ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 9. സമൂഹത്തിൽ ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
4 - 59. സംസ്കൃത സാഹിത്യം വായിക്കുന്നതിലൂടെ സാമൂഹിക മുകൾത്തട്ടിലെ തടവറയിൽ എത്തിപ്പെടുന്നതിനെക്കുറിച്ച്
ശ്രീ നാരായണ ഗുരുവിനെ സാമൂഹിക പരിഷ്ക്കർത്താവായി വിലയിരുത്താം. അദ്ദേഹത്തിന്റെ മറ്റ് കഴിവുകളും കഴിവില്ലായ്മകളും ഇവിടെ പരിഗണിക്കുന്നത്, ഈ ദൃഷ്ടികോണിൽനിന്നുംമാത്രമാണ്.
ഇദ്ദേഹത്തെ പുകഴ്ത്തിയെഴുതുന്നവർ കണ്ണടച്ചിരുട്ടാക്കുന്ന കാര്യങ്ങളും തെറ്റായി അവതരിപ്പിക്കുന്ന മറ്റ് ചിലകാര്യങ്ങളും ഉണ്ട്. കണ്ടില്ലാ എന്ന് നടിക്കുന്ന കാര്യം ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണത്തെയാണ്. തിരുവിതാംകൂറിൽ ജാതീയമായി നിലനിന്നിരുന്ന കാര്യങ്ങൾക്ക് ബൃട്ടിഷ്-ഇന്ത്യയിൽ നിയമ സാധുതയില്ലതന്നെ. എന്നിട്ടുപോലും, ബൃട്ടിഷ്-ഇന്ത്യയിൽ സാമൂഹികമായി പലവിധ നീചത്വങ്ങളും നിലവിൽ നിലനിന്നുപോന്നിരുന്നു. ഇവയെ നിയമം മാറിയതുകൊണ്ടു മാത്രം മാറ്റിയെടുക്കാൻ പറ്റാത്തതിന്റെ കാരണം, സമൂഹം അതിഗംഭീര രാക്ഷസീയതയുള്ള ഭാഷാകോഡുകളിൽ ആണ് തറച്ചുവെക്കപ്പെട്ടിരിക്കുന്നത് എന്നതാണ്.
കീഴ്ജാതിക്കാരനെ വെറുതെയങ്ങ് മേൽജാതിക്കാരനാക്കിയാൽ, സമൂഹത്തിൽ നിലവിലുള്ള ഈ രാക്ഷസീയത ഇല്ലാതവില്ല. മറിച്ച്, ആ രാക്ഷസീയതയ്ക്ക് കൂടുൽ ശക്തിമാത്രമാണ് വരിക. ബൃട്ടിഷ്-ഇന്ത്യയിൽ ഇങ്ഗ്ളിഷ് ഭാഷ നിലവിൽ വന്ന ഇടങ്ങളിൽ മാത്രമാണ് ഈ രാക്ഷസീയതയ്ക്ക് സ്വമേധയാ ശക്തിക്ഷയം വന്നത്.
ഗുരുവിനെക്കുറിച്ചുള്ള എഴുത്തുകളിൽ പലതിലും കാണുന്ന തെറ്റായുള്ള ഒരു വിവരം ഉണ്ട്. അത് തിരുവിതാംകൂർ ബൃട്ടിഷ്-ഇന്ത്യയുടെ ഭാഗമായിരുന്നു എന്ന സൂചനയാണ്. ഈ കാര്യം ഒരു അവകാശവാദമായോ വാദഗതിയായോ അല്ല ഉപയോഗിക്കുന്നത്. മറിച്ച് ഒരു നിത്യസത്യം എന്ന രീതിയിലാണ് എഴുതിക്കാണുന്നത്.
ഈ രീതിയുള്ള തെറ്റായുളള ഒരു വിവരം ഏവരുടേയും മനസ്സിൽ അവർപോലും അറിയാതെ കയറ്റിവിടാൻ ഇന്നുള്ള പല ഔദ്യോഗിക പ്രസ്ഥാനങ്ങളും ശ്രമിച്ചുവിജയിച്ചിട്ടുണ്ട്.
