ണൻ, ഇക്ക തുടങ്ങിയ പല പദങ്ങളും പല ഭാഷകളിൽ ഉണ്ട്. അദ്ദേഹം, ഓര്, ഓല്, അവര്, ഉൻ, ഇൻ അങ്ങിനെ പല പദങ്ങളും വേറേയും ഉണ്ട്.


3. കീഴ്സ്ഥാനക്കാരനെ തൂ, നീ, ഇഞ്ഞി, വെറും പേര് തുടങ്ങിയ പദപ്രയോഗങ്ങളിൽ സംബോധന ചെയ്യണം.


4. കീഴ്സ്ഥാനക്കാരനെ പരാമർശിക്കുമ്പോൾ ഉപയോഗിക്കേണ്ടുന്ന ഉസ്, അവൻ, അവള്, ഓൻ, ഓള്, വെറും പേര് തുടങ്ങിയ പല പദപ്രയോഗങ്ങളും ഉണ്ട്.


5. കീഴ് സ്ഥാനക്കാർ തമ്മിൽ യാതോരു ബഹുമാനവും ആദരവും നൽകാതെ തമ്മിൽ സംസാരിക്കണം. തമ്മിൽ പരാമർശിക്കണം.


ഈ വിധ വാക്ക് പ്രയോഗങ്ങൾ വളരെ കൃത്യമായി ഉപയോഗിച്ചുകൊണ്ട് വ്യക്തികളെ ക്രമീകരിച്ചു നിർത്തുന്നതാണ് ഇന്ത്യൻ മാനേജ്മെൻ്റ് എന്നു പറയുന്നത്. ഇത് തമിഴ് നാട്ടിലും കർണ്ണാടകയിലെ ഉൾപ്രദേശങ്ങളിലും വടക്കൻ ഇന്ത്യയിലെ വ്യാവസായിക മേഘലയിലും വളരെ കൃത്യമായി നടത്തപ്പെടുന്നത് നേരിട്ട് കണ്ടിട്ടുണ്ട്.


ഏറ്റവും കീഴിൽ പെട്ടുകിടക്കുന്ന വ്യക്തി തനി ചളിതന്നെയായിരിക്കും.  എന്നാൽ ഇതും പൂർണ്ണമായ ഒരു സത്യമല്ല. ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.


ഈ ഭാഷാ പരമായുള്ള പരിസര സ്വാധീനം മാറ്റാതെ, ഈ വിധ ഇടങ്ങളിലെ സാമൂഹികാന്തരീക്ഷത്തിൽ യാതോരു മാറ്റവും വരുത്താൻ ആവില്ല. തൊഴിലാളികളും തൊഴിൽ മേധാവികളും ഒരേ പോലെ ഈ കോഡിങ്ങിൽ പെട്ടുകിടക്കുന്നവരാണ്. തൊഴിൽ മേധാവികൾ ദുഷ്ടരാണ് എന്ന ചിന്താഗതിയിൽ ഈ കാരണത്താൽ സത്യമില്ലതന്നെ.


1989ന് ചുറ്റുപാടിൽ അന്നത്തെ ഉത്തർ പ്രദേശിൽ Telco വ്യവസായത്തിൽ രാജൻ നായർ എന്ന വ്യക്തി വിപ്ളവ കൊടി ഉയർത്തിയ സംഭവം ഓർമ്മവരുന്നു. മുഖത്ത് പൌഡർ ഇടുന്നതുപോലുള്ള ഒരു മുഖച്ഛായ വൃത്തിയാക്കൽ മാത്രമേ ഈ വിധ പദ്ധതികൊണ്ടെല്ലാം നടക്കുകയുള്ളു. 


മഹത്തായ ഇന്ത്യൻ മാനേജ്മെൻ്റിനെക്കുറിച്ച് സംസാരിക്കുന്ന അവസരത്തിൽ മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ വ്യക്തമായി പറഞ്ഞാൽ, ഇത് ഒരു ദുഷ്ടത നിറഞ്ഞ മനുഷ്യ നിർവ്വഹണ സംവിധാനം തന്നെയാണ് എന്ന് മനസ്സിലാക്കപ്പെടും. അതിനാൽ തന്നെ ആ കാര്യം പറയാതെ മറ്റ് കാര്യങ്ങൾ പറഞ്ഞാണ് പലരും ഇന്ത്യൻ മാനേജ്മെൻ്റിന്‍റെ അസുലഭ സാധ്യതകളെക്കുറിച്ച് വാചാലമാകാറ്.


