ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
40. പമ്പര വിഡ്ഢികൾക്ക് പ്രബുദ്ധത വന്നുവെന്ന അവകാശവാദം
ബൃട്ടിഷ് - മലബാറിൽ ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യത്തിലൂടെ സർക്കാർ സേവനത്തിലെ ഉന്നത പദവികളിൽ ചേർന്ന വ്യക്തികളിൽ ഉദ്യോഗസ്ഥ അഴിമതിയെക്കുറിച്ച് വ്യക്തമായി നിലനിന്നിരുന്ന കാഴ്ചപ്പാട്, തിരുവിതാംകൂർ രാജ്യത്തിലേയും, അതിന് ശേഷം വന്ന തിരുകൊച്ചി സംസ്ഥാനത്തിലേയും, അതിനും പിന്നീട് വന്ന തെക്കൻ കേരള ജില്ലകളിലേയും ഉദ്യോഗസ്ഥരിൽ ഉണ്ടായിരുന്ന കാഴ്ചപ്പാടിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു.
ദക്ഷിണേഷ്യയുടെ പല ഭാഗങ്ങളിലും കൊള്ളയടി എന്നത് ഒരു മാന്യമായ ജീവിതചര്യയായി നടത്തിപ്പോന്ന പല ജനവംശങ്ങളും നിലനിന്നിരുന്നു. അവയിൽ പല വംശങ്ങളുടേയും ഈ ജീവിതവൃത്തി നിർത്തലാക്കിയത് English East India Company ഭരണമായിരുന്നു.
എന്നിരുന്നലും പലദിക്കിലും ഈ വിധ ജനവംശങ്ങൾ അവരുടെ പാരമ്പര്യ സംസ്കാരത്തെ ഈ അടിച്ചമർത്തിൽ നിലച്ചുപോകാതെ നിലനിർത്തിയിരുന്നു.
1990കളുടെ അന്ത്യവർഷങ്ങളിൽ ഒന്നിൽ ഞാൻ ഡെൽഹിയിൽ ജീവിച്ചിരുന്നപ്പോൾ അന്ന് മനസ്സിലാക്കിയത്, ഡെൽഹിക്ക് പുറത്തായുള്ള ചില ഗ്രാമങ്ങളിലെ ജനങ്ങൾ വൻ സാമ്പത്തിക ഐശ്വര്യത്തോടുകൂടിയാണ് ജീവിക്കുന്നത് എന്നതാണ്. എന്നാൽ ഇവർക്ക് വ്യക്തമായ ഒരു ധന സമ്പാദ്യമാർഗ്ഗം ഇല്ലായിരുന്നു. ഇവരുടെ പ്രധാന പദ്ധതി ഡെൽഹിക്കു പുറത്തായുള്ള ചില റോഡുകളിൽ രാത്രികാലങ്ങളിലും മറ്റും അതുവഴി വരുന്ന ഒറ്റപ്പെട്ട വാഹനങ്ങളെ നിർത്തി കൊള്ളയടിക്കുക എന്നതായിരുന്നു പോലും.
ഈ കൊള്ള നടത്തുന്ന ആളുകൾ മാന്യമായ കുടുംബ ജീവിതവും മറ്റും നടത്തുന്നവരാണ്. ദൈവവിശ്വാസവും ഉണ്ടാവും.
ഇവരുടെ ഇടിയിൽ ജീവിക്കുന്ന ആർക്കും, തങ്ങൾ ചെയ്യുന്ന കൊള്ള എന്നത് ഒരു തെറ്റായ കാര്യം ആണ് എന്നു തോന്നില്ല.
അതു പോലെ തന്നെ ഞാൻ മറ്റൊരു സംസ്ഥാനത്ത് വച്ച്, ലൈംഗിക തൊഴിൽ ഏർപ്പെടുന്ന കുറെ ചെറുപ്പക്കാരികൾ ജീവിക്കുന്ന ഒരു വൻ കെട്ടിടത്തിൽ പോയ കാര്യം ഓർമ്മിക്കുന്നു.
അവരുടെ ഇടയിൽ ചെന്നുനിന്നപ്പോൾ, അവരും എല്ലാരിതിയിലും പ്രാദേശികരായുള്ള മറ്റ് സ്ത്രീകളെ പോലതന്നെ. ഇവരുടെ ഇടയിൽ ജീവിക്കുന്ന സ്തീകളിൽ എന്നാൽ തങ്ങൾ ചെയ്യുന്ന തൊഴിൽ ഒരു തെറ്റായ തൊഴിലാണ് എന്ന ഭാവം മാത്രം കണ്ടില്ല.
