ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 17
01. നിസ്സാര ഭാഷയായ ഇങ്ഗ്ളിഷിന് ആവില്ലാത്ത കാര്യം
ഈ നൽകിയിട്ടുള്ള ചിത്രം നോക്കുക. ഇത് 1800ലേയോ മറ്റോ ഒരു ചിത്രമാണ്. നായർ സ്ത്രീകൾക്ക് ചോറ് വിളമ്പിക്കൊടുക്കുന്ന ഒരു ഭൃത്യനെ കാണാം. ഈ ആളും നായർ വ്യക്തിയാകാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും മേലാളന്മാരുടെ പണിക്കാരൻ എന്ന മേൽവിലാസം ഈ ആളുടെ മേൽ കാണാം.
ഈ ആളിൽ ഒരു ഓച്ചാനിക്കലോ, കുനിയലോ അതുപോലുള്ള മറ്റൊരു അടിയാള ഭാവമോ കാണാം. ഇത് ഭാഷാ വാക്കുകൾ രൂപകൽപ്പന ചെയ്യുന്ന ഒരു ഭാവമാണ്. ഈ ഭാവം പ്രകടിപ്പിക്കപ്പെട്ടാൽ മേലാളർക്ക്, നീ - ഇങ്ങൾ വ്യക്തിബന്ധം നിലനിൽക്കുന്നതായി സുചന ലഭിക്കും.
അതേ സമയം ഈ ഭൃത്യൻ കുനിയാതെ നിന്നു കൊണ്ട് പെരുമാറിയാൽ, ഈ ആൾ സാർ എന്ന് സംബോധന ചെയ്യേണ്ടുന്ന വ്യക്തിയെ നിങ്ങൾ എന്ന് സംബോധന ചെയ്യുന്ന ഒരു ഭാവം അവിടെ പടരാം. അതായത്, സർക്കാർ ഉദ്യോഗസ്ഥനെ നിങ്ങൾ എന്ന് സാധാരണക്കാരൻ സംബോധന ചെയ്യുന്നതുപോലുള്ള ഒരു ഭാവം.
ഇത് സർക്കാർ ഉദ്യോഗസ്ഥൻ സമ്മതിച്ചുകൊടുക്കില്ല. കാരണം, അയാൾക്ക് താൽപ്പര്യമുള്ളത്, ആദ്യം പറഞ്ഞ ഭാവം ആണ്. നിങ്ങൾ - നിങ്ങൾ ബന്ധം അയാൾക്ക് താങ്ങാൻ ആവില്ല.
ചിലപ്പോൾ, കുനിയാതെ നിന്ന് പെരുമാറുന്ന കീഴ് വ്യക്തി തന്നെ നീ എന്ന് സംബോധന ചെയ്യുന്നതു പോലുള്ള ഒരു ഭാവം മേലാളനിൽ വന്നേക്കാം. അതായത്, തനി ധിക്കാരി. ഇത് യാതോരു രീതിയിലും അനുവദിച്ചുകൊടുക്കാൻ ആവുന്ന ഒരു കാര്യം അല്ലതന്നെ.
ഇവിടെ യഥാർത്ഥത്തിൽ കീഴിൽ നിൽക്കുന്ന വ്യക്തി യാതോരുവിധ വാക്കുകളും ഉപയോഗിച്ചില്ല എന്നതാണ് വാസ്തവം. പകരം തലയും ശരിരവും കുനിച്ചില്ല. ഇത് ഭാഷാ വാക്കുകളിൽ വൻ വേലിയേറ്റവും വേലിയിറക്കവും വരുത്തുന്നുണ്ട്.
ഈ ഒരു പ്രതിഭാസത്തെ Non-verbal signal(വാക്കേതര ആശയവിനിമയ അടയാളം) എന്നായി വേണമെങ്കിൽ നിർവ്വചിക്കാം. ഇത് ഫ്യൂഡൽ ഭാഷകളിൽ ഒരു വൻ കാര്യം തന്നെയാണ്.
മോശമായി ഞാൻ യാതോരു കാര്യവും പറഞ്ഞില്ല, എന്നിട്ടും അയാൾ എന്നോട് വളരെ ദേഷ്യപ്പെട്ടു എന്ന രീതിയിൽ ഉള്ള പരാതികളിൽ ഈ വിധമായുള്ള ഒരു കാര്യം നിലനിൽക്കും.
