ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
05. ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ സൃഷ്ടിക്കുന്ന സൂക്ഷ്മ സാമൂഹിക രംഗങ്ങൾ
ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു വമ്പൻ ട്വിസ്റ്റിനെക്കുറിച്ച് എഴുതാം എന്ന് വിചാരിച്ചിരുന്നു. എന്നാൽ അതിന് മുൻപായി കുറച്ചുകാര്യങ്ങൾ കൂടി എഴുതാം എന്നും വിചാരിക്കുന്നു.
ഈ ഏണിപ്പടിയിലെ വ്യത്യസ്ത പടികളിൽ ജീവിക്കുന്ന ഓരോ വ്യക്തിക്കും വ്യക്തമായ ഒരു അക്കമൂല്യസ്ഥാനം ഉണ്ടായിരിക്കും. ഇത് മറ്റ് പടികളിൽ ജീവിക്കുന്നവരുടെ മൂല്യങ്ങളോട് ആപേക്ഷികമായി പോസിറ്റിവോ നെഗറ്റിവോ ആയ മൂല്യങ്ങൾ തന്നെയായി ഭവിക്കും.
ഈ കാര്യവും പണ്ടെപ്പോഴോ മറ്റേതോ ഇടത്ത് ഈ എഴുത്തിൽ പറഞ്ഞിട്ടുള്ള കാര്യം തന്നെ.
പണ്ട് കാലങ്ങളിൽ ജാതീയമായി നിലനിന്നിരുന്ന അകൽച്ചയും അയിത്തവും മറ്റും ഈ ഒരു സംഗതിയുമായി വളരെ അധികം ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ വിധമായുള്ള അറപ്പ് ഇങ്ഗ്ളിഷ് ജനതയിലെ സാധാരണക്കാർക്കിടയിൽ ഇല്ലായിരുന്നു എന്നു മനസ്സിലാക്കാവുന്നതാണ്.
ആപേക്ഷികമായ +200 അക്കമൂല്യമുള്ള ഉയർന്ന പടിയിലെ വ്യക്തി ആപേക്ഷികമായി -200 അക്കമൂല്യമുള്ള വ്യക്തിയുടെ സാന്നിദ്ധ്യത്തിൽ പെട്ടുപോകുമ്പോൾ, ആ ആളിൽ ഒരു നെഗറ്റിവ് അക്കമൂല്യത്തിന്‍റെ പ്രവേശനം അനുഭവപ്പെടും.
വെറും സാന്നിദ്ധ്യത്തെക്കാൾ അപകടകരമായി അനുഭവപ്പെടുക, താഴെയുള്ള ആൾ മുകളിലെ പടിയിലെ ആളോട് സമത്വ ഭാവത്തിൽ രംഗപ്രവേശനം ചെയ്യുന്നത് ആയിരിക്കും.
അടിയിലെ പടിയിലെ വ്യക്തി മുകളിലെ പടിയിലെ വ്യക്തിയെ ഭയ ഭക്തി ബഹുമാന വിധേയത്വ അടിയാളത്ത ഭാവത്തോടുകൂടിയാണ് വീക്ഷിക്കുന്നതും, അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മുണ്ടിന്‍റെ മടക്ക് അഴിക്കുക, കുനിയുക, വാക്കുകളിൽ സ്വയം തരംതാഴ്ത്തുക, മുകൾപ്പടിയിലെ വ്യക്തിയേയും അയാളുടെ ബന്ധുജനത്തേയും ഉന്നത വാക്കുകളിൽ നിർവ്വചിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ, വൻ പ്രശ്നം വരില്ല.
മാത്രവുമല്ല, തന്‍റെ സാന്നിദ്ധ്യം പരത്തുന്ന നെഗറ്റിവ് സ്വാധീനം മനസ്സിലാക്കുകയും അത് അംഗീകരിക്കുകയും ചെയ്തുകൊണ്ട്, മതിയായ അകൽച്ചയും മറ്റ് കവചങ്ങളുടെ മറവും വച്ചുകൊണ്ട് തന്‍റെ സാന്നിദ്ധ്യം പ്രസരിപ്പിക്കുന്ന നെഗറ്റിവിറ്റിയുടെ കാഠിന്യവും വിന്യാസവും പരിമിതപ്പെടുത്തിയാൽ പ്രശ്നം കഠിനമാകില്ല.
