top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 17

20. ഉദ്യോഗസ്ഥ പ്രസ്ഥാനങ്ങളെ താരതമ്യപ്പെടുത്തൽ

1956ൽ മലബാറിലെ ആളുകളെ വിഡ്ഢികൾ ആക്കി തിരുവിതാംകൂറിന് മലബാറിനെ അടിയറവച്ചപ്പോൾ, എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് സാധാരണ വ്യക്തികൾക്കും രാഷ്ട്രീയ നേതാക്കൾക്കും കാര്യമായ വിവരം ഉണ്ടയാരിന്നുവെന്ന് തോന്നുന്നില്ല.


മലബാറിലെ എന്തെല്ലാമാണ് മാച്ചുകളയപ്പെടാൻ പോകുന്നത്?


മലബാറിന് തിരുവിതാംകൂറിനോട് പലവിധ സാമ്യതകളും ഉണ്ട് എന്നതിനെക്കുറിച്ച് പലരും പലതും എണ്ണിയെണ്ണിപ്പറഞ്ഞിരിക്കാം.


എന്നാൽ, മലബാറിൽ തിരുവിതാംകൂറിൽ നിന്നും വ്യത്യസ്തമായി എന്തെല്ലാമാണ് ഉണ്ടായിരുന്നത് എന്നതിനെ എണ്ണിപ്പറയാൻ പ്രാപ്തിയുള്ള യാതോരു രാഷ്ട്രീയ നേതാവും ഉണ്ടായിരുന്നില്ല എന്നുവേണം മനസ്സിലാക്കാൻ.


മലബാറിന്‍റെ മേന്മ ഔന്നിത്യത്തിൽ ആയിരുന്നു. എന്നാൽ താഴ്ന്ന നിലവാരവും മലബാറിൽ സുലഭമായി ഉണ്ടായിരുന്നു. ഈ താഴ്മയെക്കുറിച്ച് മാത്രമേ രാഷ്ട്രീയ നേതാക്കൾക്ക് അനുഭവം ഉണ്ടായിരിക്കുളളു. മേന്മയുള്ള ഭാവങ്ങൾ അവരിൽ മിക്കവരും ശ്രദ്ധിച്ചിട്ടുപോലും ഉണ്ടാവില്ല.  നേരിട്ട് കണ്ടാൽ പോലും അതിനെ തിരിച്ചറിയാനുള്ള മാനസിക കെൽപുപോലും അവർക്കുണ്ടാവില്ല. 


മലബാർ തിരുവിതാംകൂറിന്‍റെ കീഴിൽ പെട്ടു.


എന്നാൽ തുടർന്നങ്ങോട്ട് ദേശീയാടിസ്ഥാനത്തിൽ നാണയ മൂല്യ വിലയിടിവ് എന്ന വൻ തട്ടിപ്പിലൂടെ മലബാറിലേക്കും പിന്നീട് തിരുവിതാംകൂറിലേക്കും വൻ സാമ്പത്തിക ഒഴുക്ക് നടന്നതോടുകൂടി എല്ലാരിലേയും മാനസിക ദൃഷ്ടികേന്ദ്രം സ്ഫോടനാത്മകമായ സാമ്പത്തിക വളർച്ചയിലേക്ക് തിരിഞ്ഞു. അതോടുകൂടി, ബൃട്ടിഷ്-മലബാർ എന്നതിന്‍റെ ചരിത്രപരമായുള്ള അസ്തിത്വവും പ്രസക്തിയും തന്നെ എല്ലാരിലും കാര്യമായ പ്രസക്തിയില്ലാതെയായി.


എന്നിരുന്നാലും, 1947ലും, 1956ലും, മലബാറുകളിൽ ജനങ്ങൾ ജീവിച്ചിരുന്നിട്ടുണ്ട്. അവർ അവിടുള്ള ഉദ്യോഗസ്ഥരോടും പോലീസുകാരോടും ഇടപഴകുന്നുണ്ട്.  അവരിൽ ഒരു ചെറിയ ശതമാനം പേർക്ക് അതിഗംഭീര ഇങ്ഗ്ളിഷ് പ്രാവീണ്യത്തോടുകൂടിയുള്ള കോളെജ് വിദ്യാഭ്യാസവും ഉണ്ട്.


