ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
48. മലയെ കുത്തനെ മറിച്ചിടാൻ പറ്റില്ലതന്നെ
പറഞ്ഞുവന്നത്, ഫ്യൂഡൽ ഭാഷകൾ സ്വമേധയാ സൃഷ്ടിക്കുന്ന സാമൂഹികാന്തരീക്ഷവും ആ വിധ സമൂഹങ്ങളിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തെക്കുറിച്ചുമാണ്.
ഈ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൻ്റെ മുഖമുദ്രയായി നിലനിൽക്കുക, നമ്പൂതിരിമാരെപ്പോലുള്ള ഉന്നതരും, അവരുടെ കീഴിൽ നിൽക്കുന്ന നായർമാരെപ്പോലുള്ള ഒരു കൂട്ടരും ആണ്. ഈ നായർമാരോട് ഒട്ടിനിന്ന്, നായർമാരുടെ ദുഷ്ട് വാക്ക് പ്രയോഗ സ്വാതന്ത്ര്യവും അധികാരത്തിൻ്റെ നിഴലും മര്യാദകേടും മറ്റും പ്രതിഫലിക്കുന്ന ഒരു കൂട്ടർ ഓരോ നായർ പ്രസ്ഥാനത്തിന് കീഴിലും നിൽക്കും. ഇതാണ് ആ ചിത്രം.
ഈ ചിത്രത്തിന് കീഴിലായി, തമ്മിൽ പാരവച്ചും പിന്നിൽ നിന്നും കുത്തിപ്പരിക്കേൽപ്പിച്ചും, ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന് വൻ വിധേയത്വം കാഴ്ചവച്ചും ജീവിക്കുന്ന പലതട്ടുകളായുള്ള ജനവംശങ്ങൾ.
ഇതാണ് ദക്ഷിണേഷ്യൻ സാമൂഹിക രൂപകൽപ്പനയുടെ ലളിത ചിത്രം.
ഈ വിധമായുള്ള ചിത്രത്തിൽ ഉദ്യോഗസ്ഥരായി ജീവിക്കുന്നവർ, അതായത്, അധികാരികൾ എന്ന് ഫ്യൂഡൽ ഭാഷകളിൽ നിർവ്വചിക്കപ്പെടുന്നവർ വൻ സമ്പത്ത് കരസ്ഥമാക്കും. എന്നുവച്ചാൽ, ഓരോ നാട്ടിലേയും വിഭവ സ്രോതസ്സുകൾ നൽകുന്ന വരുമാനത്തിൻ്റെ ഏതാണ്ട് 80 മുതൽ 90 ശതമാനം വരെ സമ്പത്ത് ഈ കൂട്ടരും, അവരുടെ കീഴിൽ നിൽക്കുന്ന അവരുടെ കാര്യനിർവ്വാഹക സംഘക്കാരും കരസ്ഥമാക്കിയിരിക്കും.
ഇതിൻ്റെ വ്യക്തമായ കാരണം, ഉന്നതരായി കണക്കാക്കപ്പെടുന്നവരിൽ കൂടുതൽ സമ്പത്ത് കാണുന്നത് ഭാഷാ വാക്കുകളിലും ശരീര വിധേയത്വത്തിലും നൽകുന്ന ആദരവിന് ഒരു ന്യായീകരണമായി മനസ്സിലാക്കപ്പെടും. അത് ഒരു ആസ്വാദ്യത തരുന്ന കാര്യമാണ്.
ഉന്നതനായി കാണപ്പെടുന്ന വ്യക്തിക്ക് കാര്യമായ സമ്പത്തും അധികാരവും ഇല്ലായെന്ന തിരിച്ചറിവ്, താൻ കബളിപ്പിക്കപ്പെട്ടു പോയി എന്ന തരത്തിലുള്ള ഒരു വേവലാതിയായി മനസ്സിൽ പതിക്കും.