എന്നാൽ, കീഴ്സ്ഥാനക്കാരൻ ഇങ്ഗ്ളിഷിൽ ഉള്ളതുപോലുള്ള രീതിയിൽ മുകൾ പടിയിലെ വ്യക്തിയോട് സമത്വം പ്രകടിപ്പിച്ചാൽ മുകളിലെ വ്യക്തിയിൽ കാര്യമായ നെഗറ്റിവിറ്റി കയറിക്കൂടും.
ഈ നെഗറ്റിവിറ്റി നേത്രങ്ങളിൽ കൂടി വികരണം ചെയ്യുന്നതാണ്.
മുകളിലെ ആളെ സാർ എന്നു സംബോധന ചെയ്യുന്ന വ്യക്തിയുടെ നേത്ര വികരണമല്ല, മുകളിലെ ആളെ നീ എന്ന് സംബോധന ചെയ്യുന്ന വ്യക്തിയടെ നേത്ര വികരണം. രണ്ടാമത്തേതിൽ ശരീരത്തേയും മനസ്സിനേയെ ദ്രവിപ്പിക്കുന്ന കോഡുകൾ മുകളിലെ വ്യക്തിയുടെ കണ്ണുകൾക്കുള്ളിലേക്ക് തുളച്ചുകയറി മസ്തിഷ്ക പ്രവർത്തനത്തേയും ശരിരമേദസ്സിനേയും അലങ്കോലപ്പെടുത്തും.
സമത്വത്തിന്‍റെ സൂചകങ്ങളായി നീ, അവൻ, അവൾ വാക്കുകളും, അവ മറ്റ് വാക്കുകളിൽ വരുത്തുന്ന വ്യതിയാനങ്ങളും ഈ കീഴ് പടിയിലെ വ്യക്തി ഉപയോഗിച്ചാൽ, മുകൾപ്പടിയിലെ വ്യക്തിയിൽ പലതരം മേദക്ഷയവും, മാനസിക അസ്വാസ്ഥ്യവും രോഗാവസ്ഥയും മറ്റും വന്നുചേരും.
ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് ഈ വിധ കാര്യങ്ങളെക്കുറിച്ച് യാതോരു വിവരവും ഇല്ലതന്നെ.
ഇവിടെ പ്രസ്താവിക്കാനുള്ള ഒരു കാര്യം ഉണ്ട്. കൊറോണ പടർന്നപ്പോൾ, ആ വൈറസിനെ തടുക്കാനായി ചെയ്ത ഒട്ടുമിക്ക കാര്യങ്ങളും പണ്ട് കാലങ്ങളിൽ കീഴ് ജാതിക്കാരന്‍റെ സാന്നിദ്ധ്യത്തിന്‍റെ സ്വാധീനത്തെ തടയാനായി ചെയ്തിരുന്നു. കീഴ്ജാതിക്കാരൻ ശ്വസിച്ച വായുപോലും വൻ അപടകകാരിയായി ഉന്നത ജാതിക്കാർ മനസ്സിലാക്കിയിരുന്നു.
കീഴ്ജാതിക്കാരന്‍റെ നോട്ടവും ദൃഷ്ടിപതിക്കലും മറ്റും വൻ അപകടകരമായ കാര്യങ്ങളായി കാണപ്പെട്ടിരുന്നു.
ചെങ്കണ്ണ് പടരുന്നതുമാതിരിയാണ്. ചെങ്കണ്ണുള്ളവരുടെ കണ്ണുകളിലേക്ക് നോക്കിയാൽ, അത് പടരുമെന്നുവരെ ഒരു പേടി പറഞ്ഞുകേട്ടിട്ടുണ്ട്. സാധ്യയുള്ള കാര്യമാണ് എന്നു തോന്നുന്നു.
ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുമായി ബന്ധപ്പെട്ടുകൊണ്ടു പറയാനുള്ള മറ്റൊരുകാര്യം ഉണ്ട്.