ഈ ഒരു ജനതയാണ് തിരുവിതാംകൂറിലെ ജനങ്ങളുടെ മേൽവിലാസത്തിലേക്ക് സാവധാനത്തിൽ ലയിച്ചുപോകാൻ പോകുന്നത്.  ആ മേൽവിലാസത്തിന്‍റെ സവിശേഷതകൾ എന്താണ് എന്ന് അറിവുള്ള നേതാക്കളും മലബാറിൽ ഇല്ലാതെപോയി.


തിരുവിതാംകൂറിലെ മൂന്ന് വ്യത്യസ്ത പ്രസ്ഥാനക്കാർക്ക് മലബാറിനെ തിരുവിതാംകൂറിനോട് ചേർക്കാനുള്ള അഭിനിവേശം ഏതാണ്ട് 100 വർഷങ്ങൾക്ക് മുൻപ് തന്നെയുണ്ടായിരുന്നുവെന്നാണ് തോന്നുന്നത്.


അതിൽ ആദ്യത്തേത്,

തിരുവിതാംകൂറിലെ ഈഴവ പ്രസ്ഥാനക്കാരാണ്.

രണ്ടാമതായുള്ള കൂട്ടർ

തിരുവിതാംകൂറിലെ കീഴ്ജന കൃസ്തീയർ ആണ്.

മൂന്നാമതായുള്ളത്,

തിരുവിതാംകൂറിലെ സുറിയാനി കൃസ്തീയർ ആണ്. 

ഇതിൽ മൂന്നാമത്തെക്കൂട്ടർക്ക് 1947ന് ശേഷം, മലബാറിനോടുള്ള അഭിനിവേശം കുറഞ്ഞിരിക്കാം എന്നു തോന്നുന്നു.


ഇന്ന് ഈ  മൂന്നുകൂട്ടരും മലബാറിലെ ആളുകളുടെ രക്തബന്ധ പാതയിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്.


ഈ കാര്യങ്ങളിലേക്ക് ഈ എഴുത്ത് ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല.


ഇവിടെ എഴുതാൻ പോകുന്നത്, മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തെ തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനവുമായി താരതമ്യം ചെയ്യാനാണ്. ചെറിയ തോതിൽ പോലീസ് പ്രസ്ഥാനങ്ങളെക്കുറിച്ചും പ്രതിപാദിക്കാം.


ബൃട്ടിഷ്-മലബാറിൽ ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യത്തിൽ ഊന്നിനിൽക്കുന്ന ഒരു ഉന്നത ഗുണമേന്മയുള്ള ഉദ്യോഗസ്ഥ പ്രസ്ഥാനത്തെ വളരെ സാവധാനത്തിൽ ഇങ്ഗ്ളിഷ് ഭരണം സൃഷ്ടിച്ചെടുത്തിരുന്നു.


ഈ പ്രസ്ഥാനത്തിലെ കീഴിൽ വരുന്ന ഗുമസ്തരും, ശിപായിമാരും മറ്റും ഇങ്ഗ്ളിഷ് പ്രാവീണ്യമില്ലാത്തവർ ആയിരുന്നിരിക്കും. അതിനാൽ തന്നെ ഈ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ, ആ നിലവാരത്തിൽ പ്രാദേശിക ഭാഷയിയിലെ പെരുമാറ്റങ്ങൾ നിലനിൽക്കും.


ഏറ്റവും കീഴിൽ വരുന്ന സർക്കാർ ഓഫിസുകളിൽ ഒരു പത്തു ശതമാനത്തോളം എണ്ണം, ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യമുള്ള direct-recruit ഓഫിസർമാരുടെ നിയന്ത്രണത്തിൽ ആയിരിക്കും. ബാക്കിയുള്ളവ ഗുമസ്തരിൽ നിന്നും ഉദ്യോഗ കയറ്റംനേടി കയറിയവർ ആയിരിക്കും.