പോരാത്തതിന്, നീ, ഓൻ, ഓള്, അനെ, അളെ, എടാ, പോടാ, പോടീ, മോനെ, മോളെ, ചെക്കൻ, പെണ്ണ്, വെറും പേര് തുടങ്ങിയ വാക്കുകളിൽ ഉന്നതനും അയാളുടെ അനുചരന്മാരും നിർവ്വചിക്കുമ്പോൾ, വ്യക്തിയിൽ. മൂല്യചോഷണം സംഭവിക്കും. തനിക്ക് ചെറിയ വരുമാനത്തിനും ചെറിയ ജീവിത സൗകര്യങ്ങൾക്കും മാത്രമേ അർഹതയുള്ളവെന്ന തോന്നൽ മനസ്സിൽ സ്വമേധയാ കയറിവരും.
ഉന്നതൻ്റെ മുന്നിൽ ഇരിക്കുന്നത് തന്നെ ആ ഉന്നതൻ്റെ സാന്നിദ്ധ്യത്തിലും ചുറ്റുപാടിലും വൃത്തികേട് പടർത്തുന്നതാണ് എന്ന ചിന്ത തന്നെ കീഴിൽ പെട്ടുപോയ വ്യക്തിയിൽ കയറിവരും.
ഈ ചിന്താ ഗതിയിൽ ഒരു വസ്തുതയും ഉണ്ട്.വളരെ കീഴിൽ നിൽക്കുന്ന വ്യക്തി ഉന്നതോട് സമത്വം പ്രകടിപ്പിച്ചാൽ, ഉന്നതൻ നാറും. ഇതും ഫ്യൂഡൽ ഭാഷകളിലെ ഒരു വാസ്തവം തന്നയാണ്.
ശ്രേഷ്ഠ ഭാഷ ആളെ നാറ്റിക്കുന്ന ഭാഷയാണ് എന്ന് അർത്ഥം.
വേറൊരു കാര്യം പറയാം.
ഇന്നത്തെ ഇന്ത്യയിലെ പല ഉന്നത സാമ്പത്തിക കഴിവും ഉള്ള ആളുകളുടെ മക്കൾ, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടക്കുന്നുണ്ട്. അവിടെ അവർ അവിടുള്ള സാധാരണ തൊഴിലുകാരുടെ കുടെ, അതേ പോലുള്ള തൊഴിലുകൾ ചെയ്തു ജീവിക്കുന്നു. എന്നാൽ ഇന്ത്യയിലെ ഇതേ പോലുള്ള തൊഴിലുകൾ ചെയ്യുന്നവരുടെ കൂടെ ജീവിക്കാൻ ഇവർ ഇഷ്ടപ്പെടില്ല.
പറയാൻ വന്ന കാര്യത്തിൽ നിന്നും എഴുത്ത് വഴിതെറ്റിപ്പോയി എന്നു തോന്നുന്നു.
പറയാൻ വന്നത് മറ്റൊരുകാര്യമാണ്.
ഫ്യൂഡൽ ഭാഷയാണ് ഇന്നത്തെ ഭരണ ഭാഷ. എന്നാൽ ഇന്ത്യൻ ഭരണ ഘടന, ഇങ്ഗ്ളിഷിൽ ഉള്ള ഒരു രചനയാണ്. ഇങ്ഗ്ളിഷ് ഭാഷയിലെ മനുഷ്യവ്യക്തിത്വവും, മനുഷ്യാവകാശങ്ങളും അതിൽ ലിഖിതപ്പെടുത്തിയിട്ടുണ്ട്.
ഈ രാജ്യം ഒരു ജനാധിപത്യ രാജ്യമാണ്.
ഇതിനിടയിൽ ഒരു വാസ്തവം പറയാം. 1947വരെ ഈ രാജ്യം ജനാധിപത്യ രാജ്യമായിരുന്നു. ഉദ്യോഗസ്ഥർ ജനങ്ങളുടെ വെറും പണിക്കാരണ് എന്ന വ്യക്തമായ ധാരണ ഇങ്ഗ്ളിഷ് ഭരണത്തിന് ഉണ്ടായിരുന്നു.
