ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
4 - 58. കീഴ്ജനം എന്ത് തെമ്മാടിത്തരം ചെയ്താലും, അത് ഇങ്ഗ്ളിഷിൽ പറഞ്ഞാലും തെമ്മാടിത്തരംതന്നെ ആയിരിക്കേണം എന്ന നിബന്ധന നിലവിൽ ഇല്ലാത്ത തിരുവിതാംകൂർ
ഇന്ന് ഈ രാജ്യത്തിലേയും മറ്റ് മിക്ക പലരാജ്യങ്ങളിലേയും ജനങ്ങളിൽ പലവിധ അറിവുകളും ചിന്തകളും അഭിപ്രായങ്ങളും മാനസികചായ്വുകളും മനോഭാവങ്ങളും ഇഷ്ടാനിഷ്ടങ്ങളും മറ്റും ഒരുതരം സിദ്ധാന്തോപദേശമെന്നരീതിയിൽ (indoctrination എന്ന രീതിയിൽ) ചേർക്കുന്നതും അടിച്ചേൽപ്പിക്കുന്നതും അലിഞ്ഞുചേർക്കുന്നതും, ഔപചാരികവിദ്യാഭ്യസവും സിനിമയും വാർത്താപത്രമാധ്യമങ്ങളും മറ്റുമാണ്. എന്നാൽ ഇവ മൂന്നും വ്യക്തമായ ലക്ഷ്യങ്ങൾ മുന്നിൽകണ്ടുകൊണ്ടും, വളരെ കരുതിക്കൂട്ടിയും, പലപ്പോഴും തെറ്റായ വിവരങ്ങളും ആശയങ്ങളും, ആഴുംകുറഞ്ഞ കാര്യബോധത്തോടും വിവേചനബുദ്ധിയോടുംകൂടി, കുറച്ചുപേർ വൻ സൌകര്യങ്ങൾഉള്ള പണിപ്പുരകളിൽ അണിനിരന്നും പണിതുണ്ടാക്കുന്നവയാണ്.
പണ്ടുകാലങ്ങളിൽ ജീവിച്ചിരുന്ന വ്യക്തികളേയും സംഭവങ്ങളേയും ഈ വിധ മാധ്യമങ്ങളിലൂടെ കണ്ട് പരിചയപ്പെടുമ്പോൾ, ഈ വ്യക്തികളെ മരിച്ചുപോയ ജീവിക്കുന്നഇതിഹാസങ്ങളായും, ചരിത്രത്തെ അമാനുഷിക കഴിവുകളാൽ തിരുത്തിക്കുറിച്ചവരായും മറ്റും മനസ്സിലാക്കുന്നു. ആവിധം ഇവരെ കാണുമ്പോൾ, ഈ ആളുകൾ യഥാർത്ഥത്തിൽ ജീവിച്ചിരുന്ന അവസരത്തിൽ അവരെ ഏതുവിധമായായാണ് അവരുടെ സമകാലീനർ വീക്ഷിച്ചിരുന്നത് എന്നും, അവർ യഥാർത്ഥത്തിൽ നേരിട്ട ജീവിത പ്രശ്നങ്ങൾ ഏതുവിധമുള്ളവയായിരുന്നു എന്നും വളരെ ആഴംകുറഞ്ഞ രീതിയിൽ ഈവിധ മാധ്യമങ്ങളിൽനിന്നും ആളുകൾ മനസ്സിലാക്കും.
രാമായണത്തിലെ രാമൻ സ്വന്തം വീടും നാടും വിട്ട്, ഭാര്യയോടും അനുജനോടും ഒത്ത്, യാതോരു ബന്ധവുമില്ലാത്ത നാടുകളിലൂടെ അലഞ്ഞുനടന്നാൽ, ഒരു ഫ്യൂഡൽ ഭാഷാ പ്രദേശത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളെ യാതോരു രീതിയിലും മനസ്സിൽ ചേർക്കാതെ, ഇന്ന് ഒരു ദിവ്യശക്തിയുള്ള അമാനുഷികൻ, കുറേ പ്രാകൃതരുടെ ഇടയിലൂടെ സഞ്ചരിക്കുന്ന രീതിയിൽ മനസ്സിലാക്കാനാവും. നിത്യവൃത്തിക്കുള്ള ധനം, ഭക്ഷണം, ഭക്ഷണം പാചകം ചെയ്യാനുള്ള തീയും അടുപ്പും, വൃത്തിയുള്ള വസ്ത്രം, കുളിയും ശൌച്യവും, സുരക്ഷിതമായ വാസസ്ഥലം, കൂടെയുള്ള കൌമാരപ്രായക്കാരിയായ ഭാര്യയ്ക്ക് ആവശ്യമായ സ്വകാര്യതയും സുരക്ഷയും, ആൾ ബലമില്ലാതെ നടക്കുന്ന ആളുടെ കൂടെയുള്ള സ്ത്രീയെ ലൈംഗികോദ്ധേശത്തോടുകൂടി കൈവെക്കാൻ പലരിലും ഉദിക്കുന്ന ആഗ്രഹം, തുടങ്ങിയവ ഒരു ഭാഗത്ത്.