ഇവർക്ക് മുകളിൽ ഉള്ള ഉദ്യോഗസ്ഥർ മിക്കവരും ഇങ്ഗ്ളിഷ് ഭാഷയിൽ ഔദ്യോഗിക സംഭാഷണം തമ്മിൽ നടത്തുന്ന direct-recruit ഓഫിസർമാരായിരിക്കും. ഈ കാരണത്താൽ, അവരുടെ ഇടയിൽ വളരെ വേഗത്തിൽ ഔദ്യോഗിക കാര്യനിർവ്വഹണം നടക്കും.


മാത്രവുമല്ല, ഇവരിൽ ആരും തന്നെ കൈക്കുലിക്കാർ ആയിരുന്നുമിരിക്കില്ല എന്നാണ് അനുമാനിക്കേണ്ടത്. ഇതു പറയാനുള്ള കാരണം, ഏതാണ്ട് 1960കളുടെ അവസാന വർഷങ്ങളിൽ തിരുവിതാംകൂറിൽ നിന്നും ട്രാൻസ്ഫർ ആയി വന്ന സർക്കാർ ഗുമസ്തർ ഈ കൈക്കൂലിയില്ലാ എന്ന അവസ്ഥ കണ്ട് അമ്പരന്നതായി പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്.


ഇതെന്ത് കോണാത്തിലെ നാട്!


മാത്രവുമല്ല, ആളുകൾ അവരുടെ അപേക്ഷകൾ നേരിട്ട് ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥന് നൽകണം എന്നും, ആ  ഉദ്യോഗസ്ഥൻ, ഉടനെ തന്നെ ഏത് ദിവസം വന്നാൽ, അപേക്ഷിച്ച കടലാസ് തരും എന്ന് എഴുതി നൽകും എന്ന ഒരു കീഴ്വഴക്കവും മലബാറിലെ സർക്കാർ ഓഫിസുകളിൽ നിലനിന്നിരുന്നുപോലും.


എന്നുവച്ചാൽ, പൊതുജനത്തിനെ പോക്കറ്റടിക്കാൻ യാതോരു മാർഗ്ഗവും ഇല്ലായെന്നുള്ളത് തിരുവിതാംകൂറിൽ നിന്നും ആക്കാലങ്ങളിൽ മലബാറിലേക്ക് വന്ന ഗുമസ്തർക്ക് ഒരു തീരാശാപം പോലെയായിരുന്നു.


എന്നിരുന്നാലും, നേരത്തെ സുചിപ്പിച്ചിരുന്നതുപോലെ, ശിപായിമാർക്കും ഗുമസ്തർക്കും, ഉദ്യോഗകയറ്റത്തിലൂടെ ഓഫിസ് അധികാരിയായി നിയമിതനായ ഉദ്യോഗസ്ഥനും ചെറുകിട tipകൾ വാങ്ങിക്കുന്ന ഏർപ്പാട് അങ്ങുമിങ്ങുമായി നിലനിന്നിരുന്നു.


എന്നാൽ ഔദ്യോഗിക കടലാസ് താമസിപ്പിച്ച് വ്യക്തിയെ നടത്തിക്കുന്ന ഏർപ്പാട് നടപ്പില്ലായിരുന്നു. കാരണം, എല്ലാ കാര്യങ്ങളും വളരെ കൃത്യനിഷ്ടയോടുകൂടി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ നിലവിൽ ഉണ്ടായിരുന്നു.


എന്നാലും, പ്രാദേശിക ഭാഷ ഒരു ഫ്യൂഡൽ ഭാഷയാണ് എന്നതും മറക്കാൻ ആവില്ല. അതിനാൽ തന്നെ എല്ലാ കാര്യങ്ങളേയും ഈ ഭാഷയുടെ ഭാവങ്ങളും ചെറിയതോതിലെങ്കിലും സ്വാധീനിച്ചിരിക്കും എന്നും പറയാവുന്നതാണ്. 


direct-recruit ഓഫിസർമാരും വീട്ടിലും ബന്ധുജനങ്ങളുടെ ഇടയിലും പ്രാദേശിക ഭാഷയിൽ തന്നെയാണ് മറ്റുള്ളവരെ നിർവ്വചിക്കുക.