ഇതിന് പ്രചോദനം നൽകുന്ന ചില രാഷ്ട്രീയ കാരണങ്ങൾ ഉണ്ട് എങ്കിലും, ഈഴവ പ്രസ്ഥാനത്തിന് ഈ വിധം ഒരു അവകാശം നൽകാൻ സ്വന്തമായുള്ള ചില ആവശ്യകതകൾ പിന്നിലുണ്ട് തന്നെ. അതിനെക്കുറിച്ച് അൽപം കഴിഞ്ഞ് സൂചിപ്പിക്കാം.
ചെറുപ്പക്കാരനായ നാണു (നാരായണ ഗുരു) ഇന്ത്യയിൽ പലയിടത്തും സഞ്ചരിച്ചു എന്ന രീതിയിൽ ആണ് എഴുത്തുകളിൽ ചിലതിൽ കാണുന്നത്. യഥാർത്ഥത്തിൽ തിരുവിതാംകൂർ രാജ്യത്തിന് പുറത്തായുള്ള, ബൃട്ടിഷ്-ഇന്ത്യയിലാണ് സഞ്ചരിച്ചത്. ഈ സൂക്ഷമായ വിവരം അന്ന് ഒരു യാഥാർത്ഥ്യമായിരുന്നു. ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും അന്ന് ബൃട്ടിഷ്-ഇന്ത്യയെ ഇന്ത്യയെന്നാണ് പലയിടത്തും പറയാറ് എന്നത് വസ്തവം തന്നെ. ബൃട്ടണിൽനിന്നും വളരെ വിദൂരത്തുള്ള ഒരു പ്രദേശത്തെ പരാമർശിക്കുന്ന ഇടത്തെല്ലാം അവരുടെ സ്വന്തം രാഷ്ട്രത്തിന്റെ പേര് ചേർത്തുപറയുന്നതിൽ ഒരു ഔചിത്യക്കുറവ് അവർക്ക് തോന്നിക്കാണാം.
എന്നിരുന്നാലും, തിരുവിതാംകൂറിൽ പ്രസിദ്ധീകരിച്ച Travancore State Manualൽ തിരുവിതാംകൂറിന് തൊട്ടപ്പുറത്തുള്ള ബൃട്ടിഷ്-ഇന്ത്യയെ, ബൃട്ടിഷ്-ഇന്ത്യ എന്നുതന്നെയായാണ് പരാമർശിക്കുന്നത്.
ഉദാഹരണത്തിന് ഈ ഉദ്ദരണിനോക്കുക:
QUOTE: The road, already described, cuts the mountain saddle at its lowest point, and connects it to British India. END OF QUOTE തിരുവിതാംകൂറിലെ ഒരു റോഡിന്റെ കാര്യമാണ് ഈ ഉദ്ദരണിയിൽ സൂചിപ്പിക്കുന്നത്. ആ റോഡ് ബൃട്ടിഷ്-ഇന്ത്യയുമായി ബന്ധപ്പെടുന്ന ദിക്കിനെക്കുറിച്ചാണ് ഈ വാക്യത്തിൽ പറയുന്നത്.
ഇതേപോലതന്നെ Native Life in Travancoreലും, British Indiaയെ വ്യക്തമായും മറ്റൊരു രാഷ്ട്രമായിത്തന്നെയാണ് സൂചിപ്പിച്ചുകാണുന്നത്.
ഇന്ന് ഈഴവ പ്രസ്ഥാനം British Indiaയെ ഇന്ത്യയെന്ന് സൂചിപ്പിക്കുമ്പോൾ, കാര്യമായ തെറ്റിദ്ധാരണ കരുതിക്കൂട്ടിച്ചേരുന്നുണ്ട്. ഇന്നുള്ള ഇന്ത്യയുടെ സ്വാർത്ഥതാൽപ്പര്യങ്ങൾ ചരിത്ര രേഖകളിൽ കലർപ്പുവരുത്തതാണ് ഈ വിധ പ്രസ്താവനകൾ.
ഇങ്ഗ്ളിഷ് ഭരണം ദക്ഷിണേഷ്യയിൽ നിന്നും സ്വമേധയാ പിന്മാറിയതോടുകൂടി, അവിടെ ഉടനടി പിറന്ന രണ്ട് രാഷ്ട്രങ്ങളിൽ ഒന്ന് ഇന്ത്യയെന്ന പേരു സ്വീകരിച്ചതാണ് ഈ വിധ അബദ്ധധാരണകൾ പരത്താൻ സൌകര്യപ്പെടുത്തിയ അസത്യാവസ്ഥ.