ഇതിനെല്ലാം ഉപരിയായി, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ പൊതുവായി കാണുന്ന കുരുട്ടുബുദ്ധിയും, ബലഹീനനെ ചതിയിൽപ്പെടുത്താനായി ഉള്ള വ്യഗ്രതയും, കൂർത്ത മുള്ളുകൾ ഒളിഞ്ഞിരിക്കുന്നതും എന്നാൽ വൻ വശീകരണശക്തിയുള്ളതുമായ മൃദുമന്ദഹാസങ്ങളും. മാത്രവുമല്ല, ഈ രീതിയിൽ വൻ സൌന്ദര്യമുള്ള ഒരു കൌമാരിക്കാരിയേയുംകൊണ്ട് ചുറ്റിനടക്കുന്ന ഭർത്താവിൽനിന്നും ആ പെൺകിടാവിനെ തട്ടിയെടുക്കാനോ, അതുമല്ലെങ്കിൽ കാമാദാഹശമനത്തിനായി വല്ലപ്പോഴുമെല്ലാം ഉപയോഗപ്പെടുത്താനോ ഉള്ള പലവിധ ചർച്ചകളും ഗൂഡാലോചനകളും നടത്തുന്നതിൽ യാതോരു തെറ്റും കാണാത്ത പണ്ഡിത ജനവും മറ്റും ഈ വിധ സിനിമകളിലും മറ്റും തെളിഞ്ഞുവന്നേക്കില്ല.
ആളും കോലവും വെറങ്ങലിച്ചുപോകും, ഈ വിധം വൻ കുടുംബ ബന്ധങ്ങളുമായുള്ള കണ്ണികൾ പ്രകടിപ്പിക്കാതെ ഈ ഉപഭൂഖണ്ഡത്തിൽ അലഞ്ഞുനടന്നാൽ.
ഇതിനെല്ലാം ഉപരിയായി, കാനനവാസത്തിന്റെ യാഥാർത്ഥ്യം. മാംസദാഹികളായ കാട്ടുമൃഗങ്ങൾ നിറഞ്ഞുനിൽക്കുന്ന പ്രദേശം എന്നതു മാത്രമല്ല പ്രശ്നം. ഭക്ഷണവും പ്രശ്നം തന്നെയാണ്. കാട്ടിലെ കായ്കനികൾ ഭക്ഷിച്ച് ജീവിക്കാം എന്നെല്ലാം യാതോരു വിവരവും ഇല്ലാതെ പറയാമെങ്കിലും, ഈ എഴുത്തുകാരൻ പണ്ടൊരിക്കൽ ഏതാണ്ട് രണ്ട് ദിവസത്തോളം കൊടുംവനത്തിൽ പെട്ടഅവസരത്തിൽ, അവിടെങ്ങും ആ വിധമുള്ള കായ്കനികൾ കണ്ടില്ലാ എന്നതാണ് വാസ്തവം. ആകെ കിട്ടിയത് ഒരുതരം അതികൈപ്പുള്ള കട്ടികൂടിയതും, ശോചിച്ച രൂപത്തിലുള്ളതുമായ നെല്ലിക്കമാത്രമാണ്. മാത്രവുമല്ല, പലദിക്കിലും ചുറ്റും വളരെ ഉയരങ്ങളിലേക്ക് വളർന്നുനിൽക്കുന്ന പുൽചെടികളെ രണ്ട് കൈകൾകൊണ്ട് ഉന്തിപ്പിടിച്ചുകൊണ്ട് (തള്ളിപ്പിടിച്ചുകൊണ്ട്) മാത്രമേ നേരെനിൽക്കാനും ആയുള്ളു.