നാട് കഠിനമായ ഫ്യൂഡൽ ഭാവത്തിൽ തന്നെയായിരുന്നിരിക്കും. 


വലിയവൻ എന്ന ഓരും, ചെറിയവൻ എന്ന ഓനും, ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടികളിൽ, വ്യക്തമായിത്തന്നെ നാട്ടിൽ ഉണ്ടായിരിക്കും.


ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ജനങ്ങളിൽ പലവിധ കഠിനമായ തരംതാഴ്ത്തിപ്പിടിക്കലും ഉയർത്തി നിർത്തലും നിലനിന്നിരിക്കും. എന്നാൽ ഈ ഒരു ഭാവത്തെ ഇങ്ഗ്ളിഷ് ഭാഷയുടെ സാന്നിദ്ധ്യം ഔദ്യോഗിക മണ്ഡലത്തിൽ ശക്തമായിതന്നെ തടഞ്ഞിരിക്കാം.


അവിടെ ഇങ്ഗ്ളിഷ് സംസാര വേദികളിൽ വ്യക്തികൾ വെറും ഒറ്റ He അല്ലെങ്കിൽ She ആയിരിക്കും. 


ഇനി തിരുവിതാംകൂർ രാജ്യത്തിലെ കാര്യം ആദ്യം നോക്കാം.


ഞാൻ തിരുവിതാംകൂറിൽ 1970കളിൽ പോയപോൾ തന്നെ, ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും, സർക്കാർ ഉദ്യോഗസ്ഥർ തമ്മിലുള്ള പെരുമാറ്റത്തിലും കാര്യമായ വ്യത്യാസം കണ്ടിരുന്നു എന്നു തോന്നുന്നു. അവിടെ വച്ചാണ് ആദ്യമായി സാർ എന്ന വാക്ക് കേൾക്കുന്നത്.


ഇത് പലരീതിയിലും വളരെ സൗകര്യം നൽകുന്ന ഒരു വാക്കായി അനുഭവപ്പെടാം. പ്രാദേശിക ഭാഷയിലെ ഉച്ചനീചത്വത്തെ വളരെ കാര്യക്ഷമമായി ഒപ്പിയെടുത്ത്, സംഭാഷണ ഒഴുക്കിനെ മിനുസപ്പെടുത്താൻ കഴിവുള്ള ഒരു വാക്കാണ് ഇത്.


എന്നാൽ, മനസ്സിലാക്കേണ്ടത്, മലബാറിലെ പ്രാദേശിക ഭാഷയെ മാച്ചുകളയാൻ തുനിഞ്ഞത് ഇങ്ഗ്ളിഷാണ്. എന്നാൽ, ഒടുവിൽ അതിനെ മാച്ചുകളഞ്ഞത് തിരുവിതാംകൂറിലെ ഭാഷയാണ്.


ഇതാണ് മലബാറിന് വന്ന ആദ്യത്തെ വൻ ദുരന്തം.  ഇങ്ഗ്ളിഷിന് പകരമായി വെക്കാൻ കൊള്ളുന്ന ഭാഷയല്ല തിരുവിതാംകൂറിലെ ഭാഷ.


മലബാറിലേയും തിരുവിതാംകൂറിലേയും പാരമ്പര്യ ഭാഷകൾ വ്യത്യസ്തമായിരുന്നു. ആ വിഷയിത്തിലേക്ക് കടക്കാൻ പറ്റില്ല, ഇപ്പോൾ.


തിരുവിതാംകൂർ രാജ്യത്തിലെ സമൂഹത്തിൽ പലതട്ടുകൾ ആയുള്ള അടിമകൾ ഉണ്ടായിരുന്നു. അവരിൽ ഏറ്റവും കീഴിൽ പെട്ടുപോയവർ പറിയരും പുലയരും മറ്റുമായിരിക്കാം.


അടിമകളിൽ ഏറ്റവും ഉയരങ്ങളിൽ ഉള്ളവർ ഈഴവരും ആയിരിക്കാം. അവരെ അടിമ എന്ന നിർവ്വചനത്തിൽ വച്ചിരുന്നവോ എന്ന് അറിയില്ല.