ഇന്ന് ഈ പ്രശ്നം വിക്കീപ്പീഡിയയിലും, ഔപചാരിക ചരിത്ര എഴുത്തുകളിലും മറ്റും നിറഞ്ഞുനിൽക്കുന്നുണ്ട് താനും. ഇതുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങൾ പറയാനുണ്ട്. അത് പിന്നീടാവാം എന്ന് കരുതുന്നു.
ശ്രീ നാരായണ ഗുരുവിന്റെ പ്രവർത്തനങ്ങളുടെ സൂക്ഷ്മമായ യാതോരു വിവരും ഈ എഴുത്തുകാരന്റെ പക്കൽ ഇല്ലതന്നെ. എന്നാൽ, ഈ എഴുത്ത് ആവക കാര്യങ്ങളുടെ പൊതുവായുള്ള വിവരങ്ങളിലേക്കാണ് പോകുന്നത്. ഇദ്ദേഹം പലയിടത്തും ഹൈന്ദവ ദൈവ പ്രതിഷ്ഠ നടത്തിയെന്നും അവിടങ്ങളിൽ അമ്പലങ്ങൾ പണിതു എന്നും മനസ്സിലാക്കുന്നു.
ഈഴവർ ഹൈന്ദവമതത്തിലേക്ക് ചേർന്നാൽ, ഈതേകൂട്ടർ കീഴ്ജന ക്രിസ്തീയമതത്തിൽ ചേർന്നത് പോലെയാകില്ലതന്നെ. കീഴ്ജന കൃസ്തീയ മതം സ്ഥാപിച്ചത് ഇങ്ഗ്ളണ്ടിൽനിന്നും വന്ന മിഷിനറിമാരാണ്. ഇങ്ഗ്ളിഷ് ഭാഷയുടെ സാമൂഹിക സമത്വ (egalitarian) ആശയങ്ങളുടെ സ്വാധീനവും ഗുണവും ഈ കൂട്ടർക്ക് കുറച്ചെങ്കിലും ലഭിച്ചേക്കാം. ഇങ്ഗ്ളിഷ് ഭാഷക്കാർ ആ ക്രിസ്ത്യൻ പ്രസ്ഥാനത്തിൽ വൻ വെടിപ്പും സൌകര്യങ്ങളുമറ്റുമുള്ള ചിട്ടകളും വൻമിനുസമുളള അനുസരണചട്ടങ്ങളും കെട്ടിടനിർമ്മണ ആശയങ്ങളും മറ്റും പകരുകയും ചെയ്യും. മാത്രവുമല്ല, മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണത്തിന് മേൽ മിഷിനറിമാർക്ക് പലവിധ സമ്മർദ്ദങ്ങളും ചലത്താനും ആവും.
അതേ സമയം ഈഴവർ ഹൈന്ദവ പ്രസ്ഥാനങ്ങളിലേക്ക് ഇടിച്ചുകേറിയപ്പോൾ, ബ്രാഹ്മണർക്കും, അവരുടെ കൂടെയുള്ള അമ്പലവാസികൾക്കും, നായർമാർക്കും അസ്വാസ്ഥ്യമാണ് വന്നിട്ടുണ്ടാവുക.
കീഴ്ജനം ക്രിസ്തീയരായത് സുറിയാനി ക്രിസ്ത്യാനകൾക്കും മറ്റ് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികൾക്കും ഇഷ്ടപ്പെട്ടകാര്യമായിരുന്നില്ലായെങ്കിലും, കീഴ്ജന ക്രിസ്ത്യാനിറ്റി സ്വന്തമായുള്ള പള്ളികൾ പണിതിരുന്നു. അതിനാൽ തന്നെ ഒരു ഏറ്റുമുട്ടൽ ഒഴിവായി. അതേ പോലെ ഈഴവരും അവർക്ക് സ്വന്തമായുള്ള അമ്പലങ്ങൾ പണിതു എന്നു പറയാം എന്ന് തോന്നുന്നു.
അമ്പലങ്ങൾ പണിതതുകൊണ്ടോ, ഹൈന്ദവ ദൈവ പ്രതിഷ്ഠനടത്തിയത് കൊണ്ടോ സാമൂഹികമായി ഒരു ജനത വളരുമോ?