നിസ്സാരമായതും, വെറും സൂക്ഷമായതുമായ രംഗങ്ങൾ സിനിമാസ്ക്രീനിൽ വൻ വലുപ്പത്തിലും, വളരെ കൃത്യമായ വൻശബ്ദാലങ്കാരത്തോടുകൂടി ശബ്ദരേഖ റെക്കോഡ് ചെയ്തും സിനിമയിലെ വൻ സുപ്പർതാരങ്ങൾ അഭിനയിച്ചും, കാണുന്ന അവസരത്തിൽ കാണികളിൽ യാഥാർത്ഥ്യ ബോധം നഷ്ടമാകും എന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ലതന്നെ.
ഓട്ടോ റിക്ഷാ ഡ്രൈവർ പോലീസ് കമ്മിഷണറോട് കേരളത്തിലെ ഒരു നിരത്തിൽ വച്ച് അധികാര പരിധകിളെ ഓർമ്മപ്പെടുത്തിക്കൊണ്ട് പറയുകയാണ്: 'അത് (പോലീസ് വകുപ്പ്) നിങ്ങളുടെ ഡിപ്പാർട്ട്മെന്റ്! ഇത് (ഓട്ടോറിക്ഷ) എന്റെ ഡിപ്പാർട്ട്മെന്റ്!!'
സിനിമയിൽ പറയുന്നത് മലയാളത്തിലെ സുപ്പർതാരമാണ്. ആളുകളിൽ വൻ രോമാഞ്ചം ആഞ്ഞടിച്ചുകയറും എന്നുള്ളതിന് സംശയമില്ലതന്നെ. ഈ വിധം പല കപട ദൃശ്യങ്ങളും അഭിനയിച്ച് കയ്യടിവാങ്ങിച്ച ആളാണ് സുപ്പർതാരം.
ഇത്രയും വിശാലമായി ഈ വിധകാര്യങ്ങൾ ഇവിടെ എഴുതിച്ചേർത്തത്, ശ്രീ നാരായണ ഗുരുവിനെ തിരുവിതാംകൂറിലെ ഒരു കീഴ്ജനത്തിൽ പെട്ടവ്യക്തിയായി മനസ്സിലാക്കിക്കൊണ്ട് വീക്ഷിക്കാനാണ്. മുകളിൽ സൂചിപ്പിച്ച ഓട്ടോറിക്ഷാക്കാരൻ വൻ ഐപിഎസ് ഓഫിസറുടെ ബന്ധുവാണ്, Civil Service പരീക്ഷ എഴുതി ജയിച്ച്, ഇന്റർവ്യൂ കാത്തുനിൽക്കുന്ന ആളാണ്, എന്നെല്ലാം പറഞ്ഞ് അറിയിച്ചതിന് ശേഷമാണ്, ഐപിഎസ്സുകാരനല്ലാത്ത പോലീസ് കമ്മിഷനറോട് മുകളിൽ സൂചിപ്പിച്ച ഡയലൊഗ് അടിച്ചുകാച്ചിയത് എന്ന മാതിരിയാണ്, ശ്രീ നാരായണ ഗുരുവിനെ പലവട്ടവും പരിചയപ്പെടുത്തിക്കാണുന്നത്.
എന്നാൽ യഥാർത്ഥത്തിൽ ആ ഓട്ടോ ഡ്രൈവർക്ക് ഈ വിധകാര്യങ്ങളുമായി യാതോരു ബന്ധവും ഇല്ലതന്നെ.
ഗുരുവാണ്, മഹാ വേദ പണ്ഡിതനാണ്, സൌഹൃദങ്ങൾ മിക്കവയും ബ്രാഹ്മണരോടാണ്, ഹഠയോഗം അറിവുള്ളവ്യക്തിയാണ് എന്നൊക്കെയുള്ള പരിചയപ്പെടുത്തലുകൾ വൻ വ്യക്തിത്വവും സാമൂഹിക ശക്തിയും മറ്റും നൽകുന്ന കാര്യങ്ങൾതന്നെ.
എന്നാൽ ശ്രീ നാരായണ ഗുരുവിനെ ഈ വിധം അളന്നാൽ, ഈ വ്യക്തിയുടെ യഥാർത്ഥ മനോധൈര്യം മനസ്സിലാക്കാൻ ആവില്ലതന്നെ.