1947ൽ നെഹ്റുവിനോട് കൂറുകാണിച്ച കുറെ ചെറുകിട ഉദ്യോഗസ്ഥരാണ്, ദക്ഷിണേഷ്യയുടെ നാലുപാടും ഓടി നടന്ന്, ചുറ്റുമുള്ള രാജ്യങ്ങളെ എല്ലാ പിടികൂടി, നെഹ്റുവിന് അടിയറ പറയിപ്പിച്ചത്.
പിന്നിങ്ങോട്ട്, പടിപടിയായി ഉദ്യോഗസ്ഥ പരമാധികാരവും, മേൽക്കോയ്മയും ആണ് വളർന്നുവന്നത്. ഇങ്ഗ്ളിഷ് ഭരണ കാലത്തെ ഉദ്യോഗസ്ഥർ അല്ല ഇന്ന് ഇവിടെ ഉള്ള ഉദ്യോഗസ്ഥ പ്രസ്ഥാനം.
എന്നാൽ ഭരണ ഘടനാ പ്രകാരം, ഉദ്യോഗസ്ഥർ ജനങ്ങളുടെ പണിക്കാർ മാത്രമാണ്.
എന്നുവച്ചാൽ, IAS, IPS ഉദ്യോഗസ്ഥരെ സാധരണക്കാരനായ ഒരു വ്യക്തിക്ക് നിങ്ങൾ എന്നു സംബോധന ചെയ്യാം. നീ എന്ന് സംബോധന ചെയ്താലും, ഭരണ ഘടനാ പരമായി അതിൽ യാതോരു തെറ്റും കാണില്ല.
എന്നാൽ ഈ വിധം ഒരു സാധാരണ വ്യക്തി സംസാരിച്ചാൽ, മറ്റ് സാധാരണക്കാർക്ക് അത് സഹിക്കാനാവില്ല. അവർ ആ ആളെ പിടിച്ച്, ഇടിച്ച് ചമ്മന്തിയാക്കി പോലീസുകാരെ ഏൽപ്പിച്ച്, സായൂജ്യം നേടും.
IAS, IPS ഉദ്യോഗസ്ഥരെ സാധരണക്കാർക്ക് നിങ്ങൾ എന്ന് സംബോധന ചെയ്യാനാവുന്ന ഒരു ആശയ വിനിയമ ചിട്ട ബൃട്ടിഷ്-മലബാറിൽ നിലനിന്നിരുന്നു എന്ന കാര്യം ഓർക്കാവുന്നതാണ്.
IAS, IPS ഉദ്യോഗസ്ഥർ, അവർക്ക് കീഴിൽ ഉള്ള ഉദ്യോഗസ്ഥരെ നീ എന്നാണ് സംബോധന ചെയ്യേണ്ടത്, ഭരണ ഭാഷയായ മലയാളത്തിൽ.
എന്നാൽ, ഹെഡ് കോൺസ്റ്റബ്ൾ ആയ ഒരു 45കാരനെ, നീ എന്ന് സംബോധന ചെയ്യാനുള്ള മനക്കരുത്തുള്ള ഒരു 30വയസ്സുകാരനായ IAS, IPS ഉദ്യോഗസ്ഥൻ ഈ നാട്ടിൽ ഉണ്ടോ എന്ന് അറിയില്ല. ഉണ്ടാവാൻ സാധ്യത കുറവാണ്. എന്നാൽ തഴിഴ് നാട്ടിൽ അത് കണ്ടേക്കാം. എന്നാൽ തമിഴിൽ കാര്യങ്ങൾ മറ്റൊരു രീതിയിൽ ആണ്. അതിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.