കാലാകലങ്ങളായി ഈ ഉപദ്വീപിൽ നിലനിന്നിരുന്ന രാക്ഷസീയാവസ്ഥ ഇവിടുള്ള ഫ്യൂഡൽ ഭാഷകൾ തന്നെയാണ്. അവയുടെ പിടിയിൽ നിന്നും ശ്രീ നാരായണ ഗുരു പോലും രക്ഷപ്പെട്ടിരുന്നു എന്ന് തോന്നുന്നില്ല.
രഘുവംശം, മേഘസന്ദേശം, ശാകുന്തളം തുടങ്ങിയ കാളിദാസ കൃതികൾ ഇദ്ദേഹം വായിച്ചിരുന്നു എന്ന് അറിയുന്നു. സംസ്കൃതവാക്കുകൾ സ്വായത്തമാക്കിയാൽ മലയാളം ഭാഷ ഉപയോഗിക്കുന്നതിൽ കാര്യമായ ഗുണമേന്മവരും എന്നാണ് മനസ്സിലാക്കുന്നത്. പടിപടിയായുള്ള സാമൂഹികാന്തരീക്ഷത്തിനുള്ളിലെ പലവിധ വിടവുകളിലും തുളകളിലും വിള്ളലുകളിലും സ്ഥാനങ്ങളിലും ഒതുങ്ങിയും കുടുങ്ങിയും ജീവിക്കുന്നവർക്ക് വാക്കുകളുടെ സൌന്ദര്യവും അവ നൽകുന്ന മാനസിക ആകാശ യാത്രയും മറ്റും വൻ മാനസികോന്മേഷം നൽകും എന്നുള്ളത് സത്യംതന്നെയാവാം.
എന്നിരുന്നാലും ഈ വക ഫ്യൂഡൽ ഭാഷകൾ ആ വ്യക്തികളെ അദൃശ്യമായ കാൽചങ്ങലകളാലും കൈവിലങ്ങുകളാലും ബന്ധിപ്പിച്ചുതന്നെ ഇരിക്കും എന്നുള്ള യാഥാർത്ഥ്യം നിലനിൽക്കുക തന്നെ ചെയ്യും. തടവറയിൽ പെട്ടുകിടക്കുന്നവന് ഏറ്റവും ഗംഭീരമായ സ്വാതന്ത്ര്യം ലഭിക്കുന്നത് ഉറങ്ങിക്കിടക്കുന്ന അവസരത്തിൽ ലഭിക്കുന്ന സ്വപ്നാനുഭവമാണ് എന്ന് ഈ അടുത്തകാലത്ത് ഒരു തരംതാണ ഇങ്ഗ്ളിഷ് നോവലിൽ വായിച്ചതായി ഓർക്കുന്നു.
ഫ്യൂഡൽ ഭാഷകളുടെ അള്ളിപ്പിടുത്തത്തിൽ പെട്ടുകിടക്കുന്നവനിൽ വൻ മതിഭ്രമവും മായാദൃശ്യങ്ങളും വ്യാമോഹംമാനത്ത് ഇറങ്ങിനടക്കുന്ന അനുഭവവും മറ്റും നൽകാൻ കഴിവുള്ളവയാവാം കാളിദാസന്റെ രഘുവംശം, മേഘസന്ദേശം, ശാകുന്തളം തുടങ്ങിയ കൃതികൾ എന്നുതോന്നുന്നു. കാരണം വായനക്കാരന് മഹാരാജ ഭാവവും അനശ്വര പ്രേമത്തിന്റെ അനുഭൂതിയും വിരഹത്തിന്റെ തേൻനിറഞ്ഞുനിൽക്കുന്ന വേദനയും വീരശൂരയോദ്ധാവിന്റെ പരാക്രമണാസക്തിയും കൈയെത്താദൂരത്തുള്ള സ്ത്രീസൌന്ദര്യത്തിന്റെ നിത്യനിഗൂഢതകളും പലവിധ വാസ്തല്യങ്ങളും ആരാധനയും, വനപ്രദേശങ്ങളിലെ കാറ്റും മഴയും പുഴകളും തടാകങ്ങളും തേനരുവികളും പർണ്ണകുടീരങ്ങളും ഹംസങ്ങളും ഹംസഗീതങ്ങളും, മല്ലികാർജ്ജുനക്ഷേത്രവും അളകന്ദയുടെ തീരവും മഞ്ഞുരുകിയൊഴുകുന്ന ഹിമഗിരിശൈലങ്ങളും, പുഞ്ചിരിതൂകുന്ന നക്ഷത്രങ്ങളും നക്ഷത്രകിന്നരന്മാരും ഗന്ധർവ്വനഗരങ്ങളും, രഹസ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന രജനികളും, അമൃതവും പ്രസാദവും, മഞ്ഞനിറത്തിലുള്ള പുഷ്യരാഗവും മറ്റ് നവരത്നങ്ങളും അങ്ങിനെ പലതും ബഹുവർണ്ണത്തിൽ തെളിഞ്ഞുമിന്നിമായുന്ന സ്വപ്നലോകം തന്നെയാണ് സംസ്കൃതവാക്കുകൾ സാമൂഹികമായും വ്യക്തിപരമായും ബന്ധനത്തിൽപെട്ടുകിടക്കുന്നവന്റെ മനസ്സിൽ തുറന്നുവിടുന്നത്.