ഭാര്യ-ഭർതൃ ബന്ധത്തിലും, തൊഴിലാളി - തൊഴിലുടമാ ബന്ധത്തിലും, പോലീസ് പെരുമാറ്റത്തിലും, സർക്കാർ ഗുമസ്തരുടെ പെരുമാറ്റത്തിലും അങ്ങിനെ പലയിടത്തും വൻ പൊട്ടിത്തെറികൾ ഈ ഒരു കാര്യം സൃഷ്ടിക്കും.
എന്നാൽ, ഇത്രമാത്രം സ്ഫോടകാത്മകമായ ഒരു non-verbal signalling ഇങ്ഗ്ളിഷ് ഭാഷയിൽ നടത്തിക്കിട്ടാൻ പ്രയാസം തന്നെയാണ്. അതിനായി വളരെ കരുതിക്കൂട്ടി ചുവടുവെപ്പുകൾ നടത്തിയാലെ ഈ വിധമായുള്ള ഒരു പൊട്ടിത്തെറി ഇങ്ഗ്ളിഷിൽ സൃഷ്ടിക്കാൻ ആവുള്ളു.
ഇവിടെ നിന്നും ഈ എഴുത്ത് നേരിട്ടു നീങ്ങുന്നത് മറ്റൊരു കാര്യത്തിലേക്കാണ്. അത് mental platform അഥവാ മാനസിക മേൽത്തട്ട് അല്ലെങ്കിൽ മാനസിക കീഴ്തട്ട് എന്ന പ്രതിഭാസം.
ഫ്യൂഡൽ ഭാഷകളിൽ വ്യക്തികൾ ഇഞ്ഞി👇 - ഇങ്ങൾ👆 എന്ന ഏണിപ്പടിയിലെ വിവിധ പടികളിൽ ആണ് നിൽക്കുന്നത് എന്ന് വളരെ ലളിതമായി പറയുന്നു.
ഇത് വ്യക്തികളിൽ ഒരു മാനസിക ഭാവമായി നിലനിൽക്കും. ഉദാഹരണത്തിന്, ഞാൻ ഒരു ഡോക്ടറാണ്, ഞാൻ ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ്, ഞാൻ ഒരു പോലീസ് കോൺസ്റ്റബ്ൾ ആണ്, ഞാൻ ഒരു അദ്യാപകനാണ് എന്നെല്ലാം രീതിയിൽ ഉള്ള ഒരു മേധവിത്വ ഭാവം ഈ വിധ ഭാഷകൾ അതാതു വ്യക്തികളിൽ സ്ഥാപിക്കും.
ഈ വിധമായുള്ള മേൽത്തട്ട് ഭാവം സാധരണ ഗതിയിൽ വളരെ ഉറപ്പുള്ള ഒന്നാണ്. ഈ വിധമായുള്ള ഒരു ഉറപ്പുള്ള mental platform കൈവശപ്പെടുത്താനും, അതിന്മേൽ കയറിനിൽക്കാനും ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ആളുകൾ കിണഞ്ഞു പരിശ്രമിക്കും.
കാരണം, ഈ വിധമായുള്ള ഒരു platformൽ കയറിക്കൂടാൻ പറ്റിയാൽ, മറ്റ് പല വ്യക്തികളുടെ എന്ത് പരാമർശങ്ങൾക്കും ഈ ആളെ ഈ വിധമായുള്ള ഒരു platformൽ നിന്നും ഉന്തിപ്പുറത്താക്കാൻ ആവില്ല.
സാറ്, ഡോക്ടർ, മേഡം, തുടങ്ങിയ വാക്ക് platformമുകൾ അനങ്ങില്ല. അദ്ദേഹം, അവര്, ഓര്, ഓല് എന്നീ വാക്കുകളെ സാധാരണ ഗതിയിൽ ചെറിയ തോതിലുള്ള അപവാദ കഥകൾക്ക് തള്ളിമാറ്റാൻ ആവില്ല.
എന്നാൽ, ഈ വിധമായുള്ള ഒരു platform കിട്ടാൻ പറ്റാത്തവരുടെ കാര്യം നേരെ വിപരീദമാണ്. അവൻ, അവൾ, ഓൻ, ഓള് തുടങ്ങിയ വ്യക്തികളെക്കുറിച്ച് എന്തും പറയാം. എന്നുവച്ചാൽ, അവനും അവൾക്കും ബലക്കുറവ് വളരെ ശക്തമായിരിക്കും.