ഈ അസുലഭ സാധ്യതകളുടെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകുന്നില്ല. എഴുത്തിന്‍റെ ഒഴുക്കിലേക്ക് തിരിച്ചു പോകുകയാണ്.


ഈ വിധമായുള്ള, ഇന്ത്യൻ മാനേജ്മെൻ്റിലെ വ്യക്തികളെ ഘടനപ്പെടുത്തിവെക്കൽ മുകളിൽ സൂചിപ്പിച്ചതു പോലെ വളരെ ലളിതമായ ഒരു അടുക്കിവെക്കൽ അല്ല. ഈ മുകളിൽ പരാമർശിച്ച ഉന്നതർ എന്നവരും കീഴിൽ നിൽക്കുന്നവർ എന്നവരും യഥാർത്ഥത്തിൽ ഒരു വൻ സങ്കീർണ്ണത നിറഞ്ഞുനിൽക്കുന്ന ഒരു കാര്യം തന്നെയാണ്.


ജപ്പാനിലെ ഫ്യൂഡൽ ഭാഷയെക്കുറിച്ച് ചെറിയ തോതിൽ മനസ്സിലാക്കിയത്, അവിടെ ഒരൊറ്റ ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയുടെ സാന്നിദ്ധ്യം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ്. ഇന്ത്യൻ പട്ടാളത്തിലേത് പോലെ.


എന്നാൽ ദക്ഷിണേഷ്യയിലെ കാര്യം തികച്ചും വ്യത്യസ്തമാണ്.


ഇവിടെ പലവിധ ജനവംശങ്ങൾ ലോകത്തിന്‍റെ നാനാ ഭാഗത്തു നിന്നും വന്നടിഞ്ഞിരുന്നു. ഇത് സാമൂഹിക ആശയവിനിമയത്തിൽ വൻ കലർപ്പും ആശയക്കുഴപ്പങ്ങളും വരുത്തിക്കാണും.


ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയെ വയസ്സ് എന്ന കാര്യം പുനർ ഘടന ചെയ്തിരുന്നു. എന്നുവച്ചാൽ, ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയിലെ ഏതു പടിയിലും വയസ്സ് എന്ന കാര്യം അവിടെതന്നെ വീണ്ടും ഒരു ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടി നിർമ്മിച്ചിരിക്കും.


കാലാകാലങ്ങളായി ഒരു സാമൂഹിക ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയും, അതിനുള്ളിൽത്തന്നെ ഓരോ പടിക്കുള്ളിലും വയസ്സുമായി ബന്ധപ്പെട്ട മറ്റൊരു ചെറുകിട ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയും. ഇതായിരുന്നു ദക്ഷിണേഷ്യൻ സാമൂഹികാന്തരീക്ഷത്തിന്‍റെ മുഖ്യമായ രൂപഘടന.


ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവ് ഈ സാമൂഹിക ഘടനയിൽ ഒരു വൻ വൈറസ് ആണ് കടത്തിവിട്ടത്.


പ്രാദേശിക ഭാഷയിലെ ഉരുക്കുതുണ്ടുമാതിരിയുള്ള ഈ സാമൂഹിക ഏണിപ്പടിയിൽ ആകെ കോലാഹലവും തകിടംമറിക്കലും സംഭവിച്ചു. ഓരോ പടിയിലേയും വ്യക്തികളെ പിടിച്ച്, പ്രാദേശിക ഭാഷാ കോഡിങ്ങിനെ വകവെക്കാതെ, ഏതെല്ലാമോ പടികളിലേക്ക്, ചിട്ടുകളിയിലെ playing cardsനെ കശക്കുന്നതു മാതിരി കൂട്ടിക്കുഴച്ചുവിട്ടു.


ഈ വിധമായുള്ള ഒരു സാമൂഹിക shuffling നടത്തുന്നതോടൊപ്പം, പ്രാദേശിക ഫ്യൂഡൽ ഭാഷകളെ English East India Company നിരോധിക്കുക കൂടി ചെയ്തിരുന്നുവെങ്കിൽ, ഇതുമായി ബന്ധപ്പെട്ടുകൊണ്ട് വന്ന പലവിധ സാമൂഹിക വേദനകളും വരാതെ നോക്കാമായിരുന്നു.