ഭരണ ഭാഷയായ മലയാളത്തിലെ ചിട്ടപ്രകാരം, 30 വയസ്സുകാരനായി IPS ഉദ്യോഗസ്ഥൻ, തൻ്റെ കീഴിൽ വരുന്ന ഡീവൈഎസ്പിയേയും, സിഐയേയും, എസ്ഐയേയും, ഹെഡ് കോൺസ്റ്റബ്ളിനേയും മറ്റും നീ എന്നാണ് സംബോധന ചെയ്യേണ്ടത്. ഇത് ആ IPS ഉദ്യോഗസ്ഥൻ്റെ ഭാഷാ പരമായുള്ളതും ഉദ്യോഗസ്ഥ സ്ഥാനപരമായുള്ളതുമായ ഉത്തരവാധിത്വമാണ്.
എന്നാൽ, ഇതിന് പകരം, ആ IPS ഉദ്യോഗസ്ഥനും, അയാളുടെ കീഴിലുള്ള സർവ്വരും, 50 വയസ്സുള്ള ഒരു സാധാരണ വ്യക്തിയെ യാതോരു മര്യാദയും ഇല്ലാതെ നീ, എടാ, എന്താടാ തുടങ്ങിയ വാക്കുകളിൽ സംബോധന ചെയ്യാൻ ധൈര്യപ്പെടും. ഈ ധൈര്യം കാണുമ്പോൾ, അതിൽ മറ്റ് സാധാരണക്കാർ കോൾമയിർ കൊളളും.
ആ IPSകാരൻ ഒരു മഹാനാണ് എന്നു വരെ അവർ തിരിച്ചറിയും.
എന്നാൽ ഭരണ ഭാഷ മലയാളം ആക്കുകയും, ഇന്ത്യൻ ഭരണ ഘടന നിലനിൽക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ സാധാരണക്കാരൻ ഒരു സർക്കാർ ഓഫിസിൽ കയറിച്ചെന്ന് അവിടെ പണിചെയ്യുന്ന ആളുകളിൽ ആരേയും നീ, എന്ന് സംബോധന ചെയ്ത്, കാര്യങ്ങൾ ആവശ്യപ്പെടാം. നിയമ പരമായി ഇതിൽ യാതോരു തെറ്റും ഇല്ലതന്നെ.
എന്നാൽ ഈ ഒരു വിവരം ഉള്ള ഒരു ന്യായാധിപൻ പോലും ഈ രാജ്യത്തിൽ ഉണ്ട് എന്നു തോന്നുന്നില്ല.
യൂണിഫോമിട്ട ഉദ്യോഗസ്ഥൻ, യൂണിഫോമിട്ട പോലീസുകാരൻ എന്നെല്ലാം കേൾക്കുന്നു.
ഈ ഒരു വാക്യ പ്രയോഗം ആദ്യം കേട്ടത്, 1983ൽ ആണ് എന്നാണ് ഓർമ്മ. വ്യക്തിപരമായി നേരിട്ട് ബന്ധമുള്ള ഒരു കാര്യത്തിലായിരുന്നു.
IPSസുകാരൻ പറഞ്ഞത്, ഈ വിധമാണ്:
'അവിടെ വന്നത് യൂണിഫോമിട്ട ഉദ്യോഗസ്ഥനാണ്, എന്ന് നിങ്ങൾ മനസ്സിലാക്കണം.'
ആ IPSസുകാരനും കാര്യവിവരം ഇല്ലായിരുന്നുവെന്നാണ് തോന്നുന്നത്.