'അയാൾ' സ്ഥാനത്തുള്ള വ്യക്തിക്ക് സ്ഥാന ബലം കുറഞ്ഞിരിക്കും. ഓനോ ഓളോ എന്ന കുഴിയിലേക്ക് വീഴാൻ ചെറിയ ഒരു അപവാദ കഥമതി.
എന്നാൽ, ഈ വിധമായുള്ള ഉന്നത ഔപചാരിക platform ഇല്ലാത്ത അനേകം വ്യക്തിൾ സമൂഹത്തിൽ നല്ല mental platformൽ ജീവിക്കുന്നുണ്ട് താനും. അവരുടെ platform ഉന്നതങ്ങളിൽ നിലനിർത്താനായി അവരോ അവരുടെ കൂടെ നിൽക്കുന്നവരോ കാര്യക്ഷമമായി കരുതിക്കൂടി പ്രവർത്തിക്കേണം. ഉന്നത വ്യക്തികളുമായുള്ള ബന്ധം, ഉന്നത സാമ്പത്തിക ശക്തിയുടെ സൂചനകൾ, വൻ ആദരവ് ലഭിച്ച കഥകൾ, വൻ ഔന്നിത്യമുള്ള തൊഴിൽ സ്ഥാനം തുടങ്ങിയ കാര്യങ്ങൾ പലരീതിയിലും വ്യക്തമായും അവ്യക്തമായും സംഭാഷണത്തിലും സുചനകളിലും സമൂഹത്തിൽ പടർത്തിത്തന്നെ ജീവിക്കണം.
ഇത് ഏറ്റവും ബലവത്തായി നൽകേണ്ടത്, സമൂഹത്തിലേയും സമീപസ്ഥലങ്ങളിലേയും കീഴ്സ്ഥാനക്കാരായ വ്യക്തികൾക്കായിരിക്കേണം. അവരുടെ ബഹുമാനം വളരെ അത്യന്താപേക്ഷിതമായ ഒരു പോഷക വസ്തുവാണ് ഫ്യൂഡൽ ഭാഷകളിൽ. അവരിൽ തനിക്ക് മതിപ്പില്ലായെങ്കിൽ, ആ ആളുടെ കാര്യം കഴിഞ്ഞതുതന്നെ.
ചിലപ്പോഴെല്ലാം ഈ വിധമായി നൽകുന്ന ചില സൂചനകൾ പൊള്ളയായുള്ളവയായിരിക്കും. ഇതുകൊണ്ട് സാധാരണ ഗതിയിൽ അപകടം ഇല്ല. എന്നാൽ തൻ്റെ കൂട നിന്നുകൊണ്ട്, കരുതിക്കൂട്ടിയല്ലാ എന്ന രീതിയിൽ, ഈ വിധമായുള്ള സൂചനകൾ, പൊള്ളയായവയാണ് എന്ന് മറ്റുള്ളവരെ അറിയിക്കുന്ന രീതിയിൽ ഉള്ള വാക്കുകളും സൂചനകളു നൽകുന്ന കൂട്ടാളി അപകടകാരി തന്നെയാണ്.
ഉദാഹരണത്തിന്, ഞാൻ ഈ കാർ വാങ്ങി, എന്ന് തൊട്ടടുത്ത് ജീവിക്കുന്ന ഒരു സാമൂഹികമായി കീഴ് സ്ഥാനത്തുള്ള ആളോട് പറയുന്നു. അപ്പോൾ, അയാൾ പറയുന്നു, ഈ കാർ നിങ്ങളുടെ അമ്മാവൻ തൽക്കാലത്തേക്ക് നിങ്ങൾക്ക് ഉപയോഗിക്കാൻ തന്നതാണ് എന്ന് നിങ്ങളുടെ സുഹൃത്ത് എന്നോട് പറഞ്ഞു വല്ലോ!