ആ രാജ്യത്തിലെ അടിമത്തത്തെക്കുറിച്ചല്ല ഇപ്പോൾ പറയാൻ പോകുന്നത്. ഉദ്യോഗസ്ഥ പ്രസ്ഥാനത്തെക്കുറിച്ചാണ്.


ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വിദൂരത്തിൽനിന്നുമുള്ള മേൽനോട്ടത്തിന്‍റെ സാന്നിദ്ധ്യത്താൽ, തിരുവിതാംകൂറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ പലവിധ മാറ്റങ്ങളും പുരോഗമനങ്ങളും ഓരോന്നായി സാവധാനത്തിൽ കയറിവന്നു.


തിരുവിതാംകൂറിൽ അടിമത്തം നിരോധിച്ചതും ഇങ്ഗ്ളിഷ് കമ്പനിയുടെ നിശബ്ദ സമ്മർദ്ദത്തിന്‍റെ ഫലമായിട്ടായിരിക്കാം.


എന്നാൽ അതിന് മുൻപുതന്നെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു.


ഇവിടെ പറയേണ്ടത്, പല തട്ടുകളിൽ പെട്ട നായർമാരും, അവർക്ക് മുകളിൽ ഉള്ള പല തട്ടുകളിൽ ഉള്ള അമ്പലവാസികളും ആയിരിക്കാം സർക്കാർ ഗുമസ്തരും ശിപായിമാരും പോലീസ് ശിപായിമാരും.


എന്നാൽ ഉദ്യോഗസ്ഥരല്ലാത്ത നായർമാരും അമ്പലവാസികളും സമൂഹത്തിൽ ഉണ്ടായിരിക്കും എന്നും മനസ്സിലാക്കാം.


ഇവർ തങ്ങളുടെ ജാതിക്കാരാണ് എന്നും മറ്റുമുള്ള ചിന്തകളാൽ, ഉദ്യോഗസ്ഥരും പോലീസുകാരും ഇവരോട് മാന്യമായി പെരുമാറും എന്നും ഇവരിൽ നിന്നും കൈക്കൂലി വാങ്ങിക്കില്ലാ എന്നും ചിന്തിക്കരുത്.


ഉദ്യോഗസ്ഥർ എല്ലാരിൽ നിന്നും കൈക്കൂലി വാങ്ങിക്കും. പോലീസുകാർ എല്ലാരേയും കൈവെക്കും.


എന്നാൽ താഴ്ന്ന ജാതിക്കാരെ അടുപ്പിക്കില്ലാ എന്നതിനാൽ, അവരെ കൈകാര്യം ചെയ്യുന്നത് പലപ്പോഴും വിജന പ്രദേശങ്ങളിലും പാടപ്പറമ്പുകളിലും നിന്നും മറ്റുമായിരിക്കും.


ഇങ്ങിനെ അല്ലാത്ത ഒരു സാമൂഹികാവസ്ഥ ആർക്കും സങ്കൽപ്പിക്കാൻ പോലും ആവില്ല.


നിർദ്ദയരായ പോലീസുകാരും കർക്കശക്കാരായ ഉദ്യോഗസ്ഥരും ഇല്ലെങ്കിൽ ആരാണ് നാട്ടിൽ സമാധാനം നിലനിർത്തുക? പുലയരേയും പറിയരേയും അരാണ് അമർത്തിപ്പിടിക്കുക? എങ്ങിനെയാണ് സമാധാനമായി വീട്ടിൽ കിടന്നുറങ്ങുക? ആരാണ് നാട്ടിൽ ഭരണ യന്ത്രം നടത്തിപ്പുചെയ്യുക?


ഇനി ഈ ഉദ്യോഗസ്ഥരുടെ വളരെ കൃത്യമായ പെരുമാറ്റങ്ങളിലേക്ക് നീങ്ങാം. അത് അടുത്ത എഴുത്തിൽ ആകാമെന്ന് വിചാരിക്കുന്നു.

bottom of page