സർക്കാർ ഉദ്യോഗസ്ഥരിൽ പലരും യൂണിഫോമിടുന്നുണ്ട്. ദഫേദാർ (മുഖ്യ ശിപായി), തോട്ടക്കാരൻ, കെട്ടിടവും ടോയ്ലറ്റും വൃത്തിയാക്കുന്നവർ, തെരുവോരങ്ങൾ വൃത്തിയാക്കുന്നവർ, വാഹന ഡ്രൈവർമാർ, സർ്ക്കാർ നടത്തുന്ന വാസസ്ഥല പ്രസ്ഥാനങ്ങളിലെ പല ജീവനക്കാർ, തപാൽ ശിപായി (postman), KSRTC ബസ്സിലെ ജീവനക്കാർ, Excise, Central Excise, Customs തുടങ്ങിയ വകുപ്പുകളിലെ ശിപായിമാർ മുതൽ മുകളിലുള്ളവർ, പോലീസ് വകുപ്പിലെ ശിപായിമാരും അവരുടെ ഉന്നത ഉദ്യോഗസ്ഥരും അങ്ങിനെ പലരും, കാക്കിയാണ് യൂണിഫോമായി ഇടുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള വിമാന കമ്പനികളിൽ യൂണിഫോമിന്, നിറവ്യത്യാസം ഉണ്ട്.
പട്ടാളക്കാർക്കും യൂണിഫോമുണ്ട്.
ഈ വിധ ഉദ്യോഗസ്ഥർ യൂണിഫോമിട്ടാൽ, അത് എന്താണ് പ്രതിനിധാനം ചെയ്യുന്നത്, എന്ന വിവരം പോലും പല ഉന്നത വ്യക്തികൾക്കും അറിയില്ല എന്നത് ഒരു ആശ്ചര്യകരമായ കാര്യം അല്ലതന്നെ.
ജനങ്ങളുടെ വേതനം വാങ്ങിക്കുന്ന പണിക്കാരണ് തങ്ങൾ എന്ന പ്രഖ്യാപനം മാത്രമാണ് ഈ വിധ യൂണിഫോമുകൾ നൽകുന്നത്. യൂണിഫോമിട്ട ആ നിമിഷം, ആ വ്യക്തി ജനങ്ങളിൽ പെട്ട വ്യക്തിയെ സാർ എന്നോ ചേട്ടൻ എന്നോ ചേച്ചിയെന്നോ, മറ്റോ സംബോധന ചെയ്തിരിക്കേണം. അല്ലാതെ നീ, എടാ, എടീ, വെറും പേര്, അവൻ, അവൾ, മോനെ, മോളെ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാൻ പാടില്ല.
ഈ മുകളിൽ പറഞ്ഞ കാര്യം ഒരു തനി വിഡ്ഢിത്തമാണ് എന്ന് മലയാളം സംസാരിക്കുന്ന മിക്ക ആളുകൾക്കും അറിവുള്ള കാര്യം ആയിരിക്കും.
ഇത് ഒരു സത്യവും ആണ്. കാരണം, മലയാളത്തിലെ സാമൂഹിക രൂപകൽപ്പനയുടെ ചിത്രശാല അല്ല ഇത്.
മലയാളത്തിലെ വാക്കുകളുടെ ദിശാകോഡുകൾ നേരെ വിപരീത ദിശയിലേക്കാണ് ചൂണ്ടുന്നത്. ഈ ഭാഷയിൽ പൊതു ജനം വെറും ഒരു നാറ്റ വസ്തുവാണ്. ഇക്കാര്യത്തോട് മിക്ക സാധാരണക്കാരനും, മിക്കപ്പോഴും യോജിക്കും.
ഈ നാറ്റ ഭാഷയിൽ നിന്നുകൊണ്ട് ഭരണ ഘടനയെക്കുറിച്ചും മനുഷ്യ വ്യക്തിത്വത്തേക്കുറിച്ചും, മനുഷ്യാവകാശത്തെക്കുറിച്ചും സംസാരിക്കുന്നതിൽ യാതോരു അർത്ഥവും ഇല്ലതന്നെ. കാരണം ഈ വിധ കാര്യങ്ങൾക്കായി വാദിക്കുന്നവരും, ഇതേ നാറ്റ ഭാഷയിൽ തന്നെയാണ് മറ്റുള്ളവരെ നിർവ്വചിക്കുന്നത്.