ഒരു വ്യക്തിയെ അവരുടെ മുന്നിൽ കുനിപ്പിച്ച് നിർത്തി, പലതും ചെയ്യിച്ച്, ഒരു വൻ തുക അയളിൽ നിന്നും ഈടാക്കാൻ പറ്റിയാൽ, അത് വൻ മിതപ്പും സന്തോഷവും ലഭിക്കുന്ന കാര്യം തന്നെ ഈ ആളുകൾക്ക് എന്ന തോന്നലാണ് വന്നത്.
(ഇതുമായി ബന്ധപ്പെട്ട് മറ്റ് ചിലകാര്യങ്ങൾ പറയാവുന്നതാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.)
തിരുവതാംകൂറിലെ ഉദ്യോഗസ്ഥരിലും ഏതാണ്ട് ഇതേ ഭാവമാണ് കണ്ടത്. സർക്കാർ ഓഫിസുകളിൽ വരുന്ന സാധാരണ വ്യക്തിയെ ശരിക്കും ഒന്ന് ഉഴലിച്ച്, കുനിഞ്ഞ് നിന്ന് സാർ എന്ന് വിളിപ്പിച്ച്, പൈസ തട്ടിയെടുക്കാൻ കഴിഞ്ഞാൽ, ഈ ഉദ്യോഗസ്ഥരായ പുരുഷന്മാരിലും സ്ത്രീകളിലും വൻ ചാരിതാർത്ഥ്യമാണ് വരിക. ജീവിത സാഫല്യവും ദൈവാദീനവും ഇവർ ഇതിൽ കണ്ടെത്തും.
ഇതിന് പകരം അവരോട് അവർ ചെയ്തത്, ഒരു തട്ടിപ്പും കൊള്ളയടിയും ആണ് പറഞ്ഞാൽ ആ പറഞ്ഞത് തനി ഭ്രാന്താണ് എന്ന രീതിയിലാണ് അവർ മനസ്സിലാക്കുക.
ഇതിൽ ഭാഷാപരമായി നിലനിൽക്കുന്ന ഒരു കാര്യം കൂടിയുണ്ട്. ഇവർ ശരിക്കും ഒരു കൊള്ളക്കാരന്‍റേയോ അഭിസാരികയുടേയോ ഭാവത്തിലല്ല ഈ വിധം കൈക്കൂലി വാങ്ങിക്കുന്നത്. കൈക്കൂലി എന്നത് ഈ വിധമാണ് എന്ന തെറ്റിദ്ധാരണ ബൃട്ടിഷ്-മലബാറിലെ ഇങ്ഗ്ളിഷ് ഭാഷാ പശ്ചാത്തലം ഉള്ള ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണ മാത്രമാണ്.
ദക്ഷിണേഷ്യൻ ഭാഷകളിൽ കാണിക്ക, അർച്ചണം, കാഴ്ചാദ്രവ്യം എന്നെല്ലാം രീതിയിൽ മനസ്സിലാക്കപ്പെടുന്ന ഒരു സമ്പ്രദായം ഉണ്ട്. വലിയർക്ക് നൽകുന്ന ഒരു പാരിതോഷികം. ഈ ഒരു കാര്യത്തെക്കുറിച്ച്, ഇങ്ഗ്ളണ്ടിൽ അക്കാലങ്ങളിൽ കാര്യമായ വിവരം ഇല്ലായിരുന്നു എന്നു മനസ്സിലാക്കുന്നു. ഇത് വൻ പ്രശ്നങ്ങളിലേക്ക് Robert Cliveനെ നിയിച്ചിരുന്നു. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.
നീ എന്ന വ്യക്തി അങ്ങ് എന്ന വ്യക്തിയുടെ മുന്നിൽ വന്ന്, കുനിഞ്ഞു നിന്ന് നൽകുന്ന ഒരു കാഴ്ചാ വസ്തുവാണ് ഇത്. ഇങ്ഗ്ളിഷിൽ വേണമെങ്കിൽ ഇതിനെ homage എന്നു പറയാം എന്നുതോന്നുന്നു.
വലിയവർക്ക് വലിയ കാഴ്ചാ ദ്രവ്യം നൽകേണം. ഇത് താഴ്ന്ന വ്യക്തിയ്ക്ക് വലിയ ആളോടുള്ള മതിപ്പിന്‍റെ ഒരു അളവായി കാണപ്പെടും.