കാളിദാസന്റെ സംസ്കൃതപാണ്ഡിത്യത്തേയോ രചനാവൈഭവത്തേയോ ഇവിടെ ചോദ്യം ചെയ്യുന്നില്ലതന്നെ. എന്നാൽ, ഷെയ്ക്ക്സ്പിയറിന്റെ (Shakespeareന്റെ) നാടകങ്ങൾ വായിക്കുന്നതുപോലെയാവാം കാളിദാസന്റെ കൃതികൾ വായിച്ചാലുളവാകുന്ന സാമൂഹിക ബോധം എന്ന് തോന്നുന്നു. ഷെയ്ക്ക്സ്പിയറിന്റെ നാടകങ്ങൾ പ്രതിനിധീകരിക്കുന്നത് pristine-Englishൽ നിറഞ്ഞു തുളുമ്പുന്ന egalitarian ആശയങ്ങളോ ഇങ്ഗ്ളണ്ടിലെ സാധാരണക്കാരുടെ ജീവിതമോ അല്ലാ എന്നാണ് തോന്നുന്നത്. മറിച്ച് മിക്കവയും ഭൂഖണ്ഡയൂറോപ്യൻ കഥകളോ രാജവംശ കഥകളോ ആണ് എന്ന് തോന്നുന്നു.
ഇവ വായിക്കുന്നത് ഇങ്ഗ്ളിഷ് ക്ളാസിക്ക്സ് വായിക്കുന്നതുമായി തുലനം ചെയ്യാനാവില്ലതന്നെ. ഇവ വായിച്ചാൽ, ഇങ്ഗ്ളിഷിൽ ഉറഞ്ഞുതുള്ളി നിൽക്കുന്ന അതിഗംഭീരമായ സാമൂഹിക സമത്വാധിഷ്ടിത ആശയങ്ങളെ കണ്ടെത്താനായേക്കില്ലതന്നെ.
ചെറുപ്രായക്കാരനായ നാണു ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യമല്ല പഠിക്കാൻ മുതിർന്നത്, മറിച്ച് കാലാകാലങ്ങളായി സാമൂഹിക ഉച്ചനീചത്വങ്ങളുടെ മുകൾതട്ടിൽ തടവിൽ പെട്ടിട്ടുകിടക്കുന്നവരുടെ ഭാഷാ സാഹിത്യത്തിലെ ആശയങ്ങളാണ് ആവഹിച്ചെടുക്കാൻ പോയത്. ഇതുവഴിപോയവർ എല്ലാംതന്നെ സാമൂഹിക മുകൾത്തട്ടിലെ അതേ തടവറയിൽ ചെന്നുപെടുകയാണ് ചെയ്യുക എന്നുതോന്നുന്നു.
ശ്രീ നാരായണ ഗുരുവും ബ്രാഹ്മണത്വത്തിൽ എത്തിച്ചേരുകാണ് ചെയ്തത് എന്ന് തോന്നുന്നു. ഇതിൽ നല്ലതായപലതും ഉണ്ട് എന്നും പറയാം എന്നുതോന്നുന്നു. എന്നാൽ കൂടുതൽ കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അടുത്ത എഴുത്തിൽ ആവാം എന്ന് കരുതുന്നു.