ഇവിടെ സംഭവിച്ചത്, പല വാക്ക് സൂചനകളിലൂടെ, സാമൂഹിക കുഴിക്ക് മുകളിൽ പല മുളത്തുണ്ടുകളിൽ കയറിനിൽക്കുന്ന ഒരു വ്യക്തിയുടെ ഏതാനും മുളവടികൾ അടിയിൽ നിന്നും മുറിച്ചുമാറ്റുന്ന അവസ്ഥയാണ്. ആൾ, വളരെ പെട്ടെന്ന് അപകടകരമാം വിധത്തിൽ സാമൂഹിക കുഴിയിലേക്ക് വീഴുന്ന ഒരു അവസ്ഥാവിശേഷം, വാക്കുകളിലൂടെ സാമൂഹത്തിൽ പടരും.
ഇത് ആ ആളുടെ മറ്റ് കുടുംബഗങ്ങളോട് ഒട്ടിനിൽക്കുന്ന വാക്ക് കോഡികളിലും ഇടിച്ചൽ വരുത്താം. ഭാര്യ ഓരിൽ നിന്നും ഓളാവാൻ ഇതുമതി.
ഈ വിധമായുള്ള ഒരു മാനസിക വിഭ്രാന്തി ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാ എന്നുള്ളതും ശ്രദ്ധിക്കാവുന്നതാണ്.. ആര് എന്ത് പറഞ്ഞാലും You, Your, Yours, He, His, Him, She, Her, Hers വാക്കുകളിൽ യാതോരു കുലുക്കവും വരില്ല. വ്യക്തി ബന്ധ കണ്ണികൾ അനങ്ങില്ല.
ഈ കാര്യം ഒരു ദൃഷ്ടാന്തത്തിലൂടെ ഒരിക്കൽ കൂടി പറയാം.
ഒരാളുടെ ചേച്ചി വിവാഹം കഴിച്ചത്, സമൂഹത്തിലെ ഉന്നതനെയാണ്. എന്നുവച്ചാൽ, ഓരുടെ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ഭാര്യയുടെ അനിയനാണ് ഈ ആൾ.
എന്നാൽ, ഈ ആളുടെ അനിയത്തി വിവാഹം കഴിച്ചത്, പ്രാദേശിക ഭാഷയിൽ വിലകുറഞ്ഞ വാക്കുകളാൽ നിർവ്വചിക്കപ്പെടുന്ന ആളെയാണ്. എന്നുവച്ചാൽ, ഓൻ്റെ അല്ലെങ്കിൽ അവൻ്റെ ഭാര്യയുടെ ചേട്ടനാണ് ഈ ആൾ.
ഈ ആൾ ഒരു പ്രശ്നത്തിൽ പെടുന്നു. ആ പ്രശ്നം നടന്ന ഇടത്ത്, ഈ ആൾ ഓരുടെ / അദ്ദേഹത്തൻ്റെ ഭാര്യയുടെ അനിയനാണ് എന്ന് എല്ലാവർക്കും അറിയാം. ഇത് അയാൾക്ക് ഒരു വൻ സംരക്ഷണം തന്നെ നൽകുന്നു. എന്നാൽ, ഈ ആളുടെ ആ സഹോദരിയോ അവരുടെ ഭർത്താവോ ഈ പ്രശ്ന പ്രദേശത്ത് ഈ ആളെ കാണാൻ വരുന്നില്ല. അതിൻ്റെ ആവശ്യം ഇല്ലതന്നെ. അവരുടെ ബന്ധം സൂചിപ്പിക്കപ്പെട്ടാൽ തന്നെ മതിയാവും.
ഈ പ്രശ്നം നടന്ന സ്ഥലത്ത്, വരുന്നത്, ഈ ആളുടെ അനിയത്തിയും ഭർത്താവും ആണ്. അവർ സഹായിക്കാനാണ് വരുന്നത്. എന്നാൽ, ഭാഷാ കോഡുകളിൽ വൻ പരാക്രമണം ആണ് അവർ ചെയ്തത്.
ഇവൻ്റെ ഭാര്യയുടെ ചേട്ടനാ ഇവൻ? ഓള് ഇവൻ്റെ അനിയത്തിയാ?
ഇതോടെ, വാക്കുകൾക്ക് കടിഞ്ഞാൻ നഷ്ടമാകും. എടാ, നീ, വാക്കുകൾ സംഭാഷണത്തിൽ കയറും. മഖത്തിട്ടടിയും സംഭവിക്കാം.
ഈ വിധമായുള്ള യാതോരു വിക്രിയങ്ങളും നിസ്സാര ഭാഷയായ ഇങ്ഗ്ളിഷിന് ആവില്ലതന്നെ.