യാതോരു കാണിക്കയും നൽകാതെ കാര്യസാധ്യത്തിന് സർക്കാർ ഓഫിസിൽ കയറിവരുന്ന സാധാരണക്കാരൻ ഒരു കള്ളനാണ് എന്ന തിരിച്ചറിവാണ് ഉദ്യോഗസ്ഥരിൽ വരിക. പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ ഉദ്യോഗസ്ഥൻ എന്നത് ഭക്തവൽസലനായ ദിവ്യവ്യക്തിയാണ്.
വ്യക്തമായ കാണിക്കയും പൂജദ്രവ്യവും വഴിപാടും മറ്റും വൻ ഭക്തിയോടുകൂടി സമർപ്പിച്ച്, ആരാധനാ ഭാവത്തിൽ നിൽക്കുന്ന സാധാരണക്കാരന് ഉദ്യോഗസ്ഥൻ / ഉദ്യോഗസ്ഥ ആവുന്നതെല്ലാം നൽകും.
ഇത് യഥാർത്ഥത്തിൽ തിരുവിതാംകൂർ പ്രദേശത്തിലും രണ്ട് മലബാറുകളിലും, പ്രാദേശിക ഫ്യൂഡൽ ഭാഷ കാലാകാലങ്ങളായി നിലനിർത്തിയ ഒരു ആചാരം തന്നെയായിരുന്നു. ദക്ഷിണേഷ്യയിൽ മുഴുവൻ പ്രദേശത്തിലും ഇതു തന്നെയായിരുന്നിരിക്കാം വാസ്തവം.
ബൃട്ടിഷ്-മലബാറിലെ ഇങ്ഗ്ളിഷ് പ്രാവീണ്യത്താൽ വൻ ഉദ്യോഗത്തിൽ ചേർന്ന വ്യക്തികൾക്ക് ഈ വിധമായുള്ള ഒരു കാണിക്കയുടെ കാര്യം അറിയല്ലായെന്നുമാത്രമല്ല, അത് അത്രകണ്ട് സുഖിക്കുന്ന ഒരു കാര്യവും അല്ലതന്നെ.
കാരണം, ഇങ്ഗ്ളിഷ് ഭാഷയിൽ, മറ്റൊരു വ്യക്തി തന്‍റെ മുന്നിൽ കുനിഞ്ഞ് നിൽക്കുക, സാർ, സാർ എന്ന് വിളിച്ച് യാചിക്കുക, തുടങ്ങിയ കാര്യങ്ങൾ ഒരു മാനസിക താളം തെറ്റിയ പെരുമാറ്റവും, വെറങ്ങലിച്ച വ്യക്തിത്വഭാവവും ആയി മാത്രമേ കാണാൻ ആവുള്ളു.
ഇവർക്ക് മുകളിൽ നിൽക്കുന്നത് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരാണ്. ആ കൂട്ടരുടെ മാനസിക ഭാവങ്ങളും പെരുമാറ്റ രീതികളും ഭാഷാ പരമായുള്ള ശൈലികളും വസ്ത്രധാരണ രീതികളും സത്യസന്ധതയും കാര്യക്ഷമതയും, കൃത്യനിഷ്ടയും വാക്കുപാലിക്കണം എന്ന ഭാവവും, സാമൂഹിക സ്വമത്വ രീതികളും മറ്റും ഒപ്പിയെടുക്കുന്നതിൽ ആണ് ഈ ഉദ്യോഗസ്ഥർ ജീവിത സാഫല്യവും ജീവിത വിജയവും കണ്ടിരുന്നത്.
സർക്കാർ ഓഫിസിൽ കയറി വരുന്ന വ്യക്തിയിൽ നിന്നും പൈസ പറഞ്ഞു വാങ്ങിക്കുന്നത്, ഒരു കളവായിത്തന്നെയാണ് ഇക്കൂട്ടർ കണ്ടത്.
ബസ്സിൽ യാത്ര ചെയ്യുന്നവർ അവരുടെ മുന്നിൽ നിൽക്കുന്നവരുടെ പാൻ്റിൻ്റെ പിന്നിലെ കീശയിൽ നിന്നും പൈസ കൈയിട്ടു വാരിയെടുക്കില്ല എന്നു പറഞ്ഞതു മാതിരിയാണ് കാര്യങ്ങൾ. ഇങ്ങിനെ ആരെങ്കിലും ചെയ്യുന്നുണ്ട് എങ്കിൽ അയാൾ പോക്കറ്റടിക്കാരൻ ആണ്.