വെറുതെയൊന്ന് ആലോചിക്കുക. ഒരു ഓട്ടോ ഡ്രൈവർ. നല്ല ഇങ്ഗ്ളിഷ് പരിജ്ഞാനം ഉള്ളവ്യക്തി. നാട്ടിലെ ഒരു പോലീസ് സ്റ്റേഷനിൽ കയറിച്ചെല്ലുന്നു. ഇൻസ്പെക്ടറെ കാണമെന്ന് പറയുന്നു. നേരിട്ട് വ്യക്തിപരമായി പറയാനുള്ള കാര്യമാണ്. ഇൻസ്പെക്ടറുടെ മുറിയിൽ കയറിച്ചെല്ലുന്നു. May I sit down? എന്ന് ചോദിക്കുന്നു. ചോദ്യംകേട്ട്, ഇൻസ്പെക്ടർ ഇരിക്കാൻ പറയുന്നു. പിന്നീട് മലയാളത്തിൽ സംഭഷണം നടത്തുന്നു. ഇൻസ്പെക്ടറെ നിങ്ങൾ എന്നുതന്നെ സംബോധന ചെയ്യുന്നു. ആളുടെ വ്യക്തിത്വം കണ്ടും മനസ്സിലാക്കിയും ഇൻസ്പെക്ടർ സമചിത്തതയോടുകൂടി സംഭാഷണം തുടരുന്നു. എടാ, നീ, എഴുന്നേക്കെടാ തുടങ്ങിയ വാക്കുകൾ തിരിച്ച് ഉപയോഗിക്കുന്നില്ല.
ഈ വിധം ഉള്ള ഒരു സാധാരണക്കാരൻ ആണ് യഥാർത്ഥ വൻ കഴിവുകൾ ഉള്ള വ്യക്തി. ഈ ആളിൽ ഇങ്ഗ്ളിഷ് എന്ന ഒരു സംഗതിയില്ലാതെ ഈ വിധ വ്യക്തിത്വം പ്രദർശിപ്പിച്ചാൽ, അതിന് പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ മാത്രമേ അടിത്തറ ഉണ്ടാവുള്ളു. പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ ഈ ഓട്ടോ ഡ്രൈവർ ചെയ്തത് വൻ അപരാധം തന്നെയാണ്. വിദ്യാർത്ഥി അദ്ധ്യാപകനെ നിങ്ങൾ എന്ന് സംബോധന ചെയ്തതു പോലുള്ള ഹീന പ്രവർത്തിതന്നെയാവും.
എന്നാൽ ഓട്ടോഡ്രൈവറും പോലീസ് ഇൻസ്പെക്ടറും നല്ല ഇങ്ഗ്ളിഷ് പരിജ്ഞാനം ഉള്ളവ്യക്തികൾ ആവുകയും, അവർ സംഭാഷണം ഇങ്ഗ്ളിഷിൽ ആണ് നടത്തിയതും എങ്കിൽ മാത്രമേ, മുകളിൽ സൂചിപ്പിച്ചസംഭാഷണത്തിന് ഒരു യാഥാർത്ഥ്യബോധം വരികയുള്ളു. അങ്ങിനെയല്ലായെങ്കിൽ, മിക്കവാറും, എന്തെടാ നായെ, എന്നോ മറ്റോ പോലുള്ള അട്ടഹാസം ഇൻസ്പെക്ടർ പുറപ്പെടുവിക്കാനുള്ള സാധ്യത ഇല്ലാതില്ല.
ഈ മുകളിൽ സൂചിപ്പിച്ചതിനോട് തൊട്ടുസാമ്യമുള്ള ഒരു അനുഭവം, വളരെ പണ്ടൊരിക്കൽ, ദൂരത്തുള്ള ഒരു പ്രദേശത്തിൽ തെരുവിൽ യാതോരു വ്യക്തിബന്ധ ബലശക്തിയും ഇല്ലാതെ നടന്നു ജീവിക്കുന്ന അവസരത്തിൽ ഈ എഴുത്തുകാരന്, ലഭിച്ചിരുന്നു. ഇങ്ഗ്ളിഷ് ഭാഷാ സംഭാഷണത്തിന്റെ മഹനീയതയും, ഏതൊരാൾക്കും വാനോളം ഉയരാനുള്ള വ്യക്തിപ്രഭാവം നൽക്കാനുള്ള ആ ഭാഷയുടെ കഴിവും അനുഭവിച്ചറിഞ്ഞ സംഭവം തന്നയായിരുന്നു അത്. ആ സംഭവം ഈ എഴുത്തിൽ എപ്പോഴെങ്കിലും ചേർക്കാനാവുമോ എന്ന് അറിയില്ല.