ഓരോ പടിയിലേയും ആൾക്ക് സാമൂഹികമായും തൊഴിൽ സ്ഥാനപരമായും നിൽക്കാനുള്ള ഒരു കൃത്യമായ സ്ഥാനം ഫ്യൂഡൽ ഭാഷകളിൽ ഉണ്ട്. ഒരു പ്രത്യേക പടിയിലെ വ്യക്തിയെ പിടിച്ച് മറ്റൊരു പടിയിൽ കയറ്റിവച്ചാൽ, അവിടുള്ള മറ്റ് ആളുകളിൽ പലതരം വെപ്രാളങ്ങളും അസ്വസ്ഥ്യങ്ങളും വരാം.
ഓരോ വ്യക്തിയിൽ നിന്നും പലതരം വ്യക്തി ബന്ധകണ്ണികൾ മറ്റുള്ളവരിലേക്ക് പ്രസരിക്കുന്നുണ്ട്. ഇവയിൽ ചിലത് ഭവ്യതയുടേയും, മറ്റ് ചിലത് മേലാളത്തത്തിന്‍റേയും ആവാം.
ഉദാഹരണത്തിന്, ഫ്യൂഡൽ ഭാഷകളിൽ തരംതാണ വാക്കുകളിൽ നിർവ്വചിക്കപ്പെടുന്ന തൊഴിൽ ചെയ്യുന്ന ആൾ. ഈ ആൾ സമൂഹത്തിലെ മിക്ക ആളുകളോടും സ്വന്തം അടിയാളത്തം കോഡ് ചെയ്ത ആദരവിന്‍റെ കണ്ണികളിൽ ആവാം ബന്ധപ്പെടുന്നത്.
അതേ സമയം തന്നെക്കാൾ തരംതാണ തൊഴിലുകൾ ചെയ്യുന്നവരിലേക്ക് വൻ ആധിപത്യ ഭാവത്തോടുകൂടിയുള്ള കണ്ണികളാലാണ് ബന്ധപ്പെടുക.
ഈ വ്യക്തിയെ, അയാളുടെ മറ്റേതെങ്കിലും നൈസർഗ്ഗിക കഴിവുകളുടെ അടിസ്ഥാനത്തിൽ, പെട്ടെന്നെടുത്ത് ഒരു ഉന്നത സാമൂഹികമോ, തൊഴിൽ സ്ഥാനപരമോ ആയ സ്ഥാനത്ത് സ്ഥാപിച്ചാൽ, പലതരത്തിലുള്ള നെഗറ്റിവിറ്റി ആ സ്ഥാനത്ത് പ്രസരിക്കാം. എന്നാൽ, ഈ വ്യക്തിയിൽ കാണപ്പെടക പുതുമയാർന്ന കഴിവുകൾ ആവാം, ഈ ആൾക്ക് ആ സ്ഥാനത്ത് ഇരിപ്പിടം ഉറച്ചതായി തോന്നിത്തുടങ്ങിയാൽ.
ഈ വിധമായുള്ള യാതോരു കാര്യങ്ങളും ഇങ്ഗ്ളിഷിൽ ഇല്ലാ എന്നു മനസ്സിലാക്കാം.
കാരണം, ഇങ്ഗ്ളിഷിൽ You, He, She തുടങ്ങിയ വാക്കുകൾക്ക് വലിയവർ / തരംതാഴ്ന്നവർ എന്ന തരംതിരിവില്ലതന്നെ.
ഈ മുകളിൽ പറഞ്ഞകാര്യത്തിന്‍റെ ബൃഹത്തായതും വളരെ ദൂരവ്യാപകവുമായ സ്വാധീന ശക്തിയെക്കുറിച്ച് പെട്ടെന്ന് മനസ്സിലാക്കാനായി ഈ രണ്ട് വാക്യങ്ങൾ കാണുക:
ഇതൊന്ന് പിടിക്കൂ.
ഇത് പിടി.