ഇങ്ഗ്ളിഷിൽ രചിക്കപ്പെട്ട ഭരണ ഘടനയിലെ മനുഷ്യവ്യക്തിത്വവും മനുഷ്യാവകാശവും, ശരിക്കും പറഞ്ഞാൽ, ഇങ്ഗ്ളിഷ് ഭാഷയിൽ ജീവിക്കുന്ന ഒരു സമൂഹിത്തിന് മാത്രമേ നടപ്പിലാക്കാൻ ആവുള്ളു എന്നതാണ് വാസ്തവം.
ഇതിന് വിപാരീതമായുള്ള ഒരു ഭാഷയിൽ നിന്നുകൊണ്ട് ഇങ്ഗ്ളിഷ് ഭാഷയിൽ ഉള്ള അവകാശങ്ങളും മറ്റും പരാമർശിക്കുന്നതു തന്നെ തനി വിഡ്ഢിത്തവും സമയം പാഴാക്കലും ആണ്.
ഇവിടെ ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് എഴുത്ത് നിർത്താം.
ഇങ്ഗ്ളിഷിൽ tenure എന്ന ഒരു വാക്കുണ്ട്. അതിൻ്റെ ഇങ്ഗ്ളിഷിലെ അർത്ഥം the holding of an office എന്നാണ്. അതായത്, ജോലി ചെയ്യുന്ന കാലം, അതുപോലുള്ള അർത്ഥങ്ങൾ.
ഈ വാക്കിൽ യാതോരു അധികാര ഭാവത്തിൻ്റെയും നിഴൽ ഇല്ല.
ഒരു IASസുകാരൻ, ആ ജില്ലയിൽ കലക്ടറായി തൊഴിൽ ചെയ്യുന്ന കാലത്തെ, during his tenure as the District Collector എന്നു പറയാം.
എന്നാൽ, ഈ tenure എന്ന വാക്ക് മലയാളത്തിലേക്ക് മാറുമ്പോൾ, അത് അധികാരകാലം എന്നായാണ് ഉപയോഗിക്കപ്പെട്ടുകാണുന്നത്. ഭരണകാലം എന്നും എഴുതിക്കണ്ടിട്ടുണ്ട്.
എന്നാൽ ഇങ്ഗ്ളിഷിൽ ഒരു ജില്ലാ കലക്ടർ, ആ തസ്തികയിൽ തൊഴിൽ ചെയ്യുക മാത്രമാണ് ചെയ്യുന്നത്. അയാൾക്ക് ഭരിക്കാനുള്ള യാതോരു അവകാശവും ഇല്ലതന്നെ. കാരണം, ഭരണം ജന പ്രതിനിധികളിലൂടെ, ജനങ്ങൾ ആണ് ചെയ്യുന്നത്.
പോലീസുകാരൻ വാഹനം പരിശോധിച്ചു. പിഴയീടാക്കാനുള്ള അധികാരം പോലീസുകാരന് ഇല്ലതന്നെ.
പിന്നെയുള്ളത്, പിഴ ഈടാക്കുക എന്ന ഉത്തരവാദിത്വവും തൊഴിലും അയാൾക്ക് ഉണ്ട് എന്നതാണ് ഇങ്ഗ്ളിഷിലെ വാസ്തവം.
എന്നാൽ, അധികാരമില്ല, വെറും ഉത്തരവാദിത്വവും തൊഴിലുമാണ് ഉള്ളത് എന്ന തിരിച്ചറിവ് ലഭിച്ചാൽ, വാഹന ഉടമ തലയിൽ കയറും എന്നതും ഒരു സാധ്യതയാണ്.
ഇത് മലയാള ഭാഷയിലെ കോഡിങ്ങാണ്. ഈ കോഡിങ്ങ് മനുഷ്യമനസ്സിൽ ഒരു പ്രത്യേക രീതിയിൽ ഉള്ള ഭാവങ്ങൾ ആണ് സൃഷ്ടിക്കുക.
ആളുകളെ ആരേയും കുറ്റം പറഞ്ഞിട്ട് യാതോരു കാര്യമില്ല.