ഇതെങ്ങിനെ ഇങ്ഗ്ളിഷ് കമ്പനിക്ക് ചെയ്യാൻ പറ്റും എന്ന  സംശയം വായനക്കാരനിൽ വരുന്നുണ്ട് എങ്കിൽ, ഓർക്കുക, നൂറ്റാണ്ടുകൾക്കുമപ്പുറം തൊട്ട് നിലനിന്നിരുന്ന അടിമത്തം നിരോധിക്കാൻ ഈ കമ്പനിക്ക് ആയിരുന്നു.


നൂറ്റാണ്ടുകൾ നിലനിന്നിരുന്ന സ്ത്രീകളെ ജീവനോടുകൂടി കത്തിക്കുന്ന രസികൻ ആചാരപദ്ധതി ഈ കമ്പനിക്ക് നിരോധിക്കൻ പറ്റിയിരുന്നു.


പോരാത്തതിന്, ഇതേ പോലെ തന്നെ നൂറ്റാണ്ടുകൾ വടക്കൻ പ്രദേശങ്ങളിലെ വ്യാപര തെരുവോരങ്ങളിൽ വൻ ഉള്‍ക്കിടിലവും പേടി സ്വപ്നവുമായി നിലനിന്നിരുന്ന Thugeeകളെ അടിച്ചമർത്താനും ഈ കമ്പനീ ഭരണത്തിന് ആയിരുന്നു.


ഇതൊക്കെ അസാധ്യമായ കാര്യങ്ങൾ തന്നെയായിരുന്നു. എന്നാൽ പ്രാദേശിക ഭാഷയിലാണ് എല്ലാവിധ പൈശാചികതയും ഒളിഞ്ഞുകിടക്കുന്നത് എന്ന കാര്യം യാതോരു രീതിയിലും കമ്പനി ഉദ്യോഗസ്ഥരിൽ കയറിവന്നില്ല.


പകരം, അവരിൽ വന്ന വൻ വിവരം ഈ ഉപഭൂഖണ്ഡത്തിലെ വിദൂര ബ്രാഹ്മണ ഭവനങ്ങളിൽ വൻ പഴക്കമുള്ള സംസ്കൃത കൃതികൾ ഉണ്ട് എന്നും അവയെല്ലാം പുറത്തുകൊണ്ടുവന്ന് എല്ലാർക്കും വായിക്കാനും പഠിക്കാനും സൗകര്യപ്പെടുത്തണം എന്നുമായിരുന്നു.


പ്രാദേശിക ഭാഷയിലെ ഗാനങ്ങൾക്ക് വിണ്ണിലെ വെൺചന്ദ്രലേഖയുടെ സൗന്ദര്യം ഉണ്ട് എന്ന കണ്ടുപിടുത്തമാണ് അവരിൽ വന്ന മറ്റൊരു വിവരം. എന്നാൽ ഈ സൗന്ദര്യം യഥാർത്ഥത്തിൽ വിഷത്തെ പൊതിഞ്ഞുനിൽക്കുന്ന തേൻതുള്ളിമാത്രമാണ് എന്ന വിവരം അവർക്ക് കിട്ടിയില്ല.  ഇന്നും ഈ വിവരം അവരിൽ വന്നിട്ടില്ലാ എന്നാണ് തോന്നുന്നത്.


പ്രാദേശിക തുണ്ടു ഭാഷകളിലേക്ക് സംസ്കൃത വാക്കുകളും പദപ്രോയഗങ്ങളും അവ്യയങ്ങളും, ഉപസർഗ്ഗങ്ങളും,  പദരൂപഭേദങ്ങളും (Sanskrit particles, prefixes and inflexions - quoting Tobias Zacharias 1907), പുരാണങ്ങളും വേദസാഹിത്യവും മറ്റും തിരുകി നിറച്ചപ്പോൾ, ഓരോ പ്രദേശത്തിലേയും ജനക്കൂട്ടങ്ങൾക്ക് അവരുടെ പാരമ്പര്യ വംശീയത തന്നെ മറന്നുപോയി. ആവിധ കാര്യങ്ങൾ സാമൂഹീക ചിന്തകളിൽ നിന്നും മാഞ്ഞു പോയി. എല്ലാരും ഹൈന്ദവ പാരമ്പര്യത്തിന്‍റെ പിന്മുറക്കാരായത് ഈ വിധമാണ്.


ഇന്ന് എഴുതാൻ വന്നത് മറ്റൊരു കാര്യമായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ വാക്കുകൾ നീണ്ടുപോയിരിക്കുന്നു. അതിനാൽ പറയാൻ വന്ന കാര്യം അടുത്ത എഴുത്തിൽ ആവാമെന്ന് കരുതുന്നു.

bottom of page