രണ്ട് വാക്യങ്ങൾക്കും ഏതാണ്ട് ഒരേ അർത്ഥമാണ് ഉള്ളത് എങ്കിലും, രണ്ടും ചൂണ്ടുന്നത് വ്യത്യസ്തങ്ങളായ നിലവാരത്തിലുള്ള You പദരൂപങ്ങളിലേക്കാണ്. ഏത് ഏണിപ്പടിയിലെ വ്യക്തിയാണ് ഇത് പറയുന്നത് എന്നതിനേയും ഏത് പടിയിലെ വ്യക്തിയേയാണ് സംബോധന ചെയ്യുന്നത് എന്നതിനേയും ആശ്രയിച്ച് വ്യത്യസ്തങ്ങളായ മാനസികവും സാമൂഹികവും ആയ സംഭവവികാസങ്ങൾ ഉണ്ടാവാം.
ഇനി ഒരു ദൃഷ്ടാന്ത ദൃശ്യം കൂടി പറഞ്ഞുകൊണ്ട് ഇന്നത്തെ എഴുത്ത് ഉപസംഹരിക്കാം.
ഒരു ചെറുപ്പക്കാരി ഐഏഎസ്സ് - ഐപിഎസ്സ് പരിക്ഷയ്ക്ക് പഠിക്കുന്നു. ഈ ആളുടെ ഒരു അമ്മാവൻ പോലീസ് ശിപായി റാങ്കുകാരനാണ് (Police constable). ഈ ചെറുപ്പക്കാരി പരീക്ഷ ജയിക്കുകയും ഐപിഎസ്സ് ലഭിച്ച്, സ്വന്തം സംസ്ഥാനത്ത് സേവനത്തിൽ ചേരുകയും ചെയ്യുന്നു.
ഏതാനും വർഷങ്ങൾക്ക് ശേഷം, ഏതാണ്ട് 27 വയസ്സാകുന്ന അവസരത്തിൽ SP ആയി നിയമിതയാകുന്നു.
ഒരു ദിവസം ഒരു മിന്നൽ പരിശോധന എന്ന രീതിയിൽ ഒരു പോലീസ് സ്റ്റേഷനിൽ കയറിവരുന്നു. അവിടെ പരിശോധന നടത്തുന്ന അവസരത്തിൽ സ്വന്തം അമ്മാവൻ കയറിവരുന്നു.
അയാൾക്ക് ഈ വ്യക്തിയെ സ്വന്തം മരുകളായി മാത്രമേ കാണാൻ പറ്റുന്നുള്ളു. ഐപിഎസ്സുകാരിക്കും അമ്മാവനെ അമ്മാവാ എന്ന് വിളിച്ചുകൊണ്ട് അംഗീകരിക്കേണ്ടിവരുന്നു.
അമ്മാവൻ മുരമകളുടെ സുഖ വിശേഷങ്ങൾ ചോദിക്കുന്നു. സംബോധന ചെയ്യുന്നത്, വെറും പേരും, നീ എന്നുമാണ്.
ഈ വിധമായുള്ള ഒരു രംഗം സംഭവ്യമാണോ എന്ന് അറിയില്ല. എന്നാൽ സംഭവിക്കുകയാണ് എങ്കിൽ അത് ആ ഐപിഎസ്സുകാരിയുടെ ഔദ്യോഗിക വ്യക്തിത്വത്തിൽ കാര്യമായ വൃണം പടർത്താം.
ഈ വ്യണത്തെ തുടച്ചുനീക്കാനായി ഈ വ്യക്തി കഠിന പ്രവർത്തനം നടത്തുകയും കഠിന വ്യക്തിത്വം പ്രകടമാക്കുകയും ചെയ്തേക്കാം. അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും.
ഈ മുകളിൽ ചിത്രീകരിച്ച വ്യക്തിത്വത്തേയും മനസ്സിനേയും വൃണപ്പെടുത്തുന്ന ദൃശ്യം ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലായെന്നും ചിന്തിക്കാവുന്നതാണ്.
ഇന്ത്യൻ പട്ടാളത്തിലും ഇതു നടപ്പില്ലതന്നെ. എന്നാൽ കാരണം മറ്റൊന്നാണ്.
ഫ്യൂഡൽ ഭാഷകളിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുമായി ബന്ധപ്പെട്ടുകൊണ്ട് അനവധി സൂക്ഷ്മ സാമൂഹിക രംഗങ്ങൾ എടുത്തു പറയാനാവുന്നതാണ്.