1. കീഴ്ജനത്തിന്‍റെ ജീവിത വേവലാതികൾ
2. കീഴ്ജനത്തിനെ ഉയർത്തിയാലുള്ള അസ്വാസ്ഥ്യവും
3. കീഴ്ജനത്തിന് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ
4. ഉയർന്ന നിലവാരമുള്ള വ്യക്തികളെ തേടി
5. British-Indiaയിൽ, അങ്ങിനെയാണ് ഇങ്ങിനെയാണ്
6. തമ്മിൽത്തമ്മിൽ എതിരായി നിൽക്കുന്ന ജനങ്ങൾ
9. ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്‍റെ പര്യായങ്ങൾ
10. ഉദ്യോഗസ്ഥരുടെ കൈയിൽ പെട്ടാൽ പെട്ടതുതന്നെ
11. വ്യക്തിത്വവും ഓജസും നൽകാൻ ഇങ്ഗ്ളിഷിന്
12. പുതിയ ക്രിസ്തീയർക്കുള്ളിലെ ജാതീയമായ ചിന്തകൾ
13. തോളിൽകയറി വിലസുന്ന യൂറോപ്യന്മാർ
14. ഉച്ചനീചത്വങ്ങൾ തലതിരിഞ്ഞ് വന്നാൽ
15. ആരാധനാ സമ്പ്രധായത്തിന് ആകർഷകത്വം
16. തിരുവിതാംകൂറിലെ ഹൈന്ദവ പാരമ്പര്യങ്ങൾ
17. ഹൈന്ദവാചാരങ്ങളുടെ ഒരു ചെറുപട്ടിക
18. അതീന്ത്രിയ സോഫ്ട്വേറും ബ്രാഹ്മണ പാരമ്പര്യങ്ങളും
19. ശകുനങ്ങളുടെ അതീന്ത്ര്യ സോഫ്ട്വേർ വേദി
20. ഈണവും സ്വരമാധുര്യവും അല്ല വ്യക്തിത്വത്തെ
21. തിരുവിതാംകൂറിന് ഇങ്ഗ്ളിഷ് കമ്പനിയുടുള്ള
22. വൻ കൂലിയും കൈക്കൂലിയും സമാഹരിക്കുന്നവർ
23. പ്രാകൃതപ്രദേശങ്ങളെ സംയോജിപ്പിച്ചത്
24. സംരക്ഷണം നൽകൽ - സംരക്ഷണം നേടൽ
25. കീഴ്ജനം വളരുന്നതോടൊപ്പം മറ്റൊരു വൻ പ്രശ്നം
26. തെക്കൻ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രിസ്തീയ
27. വളർന്നുവരുന്ന കീഴ്ജനത്തിനെ മാറ്റിപ്പാർപ്പിക്കാൻ
28. Malabar Manualലും, ചരിത്രത്തിൽ ഇന്ത്യയെ
29. ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ കൃത്യതയും
30. കേരളമാഹാത്മ്യവും കേരളോൽപ്പതിയും
31. മലബാറിലെ മലയാളവും സൃഷ്ടിക്കപ്പെട്ട മലയാളവും
32. 'മലയാളവും' പഠിപ്പില്ലാത്ത മലബാറികളും
33. Malabar Manualൽ കൃത്രിമങ്ങൾ
35. ഓർമ്മയിൽനിന്നും ഒഴിച്ചുമാറ്റപ്പെടുന്ന ഒരുവിവരം
36. കയറൂരിവിട്ടാൽ
37. വളർന്നുവന്നവർക്കുള്ള ധാർമ്മികബാദ്ധ്യത
38. ഒരു വ്യത്യസ്ത തൊഴിൽ സംസ്ക്കാരം
39. നമ്മൾ നമ്മളല്ല, മറിച്ച് നമ്മൾ നിങ്ങളാണ്!
40. ഭാഷയുടെ സ്വഭാവവും ത്വക്കിൻ നിറവും
41. കൂട്ടിപ്പറയുകയും, മറച്ചുവെക്കുകയും
42. ഒരു താരതമ്യം
43. വാചകകസർത്തിലൂടെ സാമ്രാജ്യം കൈക്കലാക്കാൻ
45. നിർവ്വചിക്കുന്നതിന്‍റെ പരിധികളും പരിധിക്കപ്പുറവും
46. തിരുവിതാംകൂറിൽ സാമൂഹിക വിപ്ളവങ്ങൾ
47. ചെറിയ ആൾ വൻ കാര്യം ചെയ്യാൻ ഒരുമ്പെട്ടാൽ
48. സ്മാർട്ട്ഡിവൈസ് നൈപുണ്യവും പരിഷ്ക്കരണവും
49. ഇങ്ഗ്ളിഷിലും തെമ്മാടിത്തരംതന്നെ