നാണുവെന്നു പേരുള്ള ഒരു ഓട്ടോ ഡ്രൈവർ ഈ വിധം ഒരു ചെയ്തി കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ ചെന്ന് നടത്തിയാൽ, അസഭ്യവചനങ്ങളും അടിയും ഇടിയും കിട്ടാതെ വരണമെങ്കിൽ വൻ സന്നാഹങ്ങൾ മുൻകൂട്ടികരുതിയിരിക്കേണം. നാണുവാണെങ്കിൽ കാര്യമായ തെറ്റൊന്നും ചെയ്തിട്ടുമില്ലതന്നെ.
നാണുവെന്ന് പേരുള്ള ഒരു കീഴ്ജാതിക്കാരനാണ്, കൊടും പ്രാകൃത ശിക്ഷാവിധികൾ നിലവിലുള്ള ഒരു രാജ്യത്തിൽനിന്നുകൊണ്ട് സാമൂഹിക കീഴ്വഴക്കങ്ങൾ മലക്കംമറിച്ചത്. സാമൂഹികാധിപന്മാർ ഈ ചെറുപ്പക്കാരനോട്, What right have you to do this? എന്ന് ചോദിച്ചു എന്ന് ഇങ്ഗ്ളിഷിൽ എഴുതിയാൽ സംഗതിയുടെ യഥാർത്ഥകിടപ്പ് മനസ്സിലാകില്ല.
കാരണം, ഇത് ചെയ്യാൻ അങ്ങേക്ക് എന്താണ് അവകാശം? എന്നോ, ഇത് ചെയ്യാൻ നിങ്ങൾക്ക് എന്താണ് അവകാശം? എന്നോ ഇത് ചെയ്യാൻ നിനക്ക് എന്താണ് അവകാശം? എന്നോ ഉള്ള മൂന്ന് വ്യത്യസ്ത സംഭാഷണരീതികൾ തന്നെ പ്രാദേശിക ചെകുത്താൻ ഭാഷയിൽ ഉണ്ട് എന്നുള്ളതാണ് വാസ്തവം.
ഇതിൽ ഏതാണ്, തുടിയുംകൊട്ടിക്കൊണ്ടു നിൽക്കുന്ന നാണുവിനോട് ഉപയോഗിച്ച സംഭാഷണഭാവം എന്ന് പറയാതെ ചരിത്രപഠനം മുന്നോട്ട് പോകില്ലതന്നെ.
മറക്കരുത്, തിരുവിതാംകൂറിലെ കീഴ്ജനത്തിന് വൻ സംരക്ഷണം ഉറപ്പുവരുത്തും എന്നതിന് മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണം പ്രതിജ്ഞാബദ്ധമാണ്. തിരുവിതാംകൂറിൽ British Resident സന്നിഹിതനാണ്. ഇങ്ഗ്ളിഷ് ഭരണം സംരക്ഷണം പിൻവലിച്ചാൽ, ചീട്ടുകളി കാർഡുകൾ കൊണ്ട് ശിൽപം ചെയ്ത കൊട്ടാരത്തിന്റെ അടിയിലെചീട്ടു വലിച്ചുകളഞ്ഞാലുള്ള അവസ്ഥയാവും തിരുവിതാംകൂറിന്.
സാമൂഹികാധിപന്മാർക്ക് എന്തും അങ്ങ് ചോദിച്ചുകളയാം എന്ന കാലം പൂർണ്ണമായും മാറിയിട്ടുണ്ട് അന്ന്, എന്ന് പറയാനാവില്ല. കീഴ്ജനം എന്ത് തെമ്മാടിത്തരം ചെയ്താലും, അത് ഇങ്ഗ്ളിഷിൽ പറഞ്ഞാലും തെമ്മാടിത്തരംതന്നെ ആയിരിക്കേണം; അങ്ങിനെയല്ലാത്ത തെമ്മാടിത്തരം, തെമ്മാടിത്തരം അല്ലാ എന്ന് ഇങ്ഗ്ളിഷ് ഭരണത്തിന് തിരുവിതാംകൂറിൽ നിയമം നടപ്പിലാക്കാൻ ആവില്ല. കാരണം, തിരുവിതാംകൂർ British-Indiaയുടെ ഭാഗമല്ലതന്നെ.
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