തസ്കര വംശീയരായുള്ളവർ ആണ് ബസ്സിൽ കയറിയത് എന്നു ചിന്തിക്കുക. മുന്നിൽ നിൽക്കുന്ന ആളുടെ പോക്കറ്റിൽ പണം ഇരിക്കുന്നത് അവർ കാണുന്നു. എങ്കിൽ, അവർ ആ പണം തട്ടിയെടുക്കാൻ ബദ്ധപ്പെടും. അതിൽ വിജയിച്ചാൽ, അവരിൽ വൻ ആത്മമതിപ്പാണ് വരിക.
ഇതേ പോലെതന്നെയായിരുന്നു അന്ന് തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗസ്ഥരും.
എനിക്ക് ഏതാണ്ട് മൂന്ന് വയസ്സോ മറ്റോ ഉള്ളപ്പോൾ, തിരുവിതാംകൂറിൽ നിന്നും ഒരു സർക്കാർ ഗുമസ്തൻ സ്ഥലമാറ്റത്താൽ Mrs. CPSന്‍റെ ഓഫിസിൽ ചേർന്നു. ഈ ആൾ നല്ല മനുഷ്യനാണ്. നല്ല പെരുമാറ്റം. എന്നാൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ആളിൽ വൻ വിരോധവും മറ്റും വളർന്നുവെന്ന് തോന്നുന്നു. കൈക്കൂലി വാങ്ങിക്കുന്ന യാതോരു സംവിധാനവും ഇല്ലായെന്നത്, മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന്‍റെ കഴിവുകേടും മാനസിക പാപ്പരത്തവും ആയി ഈ ആൾ പറഞ്ഞുപോലും.
സാധാരണക്കാർ നേരിട്ട് ഓഫിസിലെ പ്രധാന ഉദ്യാഗസ്ഥനെ നേരിട്ട് കണ്ട് അപേക്ഷകൾ നൽകണം എന്നതു കൂടികേട്ടപ്പോൾ, ഇത് എന്ത് നാടാണ് എന്ന രീതിയിൽ ഈ ആളിൽ മാനസിക അങ്കലാപ്പ് വന്നുവെന്ന് തോന്നുന്നു.
തിരുവിതാംകൂറിൽ ഈ വിധം ഓഫിസിലെ മുഖ്യ ഉദ്യോഗസ്ഥനെ സാധരാണക്കാർ നേരിട്ട് കാണാനുള്ള അവസരം നൽകിയാൽ, പലരും കിട്ടിയ അവസരം പാഴാക്കില്ല. സാറെ എന്ന് വിളിച്ചുകൊണ്ട് തന്നെ നിയമവും വകുപ്പും ഒന്ന് പഠിപ്പിച്ചുവിടും, എന്നാതാണ് പേടി.
1956ൽ മലബാറിനെ തിരുവിതാംകൂറിനോട് ചേർത്തപ്പോൾ, മലബാറിലെ ഉന്നത ഉദ്യോഗസ്ഥർ ചെന്ന് കയറിയത് കൊള്ളയടി ഗ്രാമക്കാരുടെ കൂട്ടത്തിൽ ആയിപ്പോയി എന്ന് മലബാർ ഉദ്യോഗസ്ഥർക്ക് തോന്നിക്കാണും.
എന്നാൽ തിരുവിതാംകൂർ ഉദ്യോഗസ്ഥർ മനസ്സിലാക്കിയത്, മറ്റൊന്നായിരുന്നിരിക്കാം.
മലബാറിൽ യാതോരു കാണിക്കയും ലഭിക്കാതേയും യാതോരു ഭക്തരുമില്ലാതേയും വെറും തരിശ്ശായ സർക്കാർ തൊഴിലും ചെയ്ത് മനസ്സു ദ്രവിച്ചു നിൽക്കുന്ന, ഇങ്ഗ്ളിഷുകാരുടെ ചവിട്ടും കുത്തും ലഭിച്ച്, അവരുടെ ഭാഷയും പഠിച്ച, അങ്ങിനെ അടിമത്തത്തിൽ ജീവിക്കുന്ന വ്യക്തികൾ.
തിരുവിതാംകൂറിലേക്ക് വന്നപ്പോഴാണ് ഈ പമ്പര വിഡ്ഢികൾക്ക് കാര്യവിവരവും, വകതിരിവും വിവേക ബുദ്ധിയും ജ്ഞാനോദയവും പ്രബുദ്ധതയും കൈവന്നത്.